'മോഡലിങ് ഒരിക്കലും തന്റെ ലക്ഷ്യമായിരുന്നില്ല, കാരണം ഗ്രൂമിങ് സെക്ഷനുകള്‍ക്ക് പോകാനുള്ള സാമ്പത്തിക എനിക്ക് ശേഷി ഉണ്ടായിരുന്നില്ല..'മിസ് ഇന്ത്യ 2020 റണ്ണറപ്പായ മന്യ സിങിന്റെ വാക്കുകളാണ് ഇത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 19 കാരി മന്യയുടെ വിജയ കഥ ഏറെപ്പേര്‍ക്ക് പ്രചോദനം നല്‍കിയിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛനും ഹെയര്‍സ്‌റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന അമ്മയും അടങ്ങുന്ന കുടുംബം മന്യയുടെ സ്വപ്‌നങ്ങള്‍ക്കായി പരിശ്രമിച്ചതിന്റെ കഥകള്‍ വാര്‍ത്തകളില്‍ ഏറെ നിറഞ്ഞിരുന്നു. നിരവധി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുകയാണ് മന്യയിപ്പോള്‍.

എന്നാല്‍ മോഡലിങ് തന്റെ സ്വപ്‌നമായിരുന്നില്ല എന്ന് പറയുകയാണ് മന്യ ന്യൂസ് 18 ന്യൂസുമായുള്ള അഭിമുഖത്തില്‍. ' ഞാന്‍ ഫാഷന്‍ ലോകത്ത് എത്തിയത് എന്നെ തന്നെ വളര്‍ത്താന്‍ വേണ്ടിയാണ്. അതേ സമയം എനിക്ക് അറിയാമായിരുന്നു ഗ്രൂമിങ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ എനിക്ക് കഴിയില്ല എന്ന്. അത്തരത്തില്‍ പരിശീലനം നേടിയ ആളുകളെ നിരീക്ഷിച്ച് പഠിച്ച ശേഷമാണ് ഞാന്‍ ഓഡിഷനുകള്‍ക്ക് പോയത്. മോഡലുകള്‍ ചെയ്യുന്നതുപോലെ എന്റെ വ്യക്തിത്വത്തെ ചിട്ടപ്പെടുത്താനാണ് ശ്രമിച്ചത്.' 

ഈ മത്സരത്തിന് എത്തുന്നതു വരെ മോഡലിങിലേക്ക് തിരിയാന്‍ തനിക്കൊരു പ്ലാനുമില്ലായിരുന്നെന്നും മന്യ പറയുന്നു.' എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു,ഒപ്പം കഠിനാധ്വാനവും ചെയ്തിരുന്നു. ഫിനാലെയുടെ സമയത്ത് ഞാന്‍ എനിക്ക് പറ്റുന്നതിന്റെ പരമാവധി ശ്രമിക്കും എന്ന് മാത്രമാണ് തീരുമാനിച്ചിരുന്നത്. ബാക്കിയെല്ലാം വിധികര്‍ത്താക്കളുടെ കൈയിലാണ് എന്ന് ഉറപ്പിച്ചിരുന്നു. റാംപിലേക്ക് പോകുമ്പോള്‍ ഇത് എന്റെ അവസാന റാംപ് വാക്കായിരിക്കും എന്നത് മനസ്സില്‍ ഉറപ്പിച്ചാണ്‌  നടന്നതും.' മന്യ തുടരുന്നത് ഇങ്ങനെ.   

'ഇത് ഒരു വലിയ ഉത്തരവാദിത്തമാണ്. ഓരോ പെണ്‍കുട്ടിയും ഏറ്റവും മികച്ചത് അര്‍ഹിക്കുന്നു എന്ന അവബോധം വളര്‍ത്താന്‍ ഞാന്‍ പരിശ്രമിക്കും.  അവര്‍ ചെയ്യേണ്ടത് സ്വയം വിശ്വസിക്കുക മാത്രമാണ്, അങ്ങനെയെങ്കില്‍ ആര്‍ക്കും അവരെ തടയാന്‍ കഴിയില്ല.' സ്വന്തം ജീവിതത്തില്‍ നിന്ന് മന്യ നല്‍കുന്ന സന്ദേശം ഇതാണ്.

Content Highlights: Modelling was Never an Option for Me told Miss India Runner up Manya