വെള്ളമുണ്ട: പത്രവിശേഷങ്ങള്‍ മുടങ്ങാതെ പങ്കുവെച്ച് ജോസ്‌ന പി. ജോസഫ് നടന്നുകയറിയത് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സിലേക്ക്. 2020 ജൂണ്‍ മുതലുള്ള പത്രവാര്‍ത്തകളെ ടെലിവിഷന്‍ അവതാരകരുടെ അതേശൈലിയില്‍ സാമൂഹികമാധ്യമങ്ങളിലും യൂട്യൂബിലും പങ്കുവെച്ചാണ് ജോസ്‌ന ശ്രദ്ധനേടിയത്. 'മാതൃഭൂമി' ദിനപത്രത്തിലെ പ്രധാനപ്പെട്ട വാര്‍ത്തകളെയെല്ലാം കോര്‍ത്തിണക്കി ഒരോദിവസവും മുടങ്ങാതെ ആയിരത്തിലധികം ഭാഗങ്ങളാണ് ജോസ്‌ന കുഞ്ഞുവീഡിയോകളാക്കി പങ്കുവെച്ചത്.

കോവിഡ് ലോക്ഡൗണ്‍ കാലത്തെല്ലാം വെള്ളമുണ്ട ഡബ്ല്യു.എം.ഒ. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ഥിനിയായ മൊതക്കര പൈനിങ്കല്‍ ജോസ്‌ന ഇതിനായി സമയംകണ്ടെത്തി. ദേശീയ, പ്രാദേശിക വിഷയങ്ങളെല്ലാം ഉള്‍പ്പെടുത്തിയ വാര്‍ത്താധിഷ്ഠിതപരിപാടിയിലേക്ക് ദിനംപ്രതി പ്രേക്ഷകരുടെ എണ്ണവും ഏറിവന്നു.

പത്രവായന മുടക്കരുതെന്ന മാനന്തവാടി രൂപത യൂത്ത് മിനിസ്റ്ററി ഡയറക്ടര്‍ ഫാ. ലാല്‍ ജേക്കബിന്റെ നിര്‍ദേശമാണ് നിരന്തരമുള്ള വായനയിലേക്ക് ജോസ്‌നയെ വഴികാട്ടിയത്. ദിനംപ്രതി ഇതെല്ലാം ഫോളോചെയ്യുന്നവരുടെ എണ്ണം കൂടിവന്നതോടെ പത്രവിശേഷം പംക്തി വിപുലപ്പെടുത്തി. ഒടുവില്‍ ഇതെല്ലാം കോര്‍ത്തിണക്കിയാണ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സിലേക്ക് അയച്ചുനല്‍കിയത്.

വായനകുറയുന്നു എന്ന വേവലാതികള്‍ക്കിടയില്‍ ചെറിയ തലമുറയെ വായനയിലേക്കെത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം മാതൃകാപരമാണെന്ന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സ് വിലയിരുത്തി. സര്‍ട്ടിഫിക്കറ്റുകളും മെഡലും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍നിന്ന് കഴിഞ്ഞദിവസം ജോസ്‌നയെ തേടി വീട്ടിലെത്തി. ഈ സന്തോഷത്തിന്റെ നിറവിലാണ് പൈനിങ്കല്‍ വീട്.

കര്‍ഷകനായ ബെന്നിയുടെയും ഡബ്ല്യു.എം.ഒ. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയായ സ്മിതാ ജോസഫിന്റെയും മകളാണ് ജോസ്‌ന. ഇതേ വിദ്യാലയത്തിലെ അഞ്ചാംതരം വിദ്യാര്‍ഥിനി ജെസ്‌നയാണ് സഹോദരി.

Content Highlights: National award winner school girl Josna wayanad