പാലസ്തീനും ഗാസയുമൊക്കെ നിരന്തരം യുദ്ധവാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥലങ്ങളാണ്. മാത്രമല്ല ഈ പ്രദേശങ്ങളൊന്നും സ്ത്രീസ്വാതന്ത്യത്തിന് അത്ര അനുകൂലമായ ഇടങ്ങളുമല്ല. എന്നാല്‍ പാലസ്തീന്‍ സ്വദേശിനിയും അഞ്ച് മക്കളുടെ അമ്മയുമായ നൈല അബു ജുബ എന്ന സ്ത്രീ ചെറിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഏറ്റവും യാഥാസ്ഥിതികമായ ഗാസ പ്രവിശ്യയിലെ ആദ്യ വനിതാ ടാക്‌സി ഡ്രൈവറാണ് നൈല. 

പാലസ്തീനിയന്‍ പ്രവിശ്യയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വാഹനമോടിക്കാന്‍ അനുവാദമുണ്ടെങ്കിലും ടാക്‌സി സര്‍വീസുകള്‍ പുരുഷന്‍മാര്‍ക്ക് മാത്രമേ ആരംഭിക്കാന്‍ അനുവാദമുള്ളു. അവിടെയാണ് തന്റെ അച്ഛനില്‍ നിന്ന് ലഭിച്ച കാറുമായി നൈല സ്ത്രീകള്‍ക്കുള്ള ടാക്‌സി സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

'ഒരിക്കല്‍ എന്റെ സുഹൃത്തായ ഹെയര്‍ഡ്രെസ്സറായി ജോലിചെയ്യുന്ന സ്ത്രീയോടാണ് ഞാന്‍ ഈ ആശയം പറഞ്ഞത്. സ്ത്രീകള്‍ക്കുവേണ്ടി ഒരു ടാക്‌സി സര്‍വീസ് തുടങ്ങിയാലോ എന്ന്, എനിക്ക് ഭ്രാന്താണെന്നാണ് അവള്‍ പറഞ്ഞത്.' 39- കാരിയായ നൈല എഎഫ്പിയോട് പറയുന്നത് ഇങ്ങനെ. 

നൈലയുടെ പ്രദേശം തീവ്രവാദഗ്രൂപ്പായ ഹമാസിന്റെ കൈയിലാണ്. മാത്രമല്ല കൊറോണവൈറസ് പടര്‍ന്ന് പിടിച്ചതോടെ 50 ശതമാനം ആളുകളും തൊഴിലില്ലായ്മയിലും മറ്റുമാണ്. തീവ്രവാദഗ്രൂപ്പുകള്‍ ശക്തമായതിനാല്‍ ഈജിപ്തിലേക്കും മറ്റുമുള്ള വഴികളും അടച്ചിരിക്കുകയാണ് ഇവിടെ.  

സോഷ്യല്‍ വര്‍ക്കില്‍ ബിരുദം നേടിയിട്ടുണ്ട് നൈല. നേരത്തെ ബുക്കു ചെയ്യുന്നവര്‍ക്കാണ് നൈലയുടെ സേവനം ലഭിക്കുക. അതും സ്ത്രീകള്‍ക്ക്. സ്ത്രീകളെ ഹെയര്‍ഡ്രെസ്സിങ് സലൂണിലും വിവാഹപാര്‍ട്ടികളിലും മറ്റും എത്തിക്കാനുള്ള വിളികളാണ് നൈലക്ക് കൂടുതലും ലഭിക്കുന്നത്. ഒപ്പം ഷോപ്പിങ് പോലുള്ളവയ്ക്കും.

സോഷ്യല്‍ മീഡിയയിലെ നൈലയുടെ അക്കൗണ്ടില്‍ ധാരാളം ഭീക്ഷണികളും ചീത്തവിളികളും വരുന്നുണ്ടെന്നും നൈല പറയുന്നു. 'എങ്കിലും അഭിനന്ദിക്കുന്നവരും കുറവല്ല. പലരും പറയുന്നത് ഇത് ആണുങ്ങളുടെ ജോലിയാണെന്നാണ്, ചിലര്‍ പറയുന്നത് സ്ത്രീകള്‍ വണ്ടിയോടിച്ചാല്‍ അപകടങ്ങള്‍ കൂടുമെന്നാണ്...' എന്നാല്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് സൂക്ഷിച്ചു വണ്ടിയോടിക്കുന്നതെന്നാണ് നൈലയുടെ അഭിപ്രായം.

തന്റെ ബിസിനസ് വിപുലപ്പെടുത്താനും നൈലക്ക് പദ്ധതിയുണ്ട്. നൈലയ്‌ക്കൊപ്പം ഡ്രൈവറായി ജോലി ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പല സ്ത്രീകളും എത്തുന്നുണ്ട്. 

Content Highlights: Naela Abu Jibba a mother-of-five and Gaza's first woman taxi driver