ചെറിയ കുഞ്ഞുങ്ങളുടെ ആദ്യത്തെ കളിക്കൂട്ടുകാര്‍ പലപ്പോഴും അവരുടെ അമ്മമാര്‍ തന്നെയാവും. പക്ഷേ എപ്പോഴും അവര്‍ക്കൊപ്പം കളിക്കാനും അവരാവശ്യപ്പെടുന്ന കളികളില്‍ പങ്കാളികളാവാനും അമ്മമാര്‍ക്ക് എപ്പോഴും താല്‍പര്യമുണ്ടായെന്ന് വരില്ല, അമ്മയല്ലേ.. നിനക്കു ചെയ്താലെന്താ എന്ന് ചുറ്റുമുള്ളവരുടെ കുറ്റപ്പെടുത്തലുകള്‍ പേടിച്ച് മനസ്സില്ലാ മനസ്സോടെ 'മീ ടൈം' കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്‌ക്കേണ്ടി വരുന്ന അമ്മമാരുണ്ട്. അത്തരമൊരു അനുഭവം തുറന്നു പറയുകയാണ് ഇന്ത്യാനയില്‍ നിന്നുള്ള ലിന്‍ മേരി എന്ന യുവതി ടിക്ക് ടോക്കിലൂടെ.

' കഴിഞ്ഞ രാത്രി മകള്‍ എന്നോട് അവള്‍ക്കൊപ്പം കളിക്കാന്‍ കൂടാമോ എന്ന് ചോദിച്ചു. എന്നാല്‍ എനിക്ക് അത് ഇഷ്ടമായിരുന്നില്ല. അവളെ കൂട്ടി പുറത്തെവിടെയെങ്കിലും പോകണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. അല്ലാതെ ബാര്‍ബി പാവകള്‍ക്കൊപ്പം കളിക്കാന്‍ എനിക്കൊരു താല്‍പര്യവുമില്ലായിരുന്നു. അങ്ങനെ തോന്നിയതില്‍ എനിക്ക് മനസ്സില്‍ കുറ്റബോധം തോന്നിയിരുന്നു.' ലിന്‍ തന്റെ മനസ്സ് തുറന്നത് ഇങ്ങനെ. ഒടുവില്‍ ലിന്‍ പകുതി മനസ്സോടെ മകള്‍ക്കൊപ്പം കളിക്കാന്‍ കൂടിയെന്നും പറയുന്നുണ്ട്. എന്നാല്‍ രാവിലെ ഉണര്‍ന്നപ്പോള്‍ മകള്‍ അതേ അവശ്യമുന്നയിച്ച് വീണ്ടും ലിന്നിനടുത്തെത്തി. നോ പറയുന്നതിന് മമ്പേ തന്നെ രാത്രിയില്‍ അമ്മ ഒപ്പം കളിക്കാന്‍ വന്നത് വളരെ ഇഷ്ടമായി എന്ന മകളുടെ മറുപടിയാണ് ലിന്നിന് ലഭിച്ചത്. അതു തന്റെ ഹൃദയം തകര്‍ത്തെന്നും ലിന്‍. 

അമ്മ, അച്ഛന്‍ എന്നീ നിലകളില്‍ എല്ലാക്കാര്യങ്ങളും പൂര്‍ണമനസ്സോടെ ചെയ്യാന്‍ കഴിയാത്തത് ഒരു കുറ്റമല്ലെന്നും അതോര്‍ത്ത് മനസ്സ് വിഷമിപ്പിക്കേണ്ടെന്നും അതൊരു സാധാരണ കാര്യമാണെന്നുമാണ് ലിന്‍ പറയുന്നത്. 

മനസ്സില്ലാ മനസ്സോടെയാണ് എങ്കിലും വീണ്ടും അവള്‍ കളിക്കാന്‍ വിളിച്ചാല്‍ താന്‍ ഒപ്പം കൂടുമെന്നും ലിന്‍ വീഡിയോയില്‍ തുറന്നു പറയുന്നുണ്ട്. ഇന്ന് നിങ്ങളുടെ കുട്ടി അവര്‍ക്കൊപ്പം കളിക്കാന്‍ വിളിച്ചാല്‍ അഞ്ച് മിനിറ്റെങ്കിലും ശ്രമിച്ചു നോക്കൂ എന്നൊരു ഉപദേശവും ലിന്‍ നല്‍കുന്നു.

Content Highlights: Mom’s Honest Confession That She Hates Playing With Her Daughter’s Barbie Dolls