ബാല്യകാലം മുഴുവൻ തെരുവിൽ കഴിഞ്ഞ പെൺകുട്ടി. ചോരാത്ത കൂരയ്ക്കുള്ളിൽ അന്തിയുറങ്ങുക മാത്രമായിരുന്നു അവളുടെ സ്വപ്നം. മുംബൈ സ്വദേശിയായ പതിനേഴുകാരി അസ്മയുടെ ജീവിതം വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിൽ അസ്മയ്ക്ക് തലചായ്ക്കാനൊരു വീടായിരിക്കുകയാണ്. തെരുവിലിരുന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന അസ്മയുടെ കഥ വൈറലായതോടെയാണ് സാമ്പത്തിക സഹായവും വാടക വീടിനുള്ള സഹായവും അസ്മയ്ക്ക് ലഭിച്ചത്.

ജ്യൂസ് വിൽപനക്കാരനാണ് അസ്മയുടെ അച്ഛൻ. സാമ്പത്തിക പരാധീനതകൾ മൂലം കുടുംബത്തിന് വീടെന്ന സ്വപ്നം അന്യമായിരുന്നു. അപ്പോഴും പഠനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ അസ്മ തയ്യാറായിരുന്നില്ല. തെരുവുവെളിച്ചത്തിനു കീഴെ ഇരുന്ന് പഠിക്കുന്ന അസ്മയെ പലരും ശ്രദ്ധിച്ചിരുന്നു. ചർച്ച് ​ഗേറ്റിലെ കെസി കോളേജിൽ പഠിക്കുന്ന അസ്മ തെരുവിലിരുന്ന് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുക്കുന്ന ചിത്രങ്ങളും വൈറലായി. 

അങ്ങനെയാണ് മുംബൈ ആസ്ഥാനമായുള്ള ഒരു എൻജിഒ എല്ലാ മാസവും അസ്മയ്ക്കായി 3000 രൂപ നൽകാമെന്ന് അറിയിക്കുന്നത്. അസ്മയുടെ പഠനം തീരുവോളം പണം മുടങ്ങാതെ നൽകുമെന്നും സംഘടന അറിയിച്ചു. കൂടാതെ മറ്റൊരുകൂട്ടം പേർ ചേർന്ന് ഒന്നരലക്ഷത്തോളം രൂപ അസ്മയ്ക്കായി സമാഹരിച്ചു. തൽക്കാലത്തേക്ക് തെരുവിൽ നിന്നുമാറി ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കാനാണിത്. ഒടുവിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച അസ്മയും കുടുംബവും ഒരു വീട്ടിലേക്ക് മാറുകയും ചെയ്തു. 

ഫൂട്പാത്തിലിരുന്ന് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുക ഏറെ ശ്രമകരമായിരുന്നെന്ന് അസ്മ പറയുന്നു. വാഹനങ്ങളുടെ ശബ്ദത്തിനിടയിൽ പഠിക്കുക എന്നതും മങ്ങിയ വെളിച്ചത്തിൽ വായിക്കുക എന്നതുമൊക്കെ അതിജീവിച്ചാണ് അസ്മ പഠിച്ചിരുന്നത്. മാത്രവുമല്ല ഇടയ്ക്കിടെയുള്ള പോലീസ് പെട്രോളിങ് മൂലം ഒരുസ്ഥലത്ത് സ്ഥിരമായിരിക്കാനും കഴിയുമായിരുന്നില്ല. 

സമാധാനത്തോടെ ഒരിക്കലും തെരുവിൽ ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും അസ്മ പറയുന്നു. കിടക്കുന്നതിനിടെ ശല്യം ചെയ്യാനെത്തുന്നവർ നിരവധിയാണ്. മുളവടിയും മറ്റും ഉപയോ​ഗിച്ചാണ് പ്രതിരോധിക്കാറുള്ളത്. പഠനം മുന്നോട്ടു കൊണ്ടുപോകണമെന്നും സ്വന്തമായൊരു വീട് നേടിയെടുക്കലാണ് ആത്യന്തികലക്ഷ്യമെന്നും അസ്മ പറയുന്നു.