കാലമിത്രയായിട്ടും തിരഞ്ഞെടുപ്പുകളുടെ പേരിൽ സ്ത്രീകളെ കുറ്റപ്പെടുത്തുന്നവർ ഏറെയാണ്. പഠനം, കരിയർ, വിവാഹം തുടങ്ങിയവയിലെല്ലാം തുല്യതയാ​ഗ്രഹിച്ച് സ്വതന്ത്രരായി നടക്കാൻ ആ​ഗ്രഹിക്കുന്ന സ്ത്രീകൾക്ക് വിമർശനങ്ങളും ഉറ്റതോഴരാകും. ഇപ്പോഴും ഇതൊന്നും സ്ത്രീകൾക്കു പറ്റിയ തൊഴിലല്ല എന്ന് വേർതിരിച്ചു സംസാരിക്കുന്നവരുണ്ട്. അത്തരത്തിൽ തന്നെ ചോദ്യം ചെയ്തയാൾക്ക് ചുട്ടമറുപടി നൽകിയ ഒരു സ്ത്രീയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. അമേരിക്കൻ ആഡംബര കപ്പലിനെ ക്യാപ്റ്റനായ കേറ്റ് മക്യൂവാണ് താരമായിരിക്കുന്നത്. 

പത്തൊമ്പതു വർഷത്തെ അനുഭവ പാരമ്പര്യമുള്ള മെ​ഗാ ക്രൂയീസ് ഷിപ്പിലെ അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ വനിതാ ക്യാപ്റ്റനായ കേറ്റ് നേരിട്ട ചോദ്യവും അതിനു നൽകിയ ഉത്തരവുമാണ് വൈറലാകുന്നത്. നിങ്ങൾക്കെങ്ങനെ ഒരു ക്യാപ്റ്റനാകാൻ കഴിയും നിങ്ങൾ ഒരു സ്ത്രീയല്ലേ എന്നായിരുന്നു ചോദ്യം. വ്യാകരണപ്പിശകോടെയാണ് ചോദ്യകർത്താവ് കേറ്റിനോട് ചോദ്യം ഉന്നയിച്ചത്. Your only a woman എന്നതായിരുന്നു ചോദ്യത്തോടൊപ്പം നൽകിയത്. എന്നാൽ ഇതിന് ടിക്ടോക്കിലൂടെ ​ഗംഭീര മറുപടിയാണ് കേറ്റ് നൽകിയത്. 

ലിം​ഗവിവേചനപരമായ കമന്റിന് ഉതകുന്ന മറുപടി നൽകിയതിനൊപ്പം കക്ഷിക്ക് അൽപം വ്യാകരണവും കേറ്റ് പഠിപ്പിച്ചു. കേറ്റിന്റെ വാക്കുകളിലേക്ക്...

സാധാരണ ഞാൻ ഇത്തരം കമന്റുകൾ കണ്ടാൽ ശ്രദ്ധിക്കാതെ പോകാറാണ് പതിവ്. എന്നാൽ ഇതിനെ അഭിസംബോധന ചെയ്യേണ്ട സമയം അതിക്രമിച്ചുവെന്ന് തോന്നുന്നു. കാരണം ഇത് 2020 ആണ്. ഇപ്പോഴും ഒരാൾക്ക് ഈ വ്യത്യാസം മനസ്സിലായിട്ടില്ലെന്നു വേണം കരുതാൻ. യൂ ആർ, യുവർ എന്നീ വാക്കുകൾ തമ്മിലുള്ള വ്യത്യാസം. യൂ ആർ എന്നത് നീയൊരു സെക്സിസ്റ്റാകുന്നു എന്നതുപോലെയാണ് ഉപയോ​ഗിക്കേണ്ടത്. യുവർ എന്നത് ഉടമയെ സംബന്ധിച്ചാകുന്നു, അത് നിങ്ങളുടേതാണ്, നിങ്ങളുടെ അറിവില്ലായ്മ പോലെ. പക്ഷേ സാരമില്ല, ഞാനുണ്ടല്ലോ. കൂടുതൽ വിശദീകരണം വേണമെങ്കിൽ ഞാനിവിടെയുണ്ട്, ഈ ക്യാപ്റ്റൻ കസേരയിൽ. - കേറ്റ് പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 

PSA Sunday . #spreadtheword

A post shared by Captain Kate McCue (@captainkatemccue) on

കേറ്റിന്റെ മറുപടിയെ സമൂഹമാധ്യമം ഏറ്റെടുക്കുകയും ചെയ്തു. നിരവധി പേരാണ് കേറ്റിനെ പ്രശംസിച്ച് രം​ഗത്തെത്തിയത്. ലിം​ഗവിവേചനം കാത്തുസൂക്ഷിക്കുന്ന ഇത്തരക്കാർക്ക് ഇതേ മറുപടിയാണ് നൽകേണ്ടതെന്നും സ്ത്രീകൾക്കാണ് നയിക്കാൻ കൂടുതൽ കഴിവുള്ളത് എന്നും ക്യാപ്റ്റൻ‍ കസേരയിലെ രാജകുമാരി എന്നുമൊക്കെ പോകുന്നു കമന്റുകൾ. 

പുരുഷാധിപത്യമുള്ള ഈ മേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയതിനെക്കുറിച്ച് കേറ്റ് മുമ്പ് പങ്കുവച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പരുക്കൻ സ്വഭാവമുള്ളവരെ കഴിഞ്ഞ ഇരുപതു വർഷത്തോളമായി താൻ കാണുന്നുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞ ഈ ജോലിയെ ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നും കേറ്റ് പറയുന്നു. ഒമ്പതു മുതൽ അഞ്ചുവരെയുള്ള ഓഫീസ് ജോലിയെക്കുറിച്ച് തനിക്ക് സങ്കൽപിക്കാനേ കഴിയില്ല. ഓരോ ദിവസവും കടലിലെ കാഴ്ച്ചകൾ വ്യത്യസ്ത അനുഭവമാണ് നൽകുന്നത്. കാലാവസ്ഥയും കാണുന്ന ജനങ്ങളും സന്ദർശിക്കുന്ന ഇടങ്ങളുമൊക്കെ വ്യത്യസ്തമാണ്. ഒരുദിവസം പോലും മറ്റൊരു ദിവസത്തിനു സമാനമായിരിക്കില്ല. അതിനാൽ തന്നെ മറ്റേതു ജോലിയേക്കാളും താൻ ഈ ജോലിയിൽ ആസ്വദിക്കുന്നുണ്ട്- കേറ്റ് പറയുന്നു. 

Content Highlights: Naval captain brilliantly shuts down sexist comment in hilarious video