ജീവിതത്തിൽ വിജയങ്ങളെത്തിപ്പിടിച്ച് ഒരു സെലിബ്രിറ്റിയുടെ പരിവേഷമണിഞ്ഞവളല്ല ശായറാ ബാനോ. മറിച്ച് ഹൈടെക് യുഗത്തിൽ മുസ്‌ലിംസ്ത്രീകളെ കണ്ണീരുകുടിപ്പിച്ച മൂഢാചാരമായ മുത്തലാഖ് നിരന്തരമായ പരിശ്രമത്തിലൂടെ ഇന്ത്യൻ സമൂഹത്തിൽനിന്ന് വേരോടെ പിഴുതെറിഞ്ഞുകൊണ്ടാണ് അവർ ഇന്ന് വാർത്തകളിൽ ഇടംനേടുന്നത്.
സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ച് ചൊവ്വാഴ്ച മുത്തലാഖിനെതിരേ വിധിപറഞ്ഞപ്പോൾ ശായറാ ബാനോവിനും ഈ നിയമയുദ്ധത്തിൽ പങ്കാളികളായ മറ്റ് സ്ത്രീകൾക്കും സ്വന്തം ജീവൻ പണയംെവച്ച് പുരുഷനിയന്ത്രിത സമൂഹത്തിനെതിരേ നടത്തിയ പോരാട്ടം ഫലം കണ്ടെത്തിയതിന്റെ ആത്മനിർവൃതിയിലായിരിക്കും.
ഒരുപക്ഷേ എല്ലാ മുസ്‌ലിംസ്ത്രീകളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിമിഷമായിരിക്കുമിത്. കാരണം ഇക്കാലമത്രയും മുസ്‌ലിം സ്ത്രീകളുടെ വിവാഹബന്ധത്തിൽ മുത്തലാഖ് ഒരു ദുഃസ്വപ്നംപോലെയായിരുന്നു. ശരീഅത്ത് നിയമം പിന്തുടരുന്ന മിക്കരാജ്യവും മുത്തലാഖിനെ ഇസ്ലാമികമല്ലെന്ന് പ്രഖ്യാപിച്ചിട്ടും ഇന്ത്യപോലുള്ളൊരു രാജ്യം ഇത് പിന്തുടരുന്നുവെന്നത് വിചിത്രമാണ്. ഒരു പൊതുതാത്‌പര്യഹർജിയിലാണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചത്. കാലാകാലങ്ങളായി അനുഭവിക്കുന്ന കൊടിയ പീഡനത്തിനെതിരേ മുസ്‌ലിം സ്ത്രീകൾ ഉണർന്നുപ്രവർത്തിച്ചതിന്റെ ഫലമാണ് ഈ വിധി.
മുത്തലാഖിന്റെ പശ്ചാത്തലം
മുസ്‌ലിം വ്യക്തിനിയമത്തിലെ ഏറ്റവും വഴിപിഴച്ച ഒരു സങ്കല്പമാണ് വിവാഹമോചനം. ഈ ആചാരവും ശരീഅത്ത് നിയമവും തമ്മിൽ കാര്യമായ പൊരുത്തക്കേടുണ്ട്. ഇന്ത്യയിലെ മനുവിനെയും അറേബ്യയിലെ മുഹമ്മദിനെയും ഇംഗ്ലണ്ടിലെ ജുഡീഷ്യൽ കമ്മിറ്റി വ്യാഖ്യാനിക്കുമ്പോൾ പൊരുത്തക്കേടുകൾ സ്വാഭാവികമാണ്. യുസുഫ് റാവുത്തർ-സൗരമ്മ കേസിൽ ജസ്റ്റിസ് കൃഷ്ണയ്യർ ഇങ്ങനെ പറഞ്ഞു: ‘ഇസ്‌ലാമിന്റെ അടിസ്ഥാനതത്ത്വങ്ങൾ അറിയാതെയും ആചരിച്ചുപോന്നിരുന്ന കീഴ്‌വഴക്കങ്ങൾ മനസ്സിലാക്കാതെയുമാണ് അന്ന് ആംഗ്ളോ ഇന്ത്യക്കാരായ ന്യായാധിപൻമാർ ശരീഅത്ത് നിർവചിച്ചത്.
ഏതോ കാലംമുമ്പ് തീർത്തും വ്യത്യസ്തമായ സാമൂഹിക പശ്ചാത്തലത്തിൽ ഹനഫി വിചാരധാര മുത്തലാഖിനെ ഉയർത്തിപ്പിടിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ശരീഅത്തിന്റെ വ്യക്തമായ ലക്ഷ്യമെന്തെന്നറിയാതെയാണ് ഇതിനെ ആംഗലേയ ജഡ്ജിമാർ നിർവചിച്ചത് എന്നതാണ് ദൗർഭാഗ്യകരം’
പുതിയ വിധിയുടെ പ്രസക്തി
ലിംഗസമത്വം സാമൂഹികനീതിയുടെ ഒരു ഭാഗമാണ്. അതുതന്നെയാണ് ഈ വിധിയിലൂടെ കോടതി നടപ്പാക്കിയിരിക്കുന്നത്. ദൈവശാസ്ത്രത്തിൽ ഒരിക്കൽ മോശമായ നിയമം, നിയമത്തിൽ നല്ലതെന്ന് വ്യാഖ്യാനിക്കപ്പെട്ടതാണ്. പക്ഷേ, ഖുർആനെ സംബന്ധിച്ച് തെറ്റായ കാര്യങ്ങൾ നിയമാനുസൃതമായി ശരിയാണെന്നാണ് ശരീഅത്ത് മുസ്‌ലിം വ്യക്തിനിയമത്തെപ്പറ്റി പറയുന്നത്. വിശുദ്ധ ഖുർആൻ വിവാഹബന്ധത്തിന്റെ പവിത്രതയെയും സ്ഥിരതയെയുംകുറിച്ച് വ്യക്തമായി പറയുന്നുണ്ട്.
വിവാഹബന്ധത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി അനുരഞ്ജനശ്രമങ്ങളാണ് ഖുർആൻ നിർദേശിക്കുന്നത്. അനുരഞ്ജനശ്രമങ്ങൾക്കൊടുവിൽ തികച്ചും ഒഴിവാക്കാനാക്കാത്ത സാഹചര്യങ്ങളിൽമാത്രമേ തലാഖ് അനുവദിക്കുന്നുള്ളൂ. എന്നാൽ, മുത്തലാഖിലൂടെ വിവാഹബന്ധം പൂർണമായും ഒഴിവാക്കപ്പെടുകയാണ്. ഇത് ഖുർആന്റെ അടിസ്ഥാനതത്ത്വങ്ങൾക്കെതിരേയാണ്; മാത്രമല്ല, ശരീഅത്ത് നിയമത്തിനെതിരേയും. 1937-ലെ ശരീഅത്ത് നിയമത്തിന്റെ ഉദ്ദേശ്യംതന്നെ തലാഖ് ഉൾെപ്പടെയുള്ള ശരീഅത്തിന് വിരുദ്ധനിയമങ്ങൾ നിർത്തലാക്കാനായിരുന്നു.
ഈ വിധിയുടെ വെളിച്ചം വീശുന്നത് പ്രവാചകൻ തലാഖിൻമേൽ ചുമത്തിയ നിയന്ത്രണത്തിലേക്കാണ്. സ്ത്രീസമൂഹത്തോട് ന്യായമായും സമത്വപരമായും പെരുമാറണം എന്ന ഖുർആൻ വാക്യങ്ങളെയാണ് (ഖുർആൻ 2:231) ഇത് സത്യത്തിൽ സാക്ഷാത്കരിക്കുന്നത്.
(സുപ്രീംകോടതി അഭിഭാഷകയാണ് ലേഖിക)