കൊച്ചി: ഐ.ടി. ജോലിയും കുടുംബവുമൊക്കെയായി തിരക്കുകള്‍ക്കിടയില്‍ നിന്നാണ് ശ്രീലക്ഷ്മിയുടെ കഥ തുടങ്ങുന്നത്. കോവിഡ് കാലം സമ്മാനിച്ച സമയത്തില്‍ നിന്നാണ് ആഗ്രഹങ്ങളിലേക്കുള്ള സഞ്ചാരം അവര്‍ തുടങ്ങുന്നത്.

അങ്ങനെ എന്നെത്തേയും പാഷനായിരുന്ന നൃത്തപഠനം തുടങ്ങി. മോഡലിങ്ങിലും സജീവമായി. വര്‍ക്ക് ഫ്രം ഹോം ജോലി വീട്ടിലേക്ക് പറിച്ചുനട്ടപ്പോള്‍ എല്ലാത്തിനും സമയം കണ്ടെത്താനായി എന്നവര്‍ പറയുന്നു. ഒഴിവുവേളകള്‍ കണ്ടെത്തി നോവലെഴുത്ത് ആരംഭിച്ചതും കോവിഡ് കാലത്താണ്. അങ്ങനെയാണ് 'ഭദ്രയുടെ നീതിസാരം' എന്ന പേരില്‍ ആദ്യത്തെ നോവലെഴുതുന്നത്. എഴുത്തും നൃത്തവും മോഡലിങ്ങും... അങ്ങനെ ഒരിക്കല്‍ ആഗ്രഹിച്ചതെല്ലാം കോവിഡ് കാലത്ത് നേടിയെന്ന് ശ്രീലക്ഷ്മി പറഞ്ഞു.

മിസ്സിസ് ഇന്ത്യാ വഴി

വളരെ ആഗ്രഹത്തോടെയാണ് മിസ്സിസ് ഇന്ത്യ ഓഷിഡനില്‍ ചെല്ലുന്നത്. ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. പഠനകാലത്തോ വിവാഹത്തിനു മുന്‍പോ ഇത്തരം മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല. മനസ്സിലുള്ള ആഗ്രഹം മാത്രമാണു തന്നെ അവിടേക്ക് എത്തിച്ചത്. മക്കള്‍ ജനിച്ചതോടെ അവരുടെ കാര്യങ്ങളിലും തിരക്കായതോടെ എല്ലാം മനസ്സിന്റെ ഉള്ളിലൊതുക്കി.

പക്ഷേ പെട്ടെന്നെല്ലാം തിരികെ കിട്ടിയതുപോലെയാണ് തോന്നിയത്. മിസ്സിസ് ഇന്ത്യ എമ്പ്രെസ്സ് ഓഫ് ദി നേഷന്‍ മത്സരത്തില്‍ രണ്ടു കിരീടങ്ങള്‍ സ്വന്തമാക്കിയ ശ്രീലക്ഷ്മിയുടെ വാക്കുകളില്‍ സന്തോഷത്തിളക്കം. ഗ്രാന്‍ഡ് ഫിനാലെയില്‍ തിരഞ്ഞെടുക്കപ്പെട്ട ശ്രീലക്ഷ്മി ടാലന്റ് റൗണ്ടില്‍ മോഹിനിയാട്ടം കളിച്ചാണ് മിസ്സിസ് ടാലന്റ് ടൈറ്റില്‍ സ്വന്തമാക്കിയത്. ഇതുകൂടാതെ മിസ്സിസ് പോപ്പുലര്‍ കിരീടവും സ്വന്തം പേരിലാക്കി.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ ഉദ്യോഗസ്ഥയാണ് ശ്രീലക്ഷ്മി. 'ജലമര്‍മരങ്ങള്‍' എന്ന നോവലിന്റെ പണിപ്പുരയിലാണിപ്പോള്‍. 'വെളുപ്പിനു രണ്ടു മണിക്ക് എഴുന്നേറ്റിരുന്നാണ് എഴുത്തും പരിശീലനവുമെല്ലാം. മക്കളായ മാധവും ശ്രദ്ധാലക്ഷ്മിയും അമ്മയുടെ താത്പര്യങ്ങളില്‍ കൂടെയുണ്ട്. അവരെന്നെ കണ്ട് ഓരോന്ന് പഠിക്കുമ്പോള്‍ അമ്മയെന്ന നിലയില്‍ സന്തോഷമാണ്. പാട്ടും നൃത്തവുമെല്ലാം അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ തിരഞ്ഞെടുക്കാന്‍ ഇപ്പോഴേ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്' - ശ്രീലക്ഷ്മി പറയുന്നു. ജി.പി. അജീഷാണ് ഭര്‍ത്താവ്. ജോലിയുടെ ഭാഗമായി മൈസൂരുവിലാണ് സ്ഥിര താമസം.

Content highlights: missis india competition winner sreelakshmi, covid 19 lockdown