ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ആണവ ദുരന്തമായിരുന്നു 2011 ലെ ഫുകുഷിമ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് അപകടം.വ്യാപകമായി വികിരണ മലിനീകരണത്തിന് ഇത് കാരണമായി. 1986 ല്‍ ചെര്‍ണോബിലില്‍ ഉണ്ടായ ദുരന്തത്തിനുശേഷം ലോകം കണ്ട ഏറ്റവും കഠിനമായ ആണവ അപകടമാണിത്

പത്ത് വര്‍ഷം മുമ്പ് ജാപ്പനീസ് വടക്കുകിഴക്കന്‍ പ്രവിശ്യയിലെ ആണവോര്‍ജ്ജ നിലയത്തില്‍ ഉണ്ടായ ഭൂകമ്പവും തുടര്‍ന്നുള്ള സുനാമിയുമാണ് ഇതിന് കാരണമായത്.

ഫുക്കുഷിമ പ്ലാന്റിനടുത്ത് കുറച്ച് അമ്മമാരുടെ നേതൃത്ത്വത്തില്‍ റേഡിയേഷന്‍ തോത് അളക്കുവാനായി തുടങ്ങിയ ലാബ് ശ്രദ്ധ നേടുകയാണ്.2011 നവംബര്‍ 13 മുതല്‍ ഈ പ്രദേശത്തെ ഭക്ഷണം, മണ്ണ്, വെള്ളം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ നടത്തുന്നുണ്ട്. ഇതിനു പുറമേ പ്ലാന്റിന് സമീപത്തെ കടല്‍ ജലത്തിന്റെ സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. ഇനിയൊരു ദുരന്തത്തെ തടുക്കാനായി ഇവര്‍ ജാഗരൂകം പ്രവര്‍ത്തിക്കുകയാണ്

ഈ ലാബില്‍ 18 പേരാണ് ജോലി ചെയ്യുന്നത്. ഇവരില്‍ ഭൂരിഭാഗവും അമ്മമാരാണ്. ലാബറോട്ടറി മേഖലയില്‍ പരിചയമില്ലാതിരുന്ന ഇവര്‍ ഈ രംഗത്തെ വിദഗ്ദരില്‍ നിന്ന് പരിശീലനം നേടിയ ശേഷം ലാബില്‍ ജോലി ആരംഭിക്കുകയായിരുന്നു.എല്ലാ മാസവും ഇവര്‍ പരിശോധന ഫലങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റ് വഴി പുറത്ത് വിടുന്നു. ഇവരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം റേഡിയേഷന്‍ സുരക്ഷിതമായ അളവിലല്ല ഇപ്പോഴുള്ളത്.

ഞങ്ങള്‍ക്ക് മുന്‍പേയുള്ളവര്‍ ഈ റേഡിയേഷനെ കുറിച്ച് പരിശോധിച്ചിരുന്നുവെങ്കില്‍ ഇത്രയും വലിയൊരു ദുരന്തം സംഭവിക്കില്ലായിരുന്നുവെന്ന് ഇവിടുത്തെ പ്രവര്‍ത്തകയായ കയോരി സുസൂക്കി പറയുന്നു

Content Highlights:Mothers of Fukushima  Monitors Radiation Levels After nuclear Disaster