നീലമണി എന്‍ രാജു, കര്‍ണാടകയുടെ പുതിയ ഡിജി ഐജിപി. 80,000ത്തോളം വരുന്ന അംഗബലമുള്ള പോലീസ് സേനയുടെ തലപ്പത്തേക്ക് ആദ്യമായി എത്തുന്ന വനിതാ ഓഫീസറാണ് നീലമണി. പക്ഷേ, ആ പദവിയെ അങ്ങനെ വിശേഷിപ്പിക്കാന്‍ നീലമണി തയ്യാറല്ല. അതിനവര്‍ക്ക് വ്യക്തമായ കാരണവുമുണ്ട്.

"പുരുഷനായാലും സ്ത്രീയായാലും സംസ്ഥാനപോലീസ് തലപ്പത്തെത്തുമ്പോള്‍ ഉത്തരവാദിത്തം തുല്യമാണ്. പിന്നെന്തിനാണ് ഒരു വനിതാ ഓഫീസറെന്ന വിശേഷണം. ഞാനെന്നെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല. വനിതയെന്ന കരുതല്‍ ലഭിക്കുന്നതിനെ നിരവധി പേര്‍ ഗുണകരമായി കാണുന്നുണ്ട്. പക്ഷേ, തിരിച്ചൊന്ന് ചിന്തിച്ചുനോക്കൂ. സ്ത്രീയെന്ന പരിഗണനയും പരിമിതിയും മറികടന്ന് നമുക്കെത്താവുന്ന ദൂരങ്ങളിലേക്ക് കുതിക്കാന്‍ ഞാനൊരു സ്ത്രീയാണല്ലോ എന്ന ചിന്ത മാറ്റിവയ്ക്കുന്നത് കൂടുതല്‍ പ്രചോദനമാവില്ലേ?"

ഇങ്ങനെ ചിന്തിക്കാന്‍ നീലമണിക്ക് കഴിയുന്നു എന്നത് തന്നെയാണ് അവരെ വ്യത്യസ്തയാക്കുന്നത്. ഏതൊരു പോലീസ് ഓഫീസറെയും പോലെ ക്രമസമാധാന പാലനത്തിന് തന്നെയാണ് നീലമണി പ്രാധാന്യം നല്കുന്നത്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അവര്‍ ഉറപ്പ് പറയുന്നു. മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം, വരാനിരിക്കുന്ന ടിപ്പു സുല്‍ത്താന്‍ ജന്മദിനാഘോഷം, കുറച്ചു നാളുകള്‍ക്കുള്ളില്‍ നടക്കാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങി പുതിയ ഡിജിപിയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ ഏറെയാണ്. 

രാജ്യത്ത് ആദ്യമായാണ് ഒരു വനിത സംസ്ഥാന പോലീസ് മേധാവിയാവുന്നത്. 1983 ബാച്ച് കര്‍ണാടക കേഡര്‍ ഓഫീസറാണ് ഉത്തരാഖണ്ഡ് റൂര്‍ക്കി സ്വദേശിയായ നീലമണി. 1993 മുതല്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന നീലമണി 2016ല്‍ ആഭ്യന്തര സുരക്ഷാ വിഭാഗം ഡിജിപിയായി കര്‍ണാടകയില്‍ തിരിച്ചെത്തി. ഫയര്‍ ആന്റ് എമര്‍ജന്‍സി സര്‍വീസസ് ഡിജിപിയായും  സംസ്ഥാന ദുരന്തനിവാരണ സേന, ഹോംഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ് എന്നീ വകുപ്പുകളില്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

2020ല്‍ നീലമണി സര്‍വീസില്‍ നിന്ന് വിരമിക്കും.

Content Highlights: Neelamani N Raju, Karnataka, DGP