അവധി ആഘോഷിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്ന മകന് അമ്മ നല്‍കിയ എട്ടുനിര്‍ദേശങ്ങളാണ് സോഷ്യല്‍മീഡിയയിലെ പുതിയ ചര്‍ച്ച. സ്‌കോട്ട്‌ലന്‍ഡുകാരനായ ഫിന്‍ലെ ബ്രോക്കി എന്ന പതിനെട്ടുകാരനാണ് അമ്മ ലിസയുടെ രസകരമായ എട്ടുനിയമങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. 

മകന്‍ അവധി ആഘോഷിക്കാന്‍ പോകുന്നതിനെ കുറിച്ച് ആലോചിച്ച് ഉത്കണ്ഠയേറിയ അമ്മ മകനെ ഉപദേശിക്കുക എന്ന ഉദ്ദേശത്തിലാണ് എട്ടുനിയമയങ്ങള്‍ മെസേജ് ചെയ്തത്. മകന്റെ ശ്രദ്ധക്കുറവിനെ സൂചിപ്പിക്കുന്നതിനായി നേരത്തെ നടന്ന സംഭവങ്ങള്‍ തമാശകലര്‍ത്തി ഓര്‍മിപ്പിക്കുകയാണ് അമ്മ. സന്ദേശം വായിച്ച് ചിരിച്ചുപോയ ഫിന്‍ലെ സംഗതി ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. 

നിമിഷങ്ങള്‍ക്കുള്ളില്‍ ലിസയുടെ എട്ടുനിയമങ്ങള്‍ വൈറലായി. അത്യുജ്ജ്വലം, എത്ര കരുതലുള്ള അമ്മ, ഇങ്ങനെയൊരമ്മ ഉണ്ടായിരുന്നെങ്കില്‍ എന്നുപോലും ഫോളോവേഴ്‌സ് പറഞ്ഞു.  

Tweet

അമ്മയുടെ എട്ടുനിയമങ്ങളിലെ പ്രസക്തഭാഗങ്ങള്‍

എയര്‍പോര്‍ട്ടിലെത്തും മുമ്പ് മദ്യപിക്കരുത്. അങ്ങനെ ചെയ്താല്‍ നിന്നെ അധികൃതര്‍ വിമാനത്തില്‍ കയറ്റില്ല. 

രാത്രികാലത്ത് നിങ്ങളുടെ പാസ്‌പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കരുത്. കഴിഞ്ഞ ഒരു മാസം നീ നഷ്ടപ്പെടുത്തിയത് രണ്ടു പ്രൊവിഷണലുകള്‍, മൂന്ന് ഡോര്‍ കീ, ബാങ്ക് കാര്‍ഡ്, പണം, ഒരു വാലറ്റ് എന്നിവയാണ്. നിന്നെ വിശ്വസിക്കാന്‍ കഴിയില്ല.

ഭക്ഷണം കഴിക്കണം എന്ന കാര്യം ഓര്‍ക്കണം. ഭക്ഷണം വാങ്ങുമ്പോള്‍ ഇത്രയും രൂപയ്ക്ക് എനിക്ക് ഇത്രയും മദ്യം വാങ്ങാമല്ലോ എന്ന് താരതമ്യം ചെയ്യരുത്. 

ബോട്ട് പാര്‍ട്ടിയോ, പൂള്‍ പാര്‍ട്ടിയോ ഉണ്ടെങ്കില്‍ മാറിനില്‍ക്കുന്നതാണ് നല്ലത്. ഒരിക്കല്‍ യാദൃച്ഛികമായി ഒരു തടാകത്തിന് സമീപത്തൂടെ പോയ നീ വീട്ടിലേക്ക് മടങ്ങി വന്നത് നഗ്നനായി പ്രവര്‍ത്തിക്കാത്ത ഫോണും കൈയില്‍ പിടിച്ചാണ്. 

ടാറ്റൂ ചെയ്യണ്ട. അഥവാ ചെയ്‌തേ പറ്റൂ എന്ന് തോന്നുണ്ടെങ്കില്‍ നിന്റെ നിതംബത്തില്‍ ചെയാതാല്‍ മതി. അഥവാ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയാല്‍ അത് നിത്യവും കാണേണ്ടി വരില്ലല്ലോ.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് മുതിരരുത്. ഒരു രാത്രിയിലെ രസം ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ അലട്ടുന്ന ഗോണേറിയക്ക് കാരണമായേക്കാം. 

മദ്യപിച്ച് എന്നെ വിളിക്കരുത്. ഞാന്‍ ആകുലപ്പെടുക മാത്രമേ ഉളളൂ. 

എല്ലാവരും പരസ്പരം ശ്രദ്ധിക്കണം. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്നെ വിളിക്കുകയും വേണം. നിങ്ങളുടെ കൂട്ടത്തില്‍ ആരാണ് അല്പമെങ്കിലും വിവേകമുള്ളത് എന്ന് കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കുകയാണ്. എന്നാലിപ്പോള്‍ അതിന് കഴിയാതെ ഞാന്‍ ബുദ്ധിമുട്ടുകയാണ്. 

ജീവിതത്തേക്കാള്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. അതുകൊണ്ട് യാത്ര അടിച്ചുപൊളിച്ച് വീട്ടിലേക്ക് സുരക്ഷിതനായി എത്തുക. 

Content Highlights: Mother's List of Rules