ചുണ്ടിന് മുകളിലായി കുത്തിനിർത്തിയ ചെറിയ തണ്ടിൽ നിന്നാടുന്ന പാവകൾ. അവയെ അതിസൂക്ഷ്മതയോടടെ ചലിപ്പിച്ചു കഥ പറയുന്ന പെൺകുട്ടിയും. നോക്കുവിദ്യ പാവക്കളിയെന്ന കലാരൂപം പഠിച്ചെടുത്ത് അരങ്ങിലെത്തിക്കുന്ന ഒരേയൊരാൾ, രഞ്ജനി എന്ന ഡിഗ്രി വിദ്യാർത്ഥിനി. രഞ്ജിനിയെയും ഈ കലാരൂപത്തെയും ലോകത്തിനു മുന്നിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് തൃപ്പൂണിത്തുറ സ്വദേശിയായ രശ്മി രാധാകൃഷ്ണൻ. ഫ്രീലാൻസ് ജേണലിസ്റ്റായ രശ്മി തന്റെ ജോലിയുടെ ഭാഗമായാണ് രഞ്ജിനിയെയും അമ്മൂമ്മ മൂഴിക്കൽ പങ്കജാക്ഷിയെയും പരിചയപ്പെടുന്നത്. 37 മിനിറ്റും 7 സെക്കൻഡുമുള്ള ഡോക്യുമെന്ററിയാണ് രശ്മി തയ്യാറാക്കിയിരിക്കുന്നത്.

രശ്മിയുടെ സുഹൃത്തുക്കളായ പ്രവീൺ ഏലായിയും സന്ദീപ് നന്ദകുമാറുമാണ് ഡോക്യുമെന്ററിയുടെ കാമറയും എഡിറ്റിങ്ങും നിർവഹിച്ചത്. 2019 -ൽ ആരംഭിച്ച ഡോക്യുമെന്റേഷൻ 2020 മാർച്ചിലാണ് പൂർത്തിയായത്. നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിച്ച് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നോക്കുവിദ്യയുടെ ആദ്യ സ്ക്രീനിങ് കഴിഞ്ഞ ദിവസം ഇടപ്പള്ളി കേരള മ്യൂസിയത്തിൽ നടത്തി. രഞ്ജിനിയുടെ നോക്കുവിദ്യ പാവക്കളിക്ക് കൂടുതൽ പ്രചാരം ലഭിക്കാൻ ഡോക്യുമെന്ററി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് രശ്മി.

നോക്കുവിദ്യയ്ക്ക് അരങ്ങ് തീർക്കാൻ

വെറുമൊരു കലയായി പറഞ്ഞുപോകുന്നതിന് പകരം അതിന്റെ സാമൂഹ്യ - സാംസ്കാരിക - കലാപരമായ മൂല്യങ്ങൾ കൂടി ജനങ്ങളിലേക്ക് എത്തണം. ഒരു സമുദായത്തിന്റേതായിരുന്ന കല, അത് രൂപപ്പെട്ട സാമൂഹിക പശ്ചാത്തലം എല്ലാം പഠിക്കേണ്ടതിനാൽ അക്കാദമിക് ആവശ്യത്തിന് ഉപകരിക്കുന്ന രീതിയിലാണ് ഡോക്യുമെന്ററി. ഫോക്ലോർ അക്കാദമി അംഗവും ഗവേഷകയുമായ ഡോ. ഗീതദേവി, ഇരിങ്ങാലക്കുട നടനകൈരളി ഭാരവാഹികളായ വേണുജി, നിർമ്മല പണിക്കർ, കപില വേണു എന്നിവർ പഠനവിധേയമാക്കിയ വിഷയങ്ങളും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോക്ലോർ അക്കാദമിയുടെ സ്കോളർഷിപ്പിൽ പോലും നോക്കുവിദ്യയെ ഉൾപ്പെടുത്തിയിട്ടില്ല.

പങ്കജാക്ഷിയമ്മയും കൊച്ചുമകളും

നോക്കുവിദ്യാ പാവകളിയെ തനിമയോടെ നിലനിർത്തുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തതിന് അംഗീകാരമായി 2019-ൽ മൂഴിക്കൽ പങ്കജാക്ഷിയമ്മയ്ക്ക് പത്മശ്രീ പുരസ്കാരം നല്കിയിരുന്നു. 70 വർഷത്തിലേറെയായി നോക്കുവിദ്യ പാവക്കളി അവതരിപ്പിക്കുന്ന വ്യക്തിയാണ് കോട്ടയം മോനിപ്പള്ളി സ്വദേശിയാണ് പങ്കജാക്ഷിയമ്മ. പ്രായാധിക്യവും ഓർമ്മകുറവും അലട്ടിയതോടെ നോക്കുവിദ്യ പങ്കജാക്ഷിയമ്മയ്ക്ക് വഴങ്ങാതായി. അമ്മൂമ്മ പഠിപ്പിച്ച് കൊടുത്ത നോക്കുവിദ്യയുടെ ബാലപാഠങ്ങൾ സ്വന്തമായി പരിശീലിച്ച് അരങ്ങിൽ വിസ്മയം തീർക്കുന്നത് ഇപ്പോൾ രഞ്ജനിയാണ്. എട്ടുവയസ് മുതലാണ് രഞ്ജിനി നോക്കുവിദ്യ പഠിച്ചുതുടങ്ങിയത്. കലാരൂപത്തിന്റെ നിൽനിൽപ്പിനായി മറ്റുള്ളവരെ പഠിപ്പിച്ച് കൊടുക്കാൻ രഞ്ജിനി തയ്യാറാണെങ്കിലും ഇതുവരെയും ആരും സമീപിച്ചിട്ടില്ല. നോക്കുവിദ്യയെ കൂടുതൽപേരിലേക്ക് എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് രഞ്ജിനി.

Reshmi
രശ്മി

നോക്കുവിദ്യ പാവക്കളി

മൂക്കിനും മേൽചുണ്ടിനും ഇടയിലുള്ള ഭാഗത്ത് ചെറിയൊരു തണ്ടിൽ ചെറുപാവകളെ ചലിപ്പിച്ച് കഥപറയുന്ന രീതിയാണ് നോക്കുവിദ്യ പാവക്കളി. തോൽപാവക്കളി പരിചിതമാണെങ്കിലും നോക്കുവിദ്യ അന്യംനിന്നുകൊണ്ടിരിക്കുകയാണ്. രണ്ടടി നീളമുള്ള കമ്പിന്മേലാണ് പാവകളെ ഉറപ്പിച്ച് നിർത്തുന്നത്. എന്നിട്ട് അത് മേൽച്ചുണ്ടിൽ ബാലൻസ് ചെയ്യും, പാവകളെ ബന്ധിപ്പിച്ചിരിക്കുന്ന ചരട് പാട്ടിന്റെ താളത്തിനും കഥയ്ക്കും അനുസരിച്ച് കൈകൾ കൊണ്ട് മെല്ലെ ചലിപ്പിക്കും. പാലയുടെ തടിയിലാണ് പാവകളെ കൊത്തിയെടുത്തിരിക്കുന്നത്. മഹാഭാരത, രാമായണ കഥകളാണ് കൂടുതലായി അവതരിപ്പിക്കുന്നത്. ഇതിനായി ചിട്ടപ്പെടുത്തിയിട്ടുള്ള പാട്ടുകളിലൂടെയാണ് കഥ അവതരിപ്പിക്കുന്നത്. വേലപണിക്കർ എന്ന സമുദായത്തിന്റെ പാരമ്പര്യ കലാരൂപമാണ് നോക്കുവിദ്യ. ഓണത്തിന്റെ നാളുകളിൽ അവതരിപ്പിച്ചിരുന്നതിനാൽ ഓണംതുള്ളൽ എന്നായിരുന്നു നോക്കുവിദ്യയുടെ ആദ്യപേര്.

Content Highlights:Nokkuvidya Pavakali Preserve grandmother and niece,the life of Padma ShriMoozhikkal Pankajakshi