ആലത്തൂര്‍: ഓരോരുത്തര്‍ക്കും സന്തോഷം ഓരോ കാര്യങ്ങളാണ്. സ്വന്തം സന്തോഷം കണ്ടെത്തി ആ വഴിയിലൂടെ മുന്നോട്ടുപോവുകയെന്നത് മോളിടീച്ചര്‍ കൃത്യമായി പാലിക്കും. 64-ാം വയസ്സില്‍ ജീവിതം തീര്‍ന്നു. പ്രായമായി പെന്‍ഷനായി ഇനി വിശ്രമജീവിതമെന്ന് പറഞ്ഞ് മോളിടീച്ചര്‍ ഒരു മൂലയ്ക്ക് ഇരിക്കില്ല. കരകവിഞ്ഞൊഴുകുന്ന ഗായത്രിപ്പുഴ അക്കരയിക്കരെ നീന്തുക, കളരി അഭ്യസിക്കുക, വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുക... ഇങ്ങനെ ഇഷ്ടമുള്ളതൊക്കെ ചെയ്ത് ജീവിതം ആഘോഷമാക്കുകയാണ് ടീച്ചര്‍.

ജീവിതം കരകയറ്റി

ജീവിതപരീക്ഷയില്‍നിന്ന് നിശ്ചദാര്‍ഢ്യംകൊണ്ടുമാത്രം നീന്തി കരകയറിയയാളാണ് മോളി. തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം വാഴക്കാലത്തോപ്പില്‍ ജോസഫിന്റെ മകള്‍ കളിച്ചുവളര്‍ന്നത് വീട്ടിനരികിലെ തോട്ടിലാണ്. തൊടുപുഴയില്‍നിന്ന് 1975-ല്‍ ജോസഫും കുടുംബവും പഴമ്പാലക്കോട്ട് തോട്ടംവാങ്ങി താമസമാക്കി. 1977-79 ബാച്ചില്‍ ആലത്തൂര്‍ എസ്.എന്‍. കോളേജില്‍ ബി.എസ്സി. ബയോളജിക്ക് പഠിക്കുമ്പോള്‍ കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാനായി. 1983-ല്‍ പഴമ്പാലക്കോട് എസ്.എം.എം.എച്ച്.എസ്സില്‍ അധ്യാപികയായി. 1984-ല്‍ ആലത്തൂര്‍ ഗവ. ഗേള്‍സ് സ്‌കൂള്‍ അധ്യാപകന്‍ ജോര്‍ജ് വെട്ടിക്കുഴിയെ വിവാഹം ചെയ്തു. 1992-ല്‍ ഭര്‍ത്താവിന്റെ ആകസ്മിക വേര്‍പാടോടെ രണ്ട് മക്കളെയും ചേര്‍ത്തുപിടിച്ചായി ജീവിതയാത്ര. മക്കളായ ജിമിയയും ശീതളും വിവാഹിതരായി.

പുഴ നീന്തിക്കയറി

പതിനാലാം വയസ്സില്‍ നിര്‍ത്തിയ നീന്തല്‍ മറന്നിട്ടില്ലെന്ന് മോളി തെളിയിച്ചത് 30 വര്‍ഷത്തിനുശേഷം അമ്പത്തിനാലാം വയസ്സിലാണ്. സഹോദരനൊപ്പം ഗായത്രിപ്പുഴ നീന്തി അക്കരെപോയി തിരിച്ചെത്തി. പുഴയ്ക്ക് 110 മീറ്റര്‍ വീതിയുണ്ട്. ഈ ദൂരം അക്കരയിക്കരെ പോയിവരാന്‍ ടീച്ചര്‍ക്ക് 10 മിനിട്ട് വേണ്ട. പുഴയില്‍ മുങ്ങാതെ 10 മിനിട്ട് നേരം പൊങ്ങിക്കിടക്കാനും കഴിയും. ചീരക്കുഴിഡാമിന് മുകള്‍ഭാഗത്ത് പഴമ്പാലക്കോട് തോട്ടുമ്പള്ളയിലാണ് മോളി പുഴയില്‍നീന്തുന്നത്. ഇവിടെ വേനല്‍ക്കാലത്തും വെള്ളം ഉണ്ടാകും.

ലക്ഷ്യം വെറ്ററന്‍സ് മീറ്റ്

ചെറുപ്പത്തില്‍ നീന്തല്‍രംഗത്ത് തുടരാതിരുന്നതിന്റെ വിഷമം ഇപ്പോഴാണ് തോന്നുന്നതെന്ന് ടീച്ചര്‍ പറയുന്നു. വെറ്ററന്‍സ് മീറ്റില്‍ ഒന്ന് പയറ്റാനാണ് ഇപ്പോള്‍ ആലോചന. നടുവേദനയ്ക്ക് ഏറ്റവുംനല്ല പ്രതിവിധി നീന്തലാണെന്നാണ് സ്വന്തം അനുഭവത്തില്‍നിന്നുള്ള അഭിപ്രായം.

കളരിയും വഴങ്ങും

പതിനാല് വയസ്സ് ആയപ്പോഴേക്കും മോളി കളരി അഭ്യാസവും സ്വായത്തമാക്കി. വടിത്തല്ല്, ഉറുമി, വളുംപരിചയും, അടിതട തുടങ്ങിയ എല്ലാ മുറകളും അറിയും. സഹോദരന്മാര്‍ക്കും പിതൃസഹോദരപുത്രന്മാര്‍ക്കുകുമായി വീട്ടില്‍ കളരിയുണ്ടായിരുന്നു. വീട്ടില്‍ കളിക്കിടെ അടികൂടുമ്പോള്‍ ആങ്ങളമാരുടെ അടിതടയാവന്‍ മടിച്ചിരുന്നില്ല. ഇപ്പോഴും ടീച്ചര്‍ കളരി അഭ്യാസമുറകള്‍ പരിശീലിക്കുന്നുണ്ട്. കളരി അസോസിയേഷനുമായി ബന്ധപ്പെട്ട് മുതിര്‍ന്നവരുടെ കളരി സംഘടിപ്പിക്കാനും ടീച്ചര്‍ക്ക് ആഗ്രഹമുണ്ട്.

ലോണെടുത്ത് യാത്രപോകും

യാത്രകള്‍ മോളി ടീച്ചറുടെ ക്രേസാണ്. ചെറുപ്പത്തില്‍ സ്‌കൂളില്‍നിന്നുള്ള പഠന യാത്രകള്‍ മുടക്കില്ലായിരുന്നു. ഭര്‍ത്താവിന്റെ മരണം, ചെറിയ കുട്ടികളുടെ സംരക്ഷണം, ജോലി എന്നിവയൊക്കെമൂലം ഇടക്കാലത്ത് യാത്രകള്‍ എന്ന സ്വപ്നം ഉള്ളില്‍ ഒതുക്കി. വിരമിച്ചശേഷം യാത്രകള്‍ക്ക് ഏറെ സമയംകിട്ടി. സൗത്ത് ആഫ്രിക്ക, ഇസ്രയേല്‍, ആന്‍ഡമാന്‍, ലക്ഷദ്വീപ്, മണാലി എന്നിവിടങ്ങളിലെല്ലാം പോയി. യാത്രകള്‍ പോകാന്‍ വായ്പയെടുക്കും. തിരിച്ചെത്തിയാല്‍ പെന്‍ഷന്‍തുക ഉപയോഗിച്ച് വായ്പ തിരിച്ചടയ്ക്കും. വീണ്ടും യാത്രപോകുമ്പോള്‍ വായ്പയെടുക്കും. അതാണ് മോളിടീച്ചറുടെ ട്രാവല്‍ സ്‌റ്റൈല്‍.

Content Highlights: Molly teacher and her life