ബാല്യകാലത്ത് നേരിട്ട ലൈം​ഗിക അതിക്രമങ്ങളെക്കുറിച്ച് നിരവധി പേർ തുറന്നുപറഞ്ഞിട്ടുണ്ട്. വീട്ടകങ്ങളിലും സ്കൂളിലുമൊക്കെ നേരിടേണ്ടിവന്ന ലൈം​ഗിക ചുവയുള്ള നോട്ടങ്ങളെക്കുറിച്ചും സ്പർശങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞവരുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം നീന ​ഗുപ്തയും സമാനമായ ഒരനുഭവം പങ്കുവെക്കുകയാണ്. 

കുട്ടിക്കാലത്ത് ഒരു ഡോക്ടറിൽ നിന്നും തയ്യൽക്കാരനിൽ നിന്നുമൊക്കെ താൻ ലൈം​ഗിക അതിക്രമത്തിന് ഇരയായെന്നു പറയുകയാണ് നീന. ഒരിക്കൽ നേത്രവിദ​ഗ്ധനെ കാണാൻ പോയതും അയാൾ അനുചിതമായി സ്പർശിച്ചതിനെക്കുറിച്ചുമാണ് നീനയുടെ തുറന്ന് പറച്ചിൽ.

തന്റെ കണ്ണ് പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർ ശരീരത്തിലെ മറ്റു പല ഭാ​ഗങ്ങളും സ്പർശിക്കാൻ തുടങ്ങിയത്. അത് നടക്കുമ്പോൾ ഭയത്തോടെ അനങ്ങാനാകാതെ നിൽക്കുകയായിരുന്നു താൻ. തിരികെ വീട്ടിലെത്തി ഒരു മൂലയിലിരുന്ന് ആരും കാണാതെ ഏറെനേരം കരഞ്ഞുവെന്നും നീന പറയുന്നു. 

പക്ഷേ അക്കാര്യം അമ്മയോട് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അതു സംഭവിക്കാൻ കാരണം താനാണെന്ന് അമ്മ പറയുമോ എന്നോർത്താണ് അക്കാര്യം മറച്ചുവച്ചത്. താൻ അയാളെ പ്രകോപിപ്പിക്കാൻ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തിട്ടുണ്ടാവുമെന്ന് അമ്മ പറഞ്ഞേക്കുമെന്ന് ഭയന്നു. പലകുറി ഇത്തരത്തിൽ സംഭവിച്ചുവെന്നും നീന പറയുന്നു. 

മറ്റൊരിക്കൽ ഒരു തയ്യൽക്കാരനും തന്നോട് അപമര്യാദയായി പെരുമാറിയെന്ന് നീന പറയുന്നു. അന്ന് അളവ് എടുക്കുന്നതിനിടെയാണ് അയാൾ മോശമായി പെരുമാറിയത്. പിന്നീട് കോളേജിലൊക്കെ എത്തിയപ്പോഴാണ് സുഹൃത്തുക്കളിൽ പലർക്കും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവരും പലകാരണങ്ങളാൽ അവ മറച്ചു വെക്കുകയായിരുന്നു എന്ന് അറിഞ്ഞതെന്നും നീന പറയുന്നു. 

തുറന്നുപറഞ്ഞാൽ ഇപ്പോൾ കിട്ടുന്ന ചെറിയ സ്വാതന്ത്ര്യം പിന്നീട് നിഷേധിക്കപ്പെടുമോ എന്നൊക്കെ ഭയന്നിരുന്നു എന്നും കുട്ടികളിൽ ​ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവയെക്കുറിച്ച് പറഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്നും നീന പറയുന്നു. വീട്ടകങ്ങളിൽ ഇത്തരം കാര്യങ്ങൾ തുറന്നു പറയാനുള്ള ഇടം ഒരുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർക്കൊപ്പം നിൽക്കേണ്ടതിനെക്കുറിച്ചും പങ്കുവെക്കുകയായിരുന്നു നീന ​ഗുപ്ത. 

Content Highlights: Neena Gupta On Being Molested As A Kid By A Doctor & Tailor