സ്ത്രീകള്‍ക്ക് മുന്നില്‍ അരുതുകളുടെ നീണ്ടനിര നിരത്തുന്ന സമൂഹമാണ് ഇന്നും. മുമ്പൊക്കെ ഉച്ചത്തില്‍ പൊട്ടിച്ചിരിക്കരുത്, സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങരുത് എന്നൊക്കെയായിരുന്നെങ്കില്‍ ഇന്നതിന്റെ തലം മാറി. കന്യകാത്വം പോലും സ്ത്രീയുടെ സ്വഭാവശുദ്ധിയെ ആധാരപ്പെടുത്തുന്ന ഘടകമായി. ഈ സാഹചര്യത്തില്‍ ഒരമ്മ തന്റെ അഞ്ചു പെണ്‍മക്കള്‍ക്ക് നല്‍കിയ ഉപദേശത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്. 

കായ്‌സ് ലാകേര്‍ടെ എന്ന അമ്മയാണ് വ്യത്യസ്തമാര്‍ന്ന ഉപദേശത്തിലൂടെ പെണ്‍മക്കളെ വഴികാട്ടുന്നത്. കന്യകാത്വം എന്നത് സങ്കല്‍പമാണെന്നും സ്ത്രീകളെ നിയന്ത്രിക്കാന്‍ പുരുഷാധിപത്യ സമൂഹം ഉപയോഗിക്കുന്ന ഉപകരണമാണ് അതെന്നുമാണ് കായ്‌സ് മക്കളോട് പറയുന്നത്. സ്ത്രീകള്‍ക്ക് അവനവനെക്കുറിച്ചു പോലും മോശം തോന്നാനായി സമൂഹം സൃഷ്ടിച്ചെടുത്ത കാര്യമാണ് അതെന്നും കായ്‌സ് പറയുന്നു. 

ലൈംഗികത എന്നത് പ്രധാനമാണെന്നും അതില്‍ തെറ്റില്ലെന്നും അവര്‍ മക്കളോട് പറയുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ ലൈംഗികബന്ധമുണ്ടായെന്നു കരുതി അതു നിങ്ങളെ മാറ്റിമറിക്കുന്നില്ലെന്നും അവര്‍ പറയുന്നു. സെക്‌സ് എന്നത് എല്ലായ്‌പ്പോഴും പ്രധാനമാണ്, അത് ആദ്യത്തെ തവണയെന്നും കന്യകാത്വമെന്നുമൊക്കെ പറയുന്നത് അപഹാസ്യമാണ്. അത്തരം സങ്കല്‍പങ്ങളെല്ലാം പരിഹാസ്യമാണെന്നും കായ്‌സ് പറയുന്നു. 

കായ്‌സിന്റെ തുറന്നു പറച്ചിലിനെ വിമര്‍ശിച്ച് അമ്മമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇത്തരം പരാമര്‍ശങ്ങള്‍ മക്കളെ വഴിതെറ്റിക്കുമെന്നാണ് ഭൂരിഭാഗം പേരും കായ്‌സിനോട് പറഞ്ഞത്. എന്നാല്‍ താന്‍ അങ്ങനെയല്ല ചിന്തിക്കുന്നതെന്നും അവരെ നല്ല മനുഷ്യരായി വളര്‍ത്തണം എന്നു മാത്രമേ കരുതുന്നുള്ളുവെന്നും കായ്‌സ് പറഞ്ഞു. അവര്‍ക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന അമ്മയാണ് താനെന്നും കായ്‌സ് പറയുന്നു. 

കായ്‌സിനെപ്പോലെ തുറന്നു പറയുന്ന അമ്മമാരാണ് ലോകത്തിനു വേണ്ടതെന്നു പറഞ്ഞ് നിരവധി പേരാണ് വീഡിയോ പങ്കുവെക്കുന്നത്.

Content Highlights: Mom Teaches Her Daughters That ‘Virginity’ Is A Myth & That Sex Is Important