ബോളിവു‍ഡ് താരം നേഹ ധൂപിയ രണ്ടാമത് അമ്മയാകാനൊരുങ്ങുകയാണ്. രണ്ടുവയസ്സുകാരിയായ മകൾ മെഹറിന് കൂട്ടുവരാൻ പോകുന്ന വിവരം നേഹ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ​ഗർഭകാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ച് പങ്കുവെക്കുകയാണ് നേഹ. രണ്ടാമത്തെ ​ഗർഭകാലം എളുപ്പമുള്ളതാണെന്നാണ് പലരും പറയാറുള്ളതെന്നും തന്റെ കാര്യം അങ്ങനെയല്ലെന്നും പറയുകയാണ് നേഹ. 

രണ്ടാമത്തെ ​ഗർഭകാലം എളുപ്പമുള്ളതായിരിക്കുമെന്നാണ് എല്ലാവരും പറയാറുള്ളത്. പക്ഷേ എന്റെ കാര്യം അങ്ങനെയല്ല. ദിവസവും രാവിലെ ഛർദിയോടെയാണ് എഴുന്നേൽക്കാറുള്ളത്. അതില്ലാതെ എഴുന്നേൽക്കുന്ന ദിവസം എന്തോ പ്രശ്നമുണ്ടെന്നാണ് തോന്നാറുള്ളത്- നേഹ പറയുന്നു. 

​ഗർഭിണിയാണെന്ന് പങ്കുവച്ചതോടെ പല പ്രൊജക്റ്റുകളിൽ നിന്നും മാറ്റി നിർത്തുന്ന അനുഭവമുണ്ടായെന്നും നേഹ പറയുന്നു. ​ഗർഭിണിയായതുകൊണ്ട് വിശ്രമം വേണമെന്നും മാറിനിൽക്കണമെന്നുമൊക്കെയാണ് പലരും പറഞ്ഞത്.  ഇതിന് ഗർഭിണിയാണെന്നു പറഞ്ഞ് ഏതെങ്കിലും പോലീസ് ഉദ്യോ​ഗസ്ഥ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടോ എന്നാണ് നേഹയുടെ ചോദ്യം. 

ഇക്കഴിഞ്ഞ ജൂലൈയിലാണ് നേഹയും ഭർത്താവ് അം​ഗദും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്ന വിവരം പറഞ്ഞത്. നേഹയുടെ ​ഗർഭത്തിന്റെ ആദ്യദിനങ്ങളിൽ തന്നെ അം​ഗദിന് കോവിഡ് ബാധിച്ച വിവരവും ഇരുവരും പറഞ്ഞിരുന്നു. ആ കാലത്തും തന്നെ കൂടുതൽ ആശങ്കപ്പെടാതെ പോസിറ്റീവായിരിക്കാൻ സഹായിച്ചത് അം​ഗദ് തന്നെയാണെന്നാണ് നേഹ പറഞ്ഞത്. 

Content Highlights: Neha Dhupia on second pregnancy