ഗ്ലാമർ ലോകത്ത് പ്രവർത്തിക്കുന്നവരുടെ ശരീരം പെർഫെക്റ്റ് ആയിരിക്കണമെന്നു കരുതുന്നവരുണ്ട്. വടിവൊത്ത മിനുസമാർന്ന തിളക്കമുള്ള ചർമത്തോടെ ഉള്ളവരായിരിക്കണം താരങ്ങൾ എന്നു കരുതുന്നവർ. എന്നാൽ അവരും മനുഷ്യരാണ്, അവർക്കും സ്ട്രെച്ച് മാർക്കുകളും വണ്ണവുമെല്ലാം ഉണ്ടാകാം. ആളുകളുടെ നിരന്തര വിമർശനവും നിരീക്ഷണവും മൂലം വണ്ണത്തെക്കുറിച്ച് ഓർത്ത് ഭയപ്പെട്ട നാളുകളെക്കുറിച്ചും അതിനായി ആരോ​ഗ്യകരമായ ജീവിതശൈലി വെടിഞ്ഞതിനെക്കുറിച്ചും പറയുകയാണ് ടെലിവിഷൻ താരം നിയ ശർമ. 

അടുത്തിടെ പുറത്തിറക്കിയ സം​ഗീത വീഡിയോക്കു വേണ്ടി ശരീരം തയ്യാറെടുത്തതിനെക്കുറിച്ച് പങ്കുവെക്കുകയായിരുന്നു നിയ ശർമ. സൈസ് സീറോ ലുക്ക് വരിക്കാൻ ഭക്ഷണം പോലും ഉപേക്ഷിച്ച കാലത്തെക്കുറിച്ചാണ് നിയ പങ്കുവെക്കുന്നത്. നൃത്തരം​ഗത്തിനായി നൽകിയ ഔട്ട്ഫിറ്റ് തന്റെ വയറു പ്രദർശിപ്പിക്കുന്നതായിരുന്നു. ക്യാമറയിൽ വയറിന്റെ ഭാ​ഗം ഒട്ടിയിരിക്കാൻ ഭക്ഷണം കഴിക്കുന്നതേ നിർത്തുകയായിരുന്നു. 

വയറു ചാടാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു. ഒരിനം കടലയും തുച്ഛമായ അളവിലുള്ള ഭക്ഷണവുമാണ് ഏഴുദിവസത്തോളം കഴിച്ചത്. റിഹേഴ്സലിനിടെ തലചുറ്റി വീഴുകവരെ ചെയ്തു.  വിശപ്പോടെ കിടന്നുറങ്ങും, വിശപ്പോടെ എഴുന്നേൽക്കും. ജിമ്മിലേക്കും വിശപ്പോടെ പോവും. വൈകാതെ വിശപ്പും നഷ്ടപ്പെടുന്ന അവസ്ഥയായി. ഒപ്പം കഠിനമായി വർക്കൗട്ടും ചെയ്യുകയായിരുന്നു. ആളുകൾക്ക് വീഡിയോ ഇഷ്ടമാകില്ലേ തന്നെ സ്നേ​ഹിക്കില്ലേ എന്നെല്ലാമായിരുന്നു മനസ്സിൽ. രാത്രിയും പകലും നിർത്താതെ ഡാൻസ് റിഹേഴ്സൽ ചെയ്യുകയും ചെയ്തു- നിയ പറയുന്നു. പിന്നീട് ഏറെ സമയമെടുത്താണ് സ്വന്തം ശരീരത്തിലെ കുറവുകളെ സ്നേഹിക്കാൻ പഠിച്ചതെന്നും നിയ പറയുന്നു. 

വിനോദരം​ഗത്ത് പ്രവർത്തിക്കുന്നവർ പെർഫെക്റ്റ് ശരീരത്തിനായി ആകുലപ്പെടുന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിയയുടെ അനുഭവം എന്നാണ് ആരാധകരുടെ കമന്റുകൾ. ഇത്തരം ആശങ്കകൾ മാനസിക സമ്മർദം കൂട്ടുകയും നിയന്ത്രണമില്ലാത്ത ഡയറ്റുകൾ മൂലം ആരോ​ഗ്യത്തെ വിപരീതമായി ബാധിക്കുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ശരീരത്തിനു വേണ്ട പോഷകങ്ങൾ ലഭിക്കാതിരിക്കുന്നത് പ്രതിരോധശേഷിയെ ഉൾപ്പെടെ വിപരീതമായി ബാധിക്കുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

Content Highlights: nia sharma starving herself for flat belly, weight loss