നൈജീരിയയിലെ പട്ടണമായ ലാഗോസിലെ ഒരു നീരുവയുടെ സമീപത്ത് കുറച്ചു കൗമാരക്കാരികള്‍ തിരക്കിലാണ്. ഗ്ലൗസുകളും മാസ്‌കും അണിഞ്ഞിട്ടുണ്ട് അവര്‍. കൈയില്‍ മാലിന്യം നിറയ്ക്കുന്ന ബാഗുകളുമായി നീരുറവയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അവര്‍ നീക്കുകയാണ്. സാംഗോറ്റേഡോ ജില്ലയെ വെള്ളക്കെട്ടില്‍ നിന്ന് സംരക്ഷിക്കുന്ന തടയിണയിലെ നീരൊഴുക്ക് ഉറപ്പാക്കാനാണ് അവരുടെ ശ്രമം ഒപ്പം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാനും.

അതിനായി ഇങ്ങനെ ശേഖരിച്ച് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൊണ്ട് ഔട്ട്ഫിറ്റുകളുണ്ടാക്കി അവര്‍ ഒരു ഫാഷന്‍ ഷോയും സംഘടിപ്പിച്ചു, 'ട്രഷന്‍ ഷോ'. 'നമ്മള്‍ ഇപ്പോഴേ മുന്‍കൈയെടുക്കണം, വൈകിപ്പോകുന്നതിന് മുമ്പ്'.പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പതിനഞ്ചുകാരി സോഹെ ഒസിഗ്‌ബോ എന്ന കാലാവസ്ഥാപ്രവര്‍ത്തക റോയിറ്റേഴ്‌സിനോട് പറഞ്ഞു. 

ലാഗോസ് ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള പട്ടണമാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അത്രയും കൂടുതല്‍. ഇതിനെതിരെ ബോധവത്ക്കരണം നടത്താനാണ് ഇവരുടെ ഷോ. ഗ്രീന്‍ഫിംഗേഴ്‌സ് വൈല്‍ഡ് ലൈഫ് ഇനിഷ്യേറ്റീവ് എന്ന് സംഘടനയാണ് ഇതിനുള്ള സഹായങ്ങള്‍ ഇവര്‍ക്ക് നല്‍കിയത്. 

ലാഗോസിലെ ഒരു വലിയ ഷോപ്പിങ് മാളിന്റെ കാര്‍പാര്‍ക്കിങ്ങിലാണ് ഇവര്‍ ഈ ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. പലനിറത്തിലുള്ള പ്ലാസ്റ്റിക്ക് ബാഗുകളും, ബോട്ടിലുകളും, അത്തരത്തിലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കൊണ്ടായിരുന്നു ഇവരുടെ ഔട്ട് ഫിറ്റുകളെല്ലാം. ' ഞങ്ങള്‍ വെറും കൗമാരക്കാരാണ്, എങ്കിലും ഞങ്ങള്‍ ശ്രമിക്കുകയാണ് ലോകത്തില്‍ ഒരു മാറ്റം വരുത്താന്‍.' അവര്‍ പറയുന്നു.

Content Highlights: Nigerian teen climate activists create fashion from waste to fight pollution