മുലയൂട്ടലിനെ പറ്റി അമ്മയായ മറ്റൊരു സ്ത്രീക്ക് നടി നേഹ ധൂപിയ നല്‍കിയ മറുപടി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. മുലയൂട്ടലിനെ മോശമായ കണ്ണുകൊണ്ട് നോക്കുന്നവര്‍ക്കുള്ള കുറിക്കു കൊള്ളുന്ന മറുപടിയാണ് നേഹ നല്‍കുന്നത്. 

മുലയൂട്ടല്‍ അമ്മയും കുഞ്ഞും തമ്മിലുള്ള സാധാരണ ബന്ധമാണ് എന്ന സന്ദേശം നല്‍കാനായി നേഹ തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഒരു സ്ത്രീ താന്‍ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഇന്സ്റ്റഗ്രാമില്‍ പങ്കുവക്കുകയും എന്നാല്‍ പരിഹാസം മൂലം പിന്‍വലിക്കുകയും ചെയ്തു. നേഹ ആ സ്ത്രീയെ പിന്തുണച്ചുകൊണ്ടാണ് തന്റെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 

' പുതിയ അമ്മ എന്ന യാത്ര അവള്‍ക്ക് മാത്രം മനസ്സിലാകുന്നതാണ്. നമ്മളെപ്പോഴും സന്തോഷകരമായ കാര്യങ്ങള്‍ മാത്രമാണ് കാണുന്നത്, എന്നാല്‍ അതോരു വലിയ ഉത്തരവാദിത്തമാണെന്നോ മാനസികമായി അവള്‍ തളരുന്നതോ ആരും കാണില്ല. ഒരു അമ്മയാകുക എന്നതും എല്ലാകാര്യങ്ങളും ചെയ്യുക എന്നതും വലിയൊരു പ്രതിസന്ധിയാണ്. ഏറ്റവും അവസാനം കിട്ടുന്നത് പരിഹാസവും കുറ്റപ്പെടുത്തലുകളുമാവും. ഞാനും അത്തരം അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്, അതെത്ര ഭീകരമാണെന്ന് എനിക്കറിയാം.' നേഹ കുറിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Neha Dhupia (@nehadhupia)

''തന്റെ കുഞ്ഞിന് എവിടെ വച്ച് എപ്പോള്‍ മുലപ്പാല്‍ നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അമ്മയ്ക്കുണ്ട്. മുലയൂട്ടുന്ന അമ്മയെ കാണുമ്പോള്‍ ലൈംഗികതയുടെ കണ്ണോടെ കാണുന്നവരുണ്ട്. മുലയൂട്ടല്‍ ഒരു സാധാരണകാര്യമാണെന്നും പുതിയ അമ്മമാര്‍ക്കും മാതാപിതാക്കള്‍ക്കും വലിയ പിന്തുണ ആവശ്യമാണെന്നും നമ്മള്‍ തിരിച്ചറിയാം.'' താരം പറയുന്നത് ഇങ്ങനെ.

Content Highlights: Neha Dhupia Shares Empowering Message on Breastfeeding