വനിതാ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടി ആയിരിക്കും. പക്ഷേ വേദിയിലിരിക്കുന്നത് മുഴുവന്‍ പുരുഷന്മാര്‍. നാം സ്ഥിരം കാണുന്ന കാഴ്ചയാണിത്. പൊതുവേദിയില്‍ സ്ത്രീകള്‍ ഇരിക്കുന്നത് അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. പേരിന് ഒന്നോ രണ്ടോ പേര്‍ ഉണ്ടാകുമെന്നല്ലാതെ. ഒട്ടുമിക്ക മേഖലകളിലും സ്ത്രീകള്‍ അവരുടെ സാന്നിധ്യം അറിയിച്ച നമ്മുടെ നാട്ടില്‍ സ്ത്രീ സാന്നിധ്യം ഇല്ലാത്ത വേദികള്‍ ഉണ്ടാകേണ്ടതുണ്ടോ?- മുരളി തുമ്മാരുകുടി ഫെയ്സ്ബുക്കിൽ ഇട്ട കുറിപ്പ് വായിക്കാം
വേദിയിലെ സ്ത്രീ സാന്നിധ്യം
ഇത്തവണ നാട്ടില്‍ ചെന്നിട്ട് നഴ്‌സറി സ്‌കൂള്‍ നിയമസഭ വരെ ഉള്ള സ്ഥാപനങ്ങളില്‍ പോയിരുന്നു. അക്കാദമിക്ക് മീറ്റിംഗ് മുതല്‍ ലോക കേരള സഭ വരെ ഉള്ള പരിപാടികളില്‍ പങ്കെടുത്തു. എല്ലായിടത്തും ഞാന്‍ ശ്രദ്ധിച്ചത് എത്ര കുറച്ച് സ്ത്രീകള്‍ ആണ് വേദികളില്‍ ഉള്ളത് എന്നതാണ്.
സമ്മേളനം എന്താണെങ്കിലും വേദിക്ക് പിന്നിലിരുന്ന് അനൗണ്‍സ് ചെയ്യലും അതിഥികളെ പൂവ് കൊടുത്ത് സ്വീകരിക്കലും ഒക്കെ പലപ്പോഴും പെണ്‍കുട്ടികളുടെ ജോലിയാണ്. പക്ഷെ വേദിയിലിരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് ഭൂരിപക്ഷവും പുരുഷന്മാര്‍ ആയിരിക്കും ഏറെ ഇടങ്ങളില്‍ സ്ത്രീ സാന്നിധ്യം ഒട്ടും ഉണ്ടാകാറില്ല. ലോക കേരള സഭയില്‍ ഉല്‍ഘാടനത്തിന് വേദിയില്‍ ഉണ്ടായിരുന്ന ഒന്‍പത് പേരില്‍ ഒറ്റയാള്‍ (രേവതി) മാത്രമായിരുന്നു സ്ത്രീ സാന്നിധ്യം. പ്ലീനറിയില്‍ പ്രസംഗിച്ച ഇരുപതില്‍ രണ്ടു പേരും (ഞാന്‍ ആ കാര്യം അവിടെ തന്നെ സൂചിപ്പിച്ചിരുന്നു). കോട്ടയത്ത് യുവജന കമ്മീഷന്‍ സംഘടിപ്പിച്ച ചടങ്ങ് പക്ഷെ വ്യത്യസ്തമായിരുന്നു. യോഗത്തിന്റെ അധ്യക്ഷയായി ചിന്തയും സംസാരിക്കാന്‍ ദീപ ടീച്ചറും ഉണ്ടായിരുന്നു (Well done Shaji Jacob ). സ്ത്രീകള്‍ ഏറെ ജോലി ചെയ്യുന്ന മെഡിക്കല്‍ അല്ലെങ്കില്‍ ടീച്ചിങ് രംഗത്തെ മീറ്റിംഗ് ആണെങ്കിലും ആണെങ്കിലും, സ്ത്രീകളെ ഏറെ ബാധിക്കുന്ന വിഷയം ആണ് മീറ്റിംഗില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കിലും വേദി ആണുങ്ങളുടെ ലോകം ആണ് !!
ഇതൊന്നും കേരളത്തിലെ മാത്രം കാര്യം അല്ല കേട്ടോ. ലോകത്തെമ്പാടും ഈ പ്രശ്‌നം ഉണ്ട്. പക്ഷെ ഇതൊരു പ്രശ്‌നം ആണെന്ന് ഏറെ സ്ഥലങ്ങളില്‍ ആളുകള്‍ അംഗീകരിച്ചിട്ടുണ്ട്. വേദിയില്‍ സ്ത്രീ സാന്നിധ്യം ഇല്ലാത്ത ചര്‍ച്ചകളില്‍ പങ്കെടുക്കില്ല എന്ന് പുരുഷന്മാര്‍ നിര്‍ബന്ധം പിടിച്ചു തുടങ്ങിയിരിക്കുന്നു. ആണുങ്ങള്‍ മാത്രം പങ്കെടുക്കുന്ന പാനലുകളുടെ ചിത്രം എടുത്ത് #manel ഹാഷ് ടാഗും ആയി ആളുകള്‍ സംഘാടകരെ നാണം കെടുത്തുന്നു.
കേരളത്തിലും ഇക്കാര്യത്തില്‍ മാറ്റം വന്നേ മതിയാകൂ. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കേരളത്തില്‍, എല്ലാ രംഗത്തും അനവധി സ്ത്രീകള്‍ ജോലി ചെയ്യുന്ന കേരളത്തില്‍, കാര്യമായ സ്ത്രീ സാന്നിധ്യം ഇല്ലാതെ വേദികള്‍ ഉണ്ടാകേണ്ട കാര്യം ഇല്ല. അങ്ങനെ ഉണ്ടാകുന്നത് നമുക്കെല്ലാം നാണക്കേടാണ്. അങ്ങനെ മീറ്റിംഗ് ഉണ്ടാകാതിരിക്കാന്‍ നാം ഒരുമിച്ചു പ്രവര്‍ത്തിക്കണം. അങ്ങനെ മീറ്റിംഗ് നടത്തുന്ന സംഘാടകരെ നമുക്ക് നാണിപ്പിച്ചേ പറ്റൂ.
എന്റെ ചില നിര്‍ദേശങ്ങള്‍ പറയാം.
1. നിങ്ങള്‍ ഒരു പുരുഷന്‍ ആണെങ്കില്‍ നിങ്ങളെ ഏതെങ്കിലും മീറ്റിംഗില്‍ പങ്കെടുക്കാന്‍ വിളിച്ചാല്‍ 'വേദിയില്‍ സംസാരിക്കാന്‍ സ്ത്രീകള്‍ ഉണ്ടോ' എന്ന് എടുത്ത് ചോദിക്കണം. ഇല്ലെങ്കില്‍ വരാന്‍ സാധിക്കില്ല എന്ന് തറപ്പിച്ചു പറയണം. വിഷയത്തെ പറ്റി സംസാരിക്കാന്‍ കഴിവുള്ള രണ്ടോ മൂന്നോ സ്ത്രീകളുടെ പേര് സംഘാടകര്‍ക്ക് പറഞ്ഞു കൊടുക്കണം.
2. നിങ്ങള്‍ ഒരു സ്ത്രീ ആണെങ്കില്‍ ഏതെങ്കിലും ഒരു സമ്മേളത്തിന് സംസാരിക്കാന്‍ വിളിച്ചാല്‍ പിന്നോട്ട് മാറരുത്. വേദിയില്‍ സംസാരിക്കാന്‍ അല്പം സങ്കോചമൊക്കെ ആദ്യം ഉണ്ടാകും, പക്ഷെ വേദി ആണുങ്ങള്‍ക്ക് വിട്ടു കൊടുക്കരുത്. ഇതൊരു ചരിത്ര ദൗത്യം ആണ്.
3. നിങ്ങള്‍ ഒരു സംഘാടകന്‍ ആണെങ്കില്‍ വേദിയില്‍ പരമാവധി സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ ആദ്യമേ ശ്രമിക്കുക. പറ്റിയാല്‍ പകുതി, ചുരുങ്ങിയത് രണ്ടു പേരെങ്കിലും ഉറപ്പായിട്ടും വേണം. വലിയ ഒരു സാമൂഹ്യമാറ്റത്തിന്റെ ദൗത്യം ആയി ഏറ്റെടുക്കണം.
4. നിങ്ങള്‍ സദസ്സില്‍ ഇരിക്കുന്ന ഒരാളാണെങ്കില്‍ സ്ത്രീ സാന്നിധ്യം ഇല്ലാത്ത വേദി കണ്ടാലുടന്‍ അതിന്റെ ഒരു പടം എടുത്ത് #ാമിലഹ എന്ന ഹാഷ്ടാഗും ഇട്ട് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യുക. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കേരളം ലോകം അറിയട്ടെ.
വാസ്തവത്തില്‍ കേരളത്തിലെ ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്നും മീറ്റിങ്ങുകള്‍ക്ക് ഒരു 'Gender Protocol' ഉണ്ടാകേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ പരിപാടികളിലും, സര്‍ക്കാര്‍ സഹായം നല്‍കപ്പെടുന്ന ഏതു സ്ഥാപനത്തിലും പരിപാടിയിലും (ലൈബ്രറി തൊട്ടു കോളേജുകള്‍ വരെ ഉള്ള എല്ലാ പരിപാടികളും ഇതില്‍ വരും) വേദിയില്‍ സ്ത്രീ സാന്നിധ്യവും പ്രാതിനിധ്യവും ഉറപ്പുവരുത്തേണ്ടത് ഒരു നിര്‍ബന്ധമാക്കണം.
എന്താണെങ്കിലും ഞാന്‍ ഒരു കാര്യം പറയാം. ഇനി മുതല്‍ ഞാന്‍ കേരളത്തില്‍ വരുമ്പോള്‍ വേദിയില്‍ ചുരുങ്ങിയത് രണ്ടു സ്ത്രീകള്‍ എങ്കിലും ഇല്ലാത്ത ഒരു ചടങ്ങിലും പങ്കെടുക്കില്ല. ഏപ്രിലില്‍ ബുക്കിംഗ് എടുക്കുന്ന സമയത്ത് ഞാന്‍ ഇത് വീണ്ടും പ്രത്യേകം പറയും. ഡിങ്കനാണേ സത്യം..
നിങ്ങള്‍ ഇക്കാര്യം സമ്മതിക്കുന്നു എങ്കില്‍ ഈ പോസ്റ്റ് ഒന്ന് ഷെയര്‍ ചെയ്യണം. നിങ്ങള്‍ വ്യക്തിപരമായി ഇക്കാര്യം ശ്രദ്ധിക്കുകയും വേണം. സമൂഹമാധ്യമത്തിലുള്ളവര്‍ മാത്രം വിചാരിച്ചാല്‍ മാത്രം ഒറ്റ വര്‍ഷം കൊണ്ട് മാറ്റിയെടുക്കാവുന്ന കാര്യമേ ഉള്ളൂ ഇത്. സമൂഹമാധ്യമത്തിന് പുറത്തുള്ളവര്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ നില്‍ക്കട്ടെ.
Content Highlights: Murali Thummarukudi, Feminism, Women Empowerment