കൊറോണക്കാലത്ത് സ്ത്രീകളുടെ ജീവിതമാണ് ഏറ്റവും തിരക്കേറിയത്. വീട്ടുജോലികളും, ഓഫീസ് ജോലികളും, കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവുമെല്ലാമായി ആകെ തലവേദന തന്നെ. ഒരു കൈ സഹായത്തിന് ആരുമില്ലെങ്കില്‍ പറയുകയും വേണ്ട. ഈ പണിയൊക്കെ ചെയ്യുന്നില്ലെന്ന് അവര്‍ തീരുമാനിച്ചാലോ...ഓസ്‌ട്രേലിയക്കാരിയായ കോഡി ക്വിന്‍ലിവന്‍ ആണ് പണികള്‍ക്ക് സ്റ്റോപ്പിട്ടത്.

രണ്ട് മാസമായി കോഡി തുണികള്‍ കഴുകിയിട്ട്. ഈ തുണികളെല്ലാം കൂട്ടിയിട്ട് അതിന് മുകളില്‍ രാജ്ഞിയെപ്പോലെ പോസ് ചെയ്തിരിക്കുന്ന ഒരു ചിത്രവും കോഡി ഫേസ്ബുക്കില്‍ പങ്കുവച്ചു. കോഡിയുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.  

തുണികള്‍ കഴുകാത്തതിന് കാരണമുണ്ട്. ലോക്ഡൗണായതോടെ വീട്ടിലിരുന്ന് പഠിക്കുന്ന തന്റെ കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാനാണ് കോഡി വസ്ത്രങ്ങള്‍ കഴുകുന്നത് മാറ്റി വച്ചത്. ഇപ്പോള്‍ അവയെല്ലാം പല ബാഗുകളിലാക്കി ലോണ്‍ട്രി ഷോപ്പിലേക്ക് അയക്കുന്നതിന് മുമ്പാണ് കോഡി ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.

women

#MountFoldMore എന്ന ടാഗിലാണ് കോഡി തന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'കൊറോണ ലോക്ഡൗണ്‍ സമയത്ത് അഞ്ച് മക്കളുടെയും പഠനവും തിരക്കുകളുമായി എനിക്ക് മറ്റൊന്നിനും സമയമുണ്ടായിരുന്നില്ല. ഇതിനൊപ്പം വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഡ്രെയിനേജ് അറ്റകുറ്റപ്പണികള്‍ക്ക് താമസവും നേരിട്ടു.'  അതോടെ തുണിയലക്കല്‍ മാറ്റി വയ്ക്കുകയായിരുന്നെന്ന് കോഡി. 

ക്ലീനിങിന് ശേഷം 50 ബാഗുകളിലായി കോഡിയുടെ വസ്ത്രങ്ങള്‍ തിരിച്ചെത്തിയിട്ടുണ്ട്. കോഡിയുടെ ചിത്രങ്ങള്‍ക്ക് ധാരാളം കമന്റുകളും ലഭിക്കുന്നുണ്ട്. ഞാന്‍ മാത്രമല്ല ഈ അവസ്ഥയില്‍ ഉള്ളത് എന്നറിഞ്ഞതില്‍ സന്തോഷം എന്നാണ് പലരുടെയും കമന്റ് 

Content Highlights: Mum-of-5 reveals lockdown laundry pile that built up over 2 months after she couldn’t wash and fold clothes