ഴിഞ്ഞദിവസമാണ് ഇ-കൊമേഴ്‌സ് ബ്രാന്‍ഡായ മിന്ത്ര തങ്ങളുടെ ലോഗോയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. സ്ത്രീകളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് നാസ് പട്ടേല്‍ എന്ന സാമൂഹ്യപ്രവര്‍ത്തക മുംബൈ സൈബര്‍ പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. നഗ്നയായ സ്ത്രീയുടെ രൂപമുണ്ട് മിന്ത്രയുടെ ലോഗോയ്ക്ക് എന്നായിരുന്നു ആരോപണം.

2020 ഡിസംബറിലാണ് സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ അവസ്ത ഫൗണ്ടേഷനിലെ അംഗമായ നാസ് ഈ പരാതിയുമായി രംഗത്തെത്തുന്നത്. പരാതി നല്‍കിയതോടൈാപ്പം മിന്ത്രയുടെ ലോഗോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാപെയിനും നാസ് സംഘടിപ്പിച്ചു. മുംബൈപോലീസ് സൈബര്‍ക്രൈം വിഭാഗത്തിന്റെ മേധാവിയായ ഡി.സി.പി രശ്മി കരണ്‍ധികറിനാണ് നാസ് പരാതി നല്‍കിയത്.

ലോഗോ പ്രകോപനപരമാണെന്ന് വ്യക്തമാക്കിയാണ് അധികാരികള്‍ അതിന് മാറ്റം വരുത്താന്‍ നോട്ടീസ് നല്‍കിയത്. ഒരുമാസത്തിനുള്ളില്‍ ലോഗോയില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ മിന്ത്ര നടപ്പാക്കിയത്. 

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്ല സന്ദേശം കൊടുക്കുന്ന രീതിയില്‍ വേണം കമ്പനിയുടെ ലോഗോയെന്നും, അതുകൊണ്ട് ബ്രാന്‍ഡിങില്‍ വളരെയധികം ശ്രദ്ധിക്കണമെന്നുമാണ് മിന്ത്രയുടെ ലോഗോ മാറ്റേണ്ടിവന്ന സംഭവം ചൂണ്ടിക്കാണിക്കുന്നതെന്ന് ഡി.സി.പി രശ്മി കരണ്‍ധികര്‍ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. 

എന്നാല്‍ മിന്ത്രയുടെ ലോഗോ മാറ്റത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. ഇതില്‍ എന്ത് സ്ത്രീവിരുദ്ധതയാണ് ഉള്ളത് എന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരും ഏറെയുണ്ട്. ഇത്തരത്തില്‍ സ്ത്രീവിരുദ്ധതയോടൊപ്പം പുരുഷ വിരുദ്ധമായവയെന്ന് ആരോപിച്ച് പല കമ്പനികളുടെയും ലോഗോകളും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. 

ദൂരദര്‍ശന്റെ ലോഗോയാണ് അവയിലൊന്ന്. 69 എന്നാണ് ആ ലോഗോ തോന്നിപ്പിക്കുന്നതെന്നും അത് പ്രകോപനപരമാണെന്നും മാറ്റണമെന്നുമാണ് ചിലരുടെ ആവശ്യം. കാരണം 69 എന്നത് ലൈംഗികതയെ സൂചിപ്പിക്കുന്ന സംഖ്യയാണെന്നാണ് കരുതപ്പെടുന്നത്. ഗൂഗിള്‍ ജിമെയിലിന്റെ ലോഗോയെ എതിര്‍ത്ത് രംഗത്തെത്തിയവരും ധാരാളം. ലുപിന്‍ ഫാര്‍മയുടെ ലോഗോ പുരുഷവിരുദ്ധമാണെന്ന് കണ്ടെത്തിയവരും ഏറെ. 

Content Highlights: Myntra Changing its 'Offensive Logo social media advice to change some other logos also