'ഇന്ന് 2020 ജനുവരി 13. എന്നത്തെയുംപോലെ സൂര്യന്‍ വിളിച്ചുണര്‍ത്തി. മുമ്പെങ്ങുമില്ലാത്തവിധം ശക്തമായ നടുവേദന. പത്താംതരം ക്യാമ്പിന്റെ മൂന്നാംദിവസമാണ്. എന്തായാലും സ്‌കൂളില്‍ പോകണം. വേദന വകവെക്കാതെ ഇറങ്ങി. പിറ്റേന്നും നടുവേദനയായതോടെ ഉപ്പയാണ് വാരമ്പറ്റ ഗവ.ഹൈസ്‌കൂളിലേക്ക് എന്നെ ബസ്സ്റ്റോപ്പ് വരെയും കൊണ്ടുവിട്ടത്. സ്‌കൂളിലെത്തി കൂട്ടുകാരുമായി മൈതാനത്ത് കൂടി അല്‍പ്പം നടന്നു. സ്‌കൂള്‍ മുറ്റത്തുകൂടെയുള്ള ആ നടത്തം അവര്‍ക്കൊപ്പം അവസാനത്തേതാകുമെന്ന് അറിയുമായിരുന്നില്ല. വൈകീട്ടായപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു. അവിടെ നിന്നും നേരിട്ട് ആശുപത്രിയിലേക്ക്..'

എല്ലാ കൗമാരക്കാരെയുംപോലെ പഠിച്ചു കളിച്ചുനടക്കുന്നതിനിടെ നടുവേദനയായി പ്രത്യക്ഷപ്പെട്ട അര്‍ബുദത്തെക്കുറിച്ചാണ് പന്തിപ്പൊയില്‍ സ്വദേശി മുബഷിറ മൊയ്തു മലബാറി എഴുതുന്നത്. മുബഷിറയുടെ വേദനകള്‍ക്ക് അക്ഷരങ്ങളാണ് മരുന്ന്, പുസ്തകങ്ങളാണ് ആശ്വാസം. ഫെയ്‌സ്ബുക്കിലെ മുബഷിറ മൊയ്തു മലബാറി എന്ന അക്കൗണ്ടില്‍ എഴുതിയതെല്ലാം കൗമാരക്കാരിയുടെ അര്‍ബുദാനുഭവങ്ങളാണ്. ഓപ്പറേഷനും കീമോയും റേഡിയേഷനും ആംബുലന്‍സ് യാത്രകളും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വാര്‍ഡുമെല്ലാം അതില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇതുവരെ 36 അധ്യായങ്ങളിലായി എഴുതിയ കുറിപ്പുകള്‍ രോഗത്തോട് മല്ലിടുന്നവര്‍ക്കും വലിയ പ്രചോദനമാണ്. മുബഷിറയ്ക്കാവട്ടെ അതിജീവനത്തിനുള്ള മാര്‍ഗവും. 'വയനാട്ടിലെ പ്രാഥമികപരിശോധനകള്‍ കഴിഞ്ഞ് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്..പരിശോധനയുടെ ഫലംവന്നു. എവിഗ് സാര്‍ഗോമ എന്ന അര്‍ബുദകോശങ്ങളാണ് വേദനയുടെ കാരണമെന്നറിഞ്ഞു...' മുബഷിറ ഓരോ അധ്യായങ്ങളിലൂടെയും രോഗത്തെ പരിചയപ്പെടുത്തി. ശരീരം നുറുങ്ങുന്ന വേദനകള്‍ക്കിടയിലും കണ്‍മുന്നിലൂടെ കടന്നുപോയതും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയതുമെല്ലാം മറക്കാതെയെഴുതി. ചേര്‍ത്തുവെച്ചും കോര്‍ത്തിണക്കിയും അതെല്ലാം വലിയ വേദനകളുടെ താളുകള്‍പോലെ ഫെയ്‌സ്ബുക്കില്‍ നിറഞ്ഞു. ശക്തിയേറിയ മരുന്നിനും കഴിയാത്തവിധം മുബഷിറയുടെ വാക്കുകള്‍ വീണുപോയവര്‍ക്കെല്ലാം പ്രചോദനമായി.

മെഡിക്കല്‍ കോളേജിലെത്തി മൂന്നാംദിവസം ഓപ്പറേഷന്‍ വേണ്ടിവന്നു. പിന്നാലെ കീമോ, റേഡിയേഷന്‍ സെഷനുകള്‍. അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട നാളുകളെ എങ്ങനെയാണ് അതിജീവിച്ചതെന്നെല്ലാമുണ്ട് ഇതില്‍. ഇതിനിടെ അന്തര്‍ദേശീയ കാന്‍സര്‍ ദിനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അര്‍ബുദരോഗ വിഭാഗം മുബഷിറയെ ആദരിച്ചു.

ഒരുവര്‍ഷമായി വായനയും എഴുത്തും നല്‍കുന്ന ആശ്വാസത്തിലാണ് അതിജീവനം. റേഡിയേഷന്റെയും കീമോയുടെയുമെല്ലാം വേദനയില്‍ രാവുംപകലുമെല്ലാം മയങ്ങിക്കിടക്കുമ്പോള്‍ ഉപ്പ മൊയ്തുവും ഉമ്മ ആയിഷയുമെല്ലാം മുബഷിറയെ വിളിച്ചുണര്‍ത്തും. ഇങ്ങനെ കിടക്കല്ലേ..എന്തെങ്കിലുമെല്ലാം എഴുതൂ എന്നുപറഞ്ഞ് ഫോണ്‍ മുബഷിറയുടെ കൈകളിലേക്ക് നീട്ടും.

Content Highlights: Mubashira fighting against cancer