കൊച്ചി: ‘പ്രസന്റ് ടീച്ചർ’ എന്ന സ്വരംപോലെ അവരെല്ലാം ഇന്നും മോളി ടീച്ചറുടെ ഓർമകളിലുണ്ട്. 29 വർഷത്തിൽ താൻ പഠിപ്പിച്ച 14,765 കുട്ടികളെയും ടീച്ചർ ഓർത്തിരിക്കുന്നു. 1977-ൽ പഠിപ്പിച്ച 10-എയിലെ കുട്ടികൾമുതൽ 2006-ൽ പ്ലസ്‌വണ്ണിൽ പഠിപ്പിച്ച സയൻസ് ബാച്ചിലെ കുട്ടികൾവരെയുള്ള എല്ലാവരുടെയും പേരുകൾ മോളി ടീച്ചർ ഡയറിയിൽ എഴുതിവെച്ചിട്ടുണ്ട്. എറണാകുളം പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ വിരമിച്ച അധ്യാപിക മോളി ജോസിന്റെ ഡയറികൾ അധ്യാപക-വിദ്യാർഥി സ്നേഹബന്ധത്തിന്റെ സാക്ഷ്യപത്രമാണ്.

“1977-ലാണ് കോട്ടയം മാർ സലീനാസ് ഹൈസ്കൂളിൽ അധ്യാപികയായി ചേർന്നത്. ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ഞാൻ അന്നുമുതൽ എന്റെ കുട്ടികളുടെയെല്ലാം പേര് ഡയറിയിൽ എഴുതിവെക്കാൻ തുടങ്ങി. അടുത്ത വർഷം പുല്ലേപ്പടിയിലെ സ്കൂളിലേക്ക്‌ മാറിയപ്പോഴും ശീലം തുടർന്നു. 2006-ൽ വിരമിച്ചശേഷം വെറുതേയിരിക്കുന്ന സമയത്ത് പഴയ ഡയറികൾ വീണ്ടും വായിക്കുമായിരുന്നു. അങ്ങനെ ഒരു കൗതുകത്തിനാണ് പഴയ ഡയറികളിലെ എല്ലാ കുട്ടികളുടെയും എണ്ണം കൂട്ടിയെടുത്താലോയെന്ന്‌ ചിന്തിച്ചത്. അപ്പോഴാണ് 14,765 പേരെ പഠിപ്പിച്ചതായി മനസ്സിലായത്” -മോളി ടീച്ചർ പറഞ്ഞു. നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ളവർ ടീച്ചറുടെ ശിഷ്യരാണ്.

ടീച്ചറെക്കുറിച്ച് ഒരു സ്നേഹകഥ വിഷ്ണുവിനും പറയാനുണ്ട്. “ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരാളാണ് മോളി ടീച്ചർ. ഞാൻ ക്ലാസ് ലീഡറായിരുന്ന സമയത്ത് ടീച്ചർ ഒരു ദിവസം ഓഫീസിലേക്ക്‌ വിളിപ്പിച്ചു. ക്ലാസിൽ ഒറ്റജോടി യൂണിഫോം മാത്രമുള്ള കുട്ടികളെ കണ്ടെത്തി പേരുനൽകാൻ ആവശ്യപ്പെട്ടു. അപ്പോൾത്തന്നെ ഒരാളെ എനിക്കറിയാം, ബാക്കിയുള്ളവരെ ഉടനെ കണ്ടെത്താമെന്ന്‌ ഞാൻ പറഞ്ഞു. അതാരാണെന്നുചോദിച്ചപ്പോൾ ‘ഞാൻതന്നെ’ എന്നായിരുന്നു എന്റെ ഉത്തരം. അന്ന്‌ ടീച്ചറാണ് എനിക്ക്‌ രണ്ടാമതൊരു യൂണിഫോം വാങ്ങിത്തന്നത്’’ -വിഷ്ണു പറഞ്ഞു.

പാലാ കൊഴുവനാൽ സ്വദേശിയായ മോളി കനറാബാങ്കിൽനിന്ന്‌ വിരമിച്ച ഭർത്താവ് പി.ജെ. ജോസഫിനൊപ്പം കാക്കനാടാണ് താമസം. മക്കൾ മൂന്നുപേരും വിദേശത്താണ്. ടീച്ചറെ കാണാൻ ഇടയ്ക്കുവീട്ടിലെത്തുന്ന പൂർവ വിദ്യാർഥികൾക്കും പഴയ ഡയറിത്താളുകളിൽ തങ്ങളുടെ പേരുകാണുന്നതിന്റെ സന്തോഷമേറെയാണ്.

Content highlights: molly teacher remembering her 14,765 students