മുക്ക്  ഏവര്‍ക്കും പരിചിതയായ  ഒരു വ്യക്തികൂടി വീണ്ടും കേരളത്തിന്റെ പൊതു നിരത്തില്‍, പരിചിതനും വിശ്വസ്തനെന്നു ധരിച്ചിരുന്നവനുമായ ഒരുവനില്‍ നിന്ന് ഉപദ്രവിക്കപ്പെട്ടു എന്ന വാര്‍ത്തയിലേയ്ക്കാണ് കഴിഞ്ഞ ദിവസം നാം പലരും ഉണര്‍ന്നത്.

ഇന്ത്യയിലെ അധികം പെണ്‍കുട്ടികളും കടന്നുപോകുന്നതില്‍ നിന്നും വ്യത്യസ്തമായ അവസ്ഥയിലൂടെയല്ല ഈ പെണ്‍കുട്ടിയും കടന്നുപോയത്. അപകടം നേരിട്ട യുവതി പ്രശസ്തയായത് പ്രസ്തുത സംഭവത്തിനു കൂടുതല്‍ വാര്‍ത്താപ്രാധാന്യം ലഭിക്കാനിടയാക്കിയെന്നുമാത്രം. നമ്മുടെ നാട്ടില്‍ സമാന സാഹചര്യത്തില്‍ നടക്കുന്ന, റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന ഇത്തരം പീഡനങ്ങളോ പീഡനശ്രമങ്ങളോ അനവധിയാണ്.

ജോലിയുടെയും, പഠനത്തിന്റെയും, മറ്റു വ്യക്തിപരമായ അടിയന്തിര ആവശ്യങ്ങളുടെയും ഭാഗമായി പലപ്പോഴും രാത്രികാലങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകളില്‍ ഇങ്ങനെയുള്ള പീഡനശ്രമങ്ങള്‍ കൂടുതല്‍ ഭയമുളവാക്കുന്നു. പ്രധാനമായും സ്ത്രീകള്‍ യാത്രകളില്‍ ആക്രമിക്കപ്പെടുന്നത് പീഡനശ്രമത്തിന്റെ ഭാഗമായോ പണത്തിനു വേണ്ടിയോ ആകാം.

ഈ അവസരത്തില്‍ രാത്രിയില്‍ യാത്രചെയ്യണ്ടി വരുന്ന സ്ത്രീകള്‍ അതാവശ്യം എടുക്കേണ്ട ചില മുന്‍കരുതലുകളെക്കുറിച്ച് നമ്മള്‍ ബോധവതികളാവേണ്ടത് അനിവാര്യമായിരിക്കുന്നു: 

 • ബസ് പോലെയുള്ള പൊതു ഗതാഗത സൗകര്യങ്ങള്‍ തിരഞ്ഞടുക്കുമ്പോള്‍ കഴിയുന്നതും ഡ്രൈവറിനു തൊട്ടു പുറകിലെ സീറ്റിലോ പുറത്തേക്ക് ഇറങ്ങുന്ന വാതിലിനടുത്ത സീറ്റിലോ ഇരിക്കാന്‍ ശ്രദ്ധിക്കുക. സ്ലീപ്പര്‍ ബസുകളില്‍ നേരെത്തെ ടിക്കറ്റ് ബുക്ക് ചെയ്താണ് യാത്ര എങ്കില്‍ രണ്ട് സീറ്റുകളുള്ള ഇരിപ്പിടം തിരഞ്ഞെടുക്കാതെ മൂന്നു പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സീറ്റുകള്‍ ബുക്ക് ചെയ്യുക. ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ അപ്പര്‍ ബെര്‍ത്തുകള്‍ തിരഞ്ഞെടുക്കുക.
 • യാത്ര തുടങ്ങുന്നതിനു മുന്‍പ് നിര്‍ബന്ധമായതും ചെയ്യേണ്ടത്: ഏറ്റവും അടുപ്പമുള്ളവരോട് യാത്ര തുടങ്ങുന്ന സ്ഥലവും, ഒപ്പം ആരെങ്കിലും യാത്ര ചെയ്യുണ്ടെങ്കില്‍ അവരെക്കുറിച്ചും, വീട്ടിലെത്താന്‍ വേണ്ടിവരുന്ന ഏകദേശ സമയവും ഫോണില്‍ വിളിച്ചറിയിക്കുക. പ്രസ്തുത സംഭാഷണം ഡ്രൈവര്‍ കൂടി കേള്‍ക്കത്തക്ക ഉറക്കെ പറയാന്‍ ശ്രദ്ധിക്കുക. ഇവിടെ നമ്മെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ പറയാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സംസാരിക്കുന്നത് മാതാപിതാക്കളോടോ, ഭര്‍ത്താവിനോടോ ആണെന്ന വിധത്തില്‍ വേണം സംസാരിക്കാന്‍.
 • കഴിയുന്നതും യൂബര്‍ പോലെയുള്ള കമ്പനികളെ യാത്ര ചെയ്യാന്‍ തിരഞ്ഞെടുക്കുക. യൂബര്‍ ആണെങ്കില്‍ പോലും സാധ്യമെങ്കില്‍ നിങ്ങള്‍ക്കു പരിചയമുളള ഒരാളോട് നിങ്ങളെ യാത്രയയക്കാന്‍ എത്താനും ഡ്രൈവറുടെയും സഞ്ചരിക്കുന്ന വാഹനത്തിന്റെയും വിവരങ്ങള്‍ ശേഖരിക്കാനും ആവശ്യപ്പെടുക. യാത്ര തുടങ്ങുമ്പോള്‍ തന്നെ വാഹത്തിന്റെ നമ്പര്‍ അടക്കമുള്ള കാര്യങ്ങള്‍ ഫോട്ടോയെടുത്ത് സ്മാര്‍ട്ട് ഫോണില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് അയക്കുകയോ, ഫോണില്‍ വിളിച്ചു പ്രിയപ്പെട്ടവരെ അറിയിക്കുകയോ ആകാം.
 • തിരുവനന്തപുരത്തൊക്കെ നിര്‍ഭയ ഓട്ടോറിക്ഷകളും, സിറ്റിയില്‍ തിരുവന്തപുരം സിറ്റി മൊബൈല്‍ ആപ്പും ഉണ്ട്. അത്തരം സേവനങ്ങള്‍ കഴിയുന്നതും പ്രയോജനപ്പെടുത്തുക. (താമസിയാതെ ഇത്തരം സേവനം കേരളം മുഴുവന്‍ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു).
 • യാത്രയിലുടനീളം ജാഗരൂകരായിരിക്കുക. വാട്‌സാപ്പും ഫെയ്‌സ്ബുക്കുമൊക്കെ ആ സമയം ഒഴിവാക്കാം. ഇനിയിപ്പോള്‍ പരിചയമല്ലാത്ത വഴികളിലൂടെ ഡ്രൈവര്‍ വാഹനമോടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അപ്പോള്‍ത്തന്നെ അയാളെ പ്രകോപിപ്പിക്കാതെ അതെന്തിനാണ് എന്ന് ചോദിക്കുകയും ഉടനെ തന്നെ ഫോണില്‍ വിളിച്ചു അത് ബന്ധുക്കളോട് പറയുകയുമാവാം. ചില സൃഹുത്തുക്കള്‍ യാത്രയിലുടനീളം ബന്ധുക്കളോട് സംസാരിക്കുന്നതായി അഭിനയിക്കാറ് പോലുമുണ്ട്. അപ്പോള്‍ യാത്രാ മാര്‍ഗ്ഗത്തില്‍  ഉണ്ടാകുന്ന ഒരു ചെറിയ വ്യതിയാനം പോലും അവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതായി ഡ്രൈവര്‍ മനസ്സിലാക്കും. മൂന്നാമതൊരാള്‍ കൂടി തങ്ങളെ ശ്രദ്ധിക്കുന്നുവെന്നത് എന്തെങ്കിലും തരത്തില്‍ ഒരു ക്രിമിനല്‍ മനോഭാവം മനസ്സില്‍ സൂക്ഷിക്കുന്നവരെ ഒന്ന് ഭയപ്പെടുത്തും. ഇനി പരിചയമില്ലാത്ത വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ കൈവശമുണ്ടെങ്കില്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ വഴി ശരി തന്നെയാണെന്ന്  ഉറപ്പു വരുത്തുക. അതില്ലാത്തവര്‍ മേല്‍പറഞ്ഞത് പോലെ ആരോടെങ്കിലും ഫോണിലൂടെ   മുന്നോട്ടുള്ള വഴികളെപ്പറ്റി ചോദിച്ചു മനസിലാക്കുക.
 • യാത്രയില്‍ ഫുള്‍ ചാര്‍ജ്ജുള്ള ഒരു മൊബൈല്‍ കൈയില്‍ കരുതാം. യാത്രക്കിടയില്‍ മൊബൈലിന്റെ ചാര്‍ജ് തീരുന്നത് ഒരു പ്രശ്‌നമായി പലരും പറയാറുണ്ട്. ഇന്ന് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യമാണ്. യാത്ര ആവശ്യങ്ങള്‍ കണക്കിലെടുത്ത്  അത്തരം ഒരു മൊബൈലോ ഒരു എക്‌സ്ട്രാ ബാറ്ററിയോ കൈയില്‍ കരുതാം. അല്ലാത്ത പക്ഷം യാത്ര തുടങ്ങും മുന്‍പ് കൈവശമുള്ള മൊബൈലില്‍ ആവശ്യത്തിന് ചാര്‍ജ്ജുണ്ടെന്ന് ഉറപ്പു വരുത്തുക. മൊബൈല്‍ ചാര്‍ജ് തീരാനിടയാക്കുന്ന വിധത്തിലുള്ള സോഷ്യല്‍ മീഡിയ ഉപയോഗങ്ങള്‍ ആ സമയത്ത് ഒഴിവാക്കുക.
 • വഴിയില്‍ അനാവശ്യമായി വാഹനം നിറുത്താനോ, പരിചയമില്ലാത്ത ഒരാളെ വാഹനത്തില്‍ കയറ്റാനോ യാതൊരു കാരണവശാലും സമ്മതിക്കരുത്.
 • അധികാരികളുടെ സഹായം തേടുക: സ്പീഡ് ഡയലില്‍ പോലീസ് കണ്ട്രോള്‍ റൂം നമ്പറായ 100, വനിതാ ഹെല്‍പ് ലൈന്‍ നമ്പരുകളായ 1090 / 1091  എന്നിവ നിര്‍ബന്ധമായും സൂക്ഷിക്കുക. സ്ത്രീകള്‍ പ്രധാനമായും ഫോണില്‍ സൂക്ഷിക്കേണ്ട ഇതര ഫോണ്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്. http://www.keralawomen.gov.in/index.php/helpline. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇവ മൊബൈലില്‍ സേവ് ചെയ്തു സൂക്ഷിക്കുക. എന്തെങ്കിലും തരത്തിലുള്ള ഒരു അപകടസൂചന ലഭിച്ചാല്‍ യാതൊരു മടിയും കൂടാതെ ഫോണ്‍ ചെയുക.
 • എനിക്ക് പരിചയമുള്ള ഒരു അഭിഭാഷക യാത്രയില്‍ സ്ഥിരം ചെയുന്ന ഒരു കാര്യമുണ്ട്. അവര്‍ രാത്രിയില്‍ ഏതെങ്കിലും ആവശ്യത്തിന് യാത്ര ചെയ്യേണ്ടിവരുമ്പോള്‍ അടുത്തുള്ള പോലീസ് സ്റ്റേഷന്റെ നമ്പര്‍ ഗൂഗിള്‍ ചെയ്ത്, യാത്ര തുടങ്ങും മുന്‍പ് ആ സ്റ്റേഷനില്‍ വിളിച്ചു തന്നെ പരിചയപ്പെടുത്തി, സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പരും ഡ്രൈവറുടെ പേരും സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ള പോലീസിനോട് പറയും. ഒപ്പം ആ ഓഫീസറെക്കൊണ്ട് ഡ്രൈവറോട് സംസാരിപ്പിക്കുകയും ചെയ്യും. എന്റെ സുഹൃത്ത് സ്വന്തം അനുഭവത്തില്‍ നിന്ന് പറയുന്നത് ഇത്തരം എല്ലാ യാത്രകളിലും പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് അഭിനന്ദനാര്‍ഹമായ സഹകരണമാണ് ഉണ്ടാവാറാണ് എന്നാണ്. പലപ്പോഴും  വീട്ടിലെത്തിയതിനു ശേഷം സ്റ്റേഷനില്‍ നിന്ന്  ഇവര്‍ സുരക്ഷിതരായി വീട്ടില്‍ എത്തിയോ എന്ന അന്വേഷണവും ഉണ്ടാകാറുണ്ട്. രാത്രിയില്‍ യാത്ര ചെയുമ്പോള്‍ ഈ മാര്‍ഗ്ഗവും സ്ത്രീകള്‍ക്ക് സ്വീകരിക്കാവുന്നതാണ്. 
 • പണവും ആഭരണങ്ങളും പ്രദര്‍ശിപ്പിച്ചുള്ള യാത്ര ഒഴിവാക്കാം: യാത്രകളില്‍ അധികം ആഭരണങ്ങള്‍ ധരിക്കുന്നതും, മറ്റുളളവര്‍ക് കാണുന്ന തരത്തില്‍ പണം കൈകാര്യം ചെയ്യുന്നതും ഒഴിവാക്കുക. പേഴ്‌സില്‍ ആവശ്യത്തിനു മാത്രം പണം സൂക്ഷിക്കുക. പുതിയ വസ്ത്രങ്ങള്‍ വാങ്ങുകയോ തയ്പ്പിക്കുകയോ ചെയ്യുമ്പോള്‍ യാത്രാ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് പുറത്തേക്കു കാണാത്തതും സുരക്ഷിതവുമായ പോക്കറ്റുകള്‍ കൂടി തുന്നി ചേര്‍ക്കാം. അത്യാവശ്യമുളള കാശു മാത്രം പേഴ്‌സില്‍ വെച്ച് ബാക്കി ഇത്തരം പോക്കറ്റില്‍ സൂക്ഷിക്കാം.
 • കഴിയുന്നതും പെണ്‍കുട്ടികള്‍ ഡ്രൈവിംഗ് പഠിക്കുകയും സ്വന്തം ആവശ്യങ്ങള്‍ക്ക് സ്വയം ഡ്രൈവ് ചെയ്യാന്‍ തയ്യാറാവുകയും ചെയ്യണം. ഇനി മറ്റൊരാളെ ഡ്രൈവര്‍ ആയി വെയ്ക്കുകയാണെങ്കില്‍ കഴിയുന്നതും വിശ്വസ്തനായ ഒരാളെ നിയമിക്കുക. അയാളെ നിയമിക്കും മുന്‍പ് ആവശ്യമായ ബാക് ഗ്രൗണ്ട് ചെക്കുകള്‍ നടത്തുക. വിദേശങ്ങളിലൊക്കെ ഏതാണ്ട് എല്ലാ ജോലികള്‍ക്കും അപേക്ഷകന്റെ ക്രിമിനല്‍ റെക്കോര്‍ഡ്‌സ് ചെക്ക് ചെയ്യുക എന്നത് ഒരു നിര്‍ബന്ധിത നടപടിക്രമമാണ്. നമ്മുടെ നാട്ടില്‍ അതിനിയും നടപ്പില്‍ വരുത്തിയിട്ടില്ലെങ്കിലും, മിനിമം ലോക്കല്‍ സ്റ്റേഷനിലോ അപേക്ഷകനെ പരിചയമുള്ള വ്യക്തികളുടെ അടുത്തോ അന്വേഷിച്ച് ആള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളോ കുഴപ്പക്കാരനോ അല്ലെന്ന് ഉറപ്പു വരുത്തണം. 

ഈ പറഞ്ഞ എല്ലാ സുരക്ഷാ മുന്‍കരുതലുകള്‍ക്കു ഒപ്പം ഏറ്റവും പ്രധാനമായത് യാത്രയില്‍ ആത്മവിശ്വാസമുള്ള മുഖവും, ശരീര ഭാഷയും സൂക്ഷിക്കുക എന്നതാണ്. എന്തു പ്രശ്‌നമുണ്ടായാലും അതിനെ സമചിത്തതയോടെ നേരിടാന്‍ നമ്മുടെ മനസ്സിനെ അത് സജ്ജമാക്കും.

നമുക്കു വേണ്ടപ്പെട്ട ഒരാള്‍ ഒറ്റക്ക് യാത്ര ചെയ്യുന്നുവെന്നറിഞ്ഞാല്‍ നമുക്കു ചെയ്യാന്‍ കഴിയുന്നത്:

1. കൃത്യമായ ഇടവേളകളില്‍ അവര്‍ എവിടെയെത്തി എന്ന് വിളിച്ചു ചോദിക്കുക.

2 . അവര്‍ സഞ്ചരിക്കുന്ന റൂട്ട് മനസ്സിലാകുക. പ്രസ്തുത സഞ്ചാര മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കു വിശ്വാസമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അവരുടെ നമ്പറും കോണ്‍ടാക്ട് ഡീറ്റയില്‍സും എടുത്തു വെയ്ക്കുക. കോട്ടയത്ത് നിന്ന് പാലക്കാട്ടേക്ക് യാത്രചെയ്യുന്ന നിങ്ങളുടെ മകനോ മകള്‍ക്കോ കൊച്ചിയിലോ തൃശൂരോ വെച്ച് പെട്ടെന്ന് യാത്ര തുടരാനാവാത്ത ഒരു അവസ്ഥ വന്നാല്‍ അവിടെ കുട്ടിക്ക് സഹായവുമായി ഒരാള്‍ ഉണ്ടാകും എന്ന് ഉറപ്പു വരുത്താനാണിത്.

ഇതര സംസ്ഥാനത്തു നിന്ന് യാത്ര ചെയ്യുന്ന പെണ്‍കുട്ടികള്‍ സുഹൃത്തോ സഹപാഠിയോ  ആയ ഒരു ആണ്‍കുട്ടിയുടെ കൂടെയാണ് യാത്ര ചെയ്യുന്നത് എന്ന് കേട്ടാല്‍ അതിനെ ചോദ്യം ചെയ്യുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യാതെ അവരുടെ കോണ്‍ടാക്ട് നമ്പറുകള്‍ വാങ്ങി സൂക്ഷിക്കുക. ഒപ്പം കുട്ടിയുടെ മറ്റു സുഹൃത്തുക്കളുടെയും ഫോണ്‍ നമ്പരുകള്‍ കൈവശം വെയ്ക്കുക. ഒരു ആവശ്യഘട്ടത്തില്‍ പലപ്പോഴും മാതാപിതാക്കളെക്കാള്‍ വേഗത്തിലും കാര്യക്ഷമയായും സഹായഹസ്തവുമായെത്താന്‍ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞേക്കും.

സമൂഹത്തിനു ചെയ്യാന്‍ കഴിയുന്നത് :  

തനിക്കു നേരിട്ട അതിക്രമത്തിന് എതിരെ പരാതിപ്പെടാന്‍ തയ്യാറായ ആ പെണ്‍കുട്ടിയെ പോലും വീണ്ടും സാദാചാര പോലീസിങ്ങിനു വിധേയമാക്കുന്ന രീതിയിലുള്ള ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുവെന്നത് ദുഖകരമായ വസ്തുതയാണ്. ഒരു ദുരനുഭവത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന വ്യക്തിക്ക്് സാന്ത്വനമായി നില്‍ക്കാന്‍ ശ്രമിച്ചില്ലെങ്കിലും, അവരെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കുകയെങ്കിലും ചെയ്യേണ്ടതാണ്.

നമ്മുടെ യാത്രകളില്‍ ഒരു പെണ്‍കുട്ടിയെ എന്തെങ്കിലും തരത്തില്‍ അസ്വസ്ഥയായി കണ്ടാല്‍ എന്തിനാണ് ഒരു പ്രശ്‌നം വലിച്ചു തലയില്‍ വെയ്ക്കുന്നത് എന്ന് കരുതി ഇടപെടാതിരിക്കരുത്. 

അതിനാദ്യം ചെയ്യണ്ടത് നിങ്ങളുടെ ഉദ്ദേശശുദ്ധിയും താന്‍ ആരാണെന്ന് പരിചയപ്പെടുത്തുന്നതിനുമായി ആ വ്യക്തിയെ നിങ്ങളുടെ കൈവശമുള്ള ഡ്രൈവിംഗ് ലൈസന്‍സോ മറ്റേതെങ്കിലും കാര്‍ഡോ കാണിച്ച് ആദ്യമേ സ്വയം പരിചയപ്പെടുത്തി അവര്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് തിരക്കാം. ഫോണില്ലാത്ത ഒരാള്‍ക്കാണ് സഹായം വേണ്ടതെങ്കില്‍ ആരെയെങ്കിലും അത്യാവശ്യമായി വിളിക്കാനുണ്ടെങ്കില്‍ നിങ്ങളുടെ ഫോണ്‍ നല്‍കി സഹായിക്കാം. ഇത്തരം കൊച്ചു സഹായങ്ങള്‍ പലപ്പോഴും അസ്വസ്ഥയായ ഒരു വ്യക്തിയുടെ മനസ്സാന്നിധ്യം വീണ്ടെടുക്കാന്‍ സഹായിക്കും. അവര്‍ ആവശ്യപ്പെടുന്ന സഹായങ്ങള്‍ മാത്രം നല്കുകയും അവരുടെ സ്വകാര്യതയെ മാനിക്കുകയും ചെയ്തുകൊണ്ടാകണം നിങ്ങളുടെ സഹായ വാഗ്ദാനം എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തില്‍ നമ്മുടെ സമൂഹം ഒരുക്കാന്‍ നമ്മള്‍ ഒരുമിച്ചു ശ്രമിച്ചേ മതിയാകു.