കൊച്ചി: സ്‌കൂൾ പഠിക്കുന്ന കാലം മുതൽ മോഡലിങ്ങും റാംപ് ഷോകളുമായിരുന്നു അവളുടെ മനസ്സിൽ. ഇഷ്ടമുള്ള ഉടുപ്പിടുമ്പോൾ നല്ലൊരു ഫോട്ടോയെടുക്കുമ്പോഴൊക്കെ എറീക്ക ടോമിയുടെ മനസ്സിൽ മോഡലിങ് തന്നെയായിരുന്നു സ്വപ്നം. എന്നാൽ, അതിനായി പണച്ചെലവുണ്ടെന്ന് തിരിച്ചറിഞ്ഞത് കുറച്ച് മുതിർന്നപ്പോഴാണെന്ന് എറീക്ക പറയുന്നു. സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനി സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തിൽ മിസ് കേരള വിജയിയാണ് എറീക്ക. മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ സ്വന്തമായി അധ്വാനിച്ചു പണമുണ്ടാക്കിയാണ് ഇതിലേക്കെത്തിയതെന്നും അതിൽ ഏറെ അഭിമാനമുണ്ടെന്നും അവൾ പറയുന്നു. ട്യൂഷനെടുത്തും പാർട്ട് ടൈം ജോലി ചെയ്തുമെല്ലാമാണ്‌ പൈസയുണ്ടാക്കിയത്. പാഷനു പിന്നാലെ പോകുമ്പോൾ അച്ഛനുമമ്മയ്ക്കും നമ്മളൊരു ബാധ്യതയാവരുതെന്നു ചിന്തിച്ചിരുന്നു. സ്വപ്‌നങ്ങളുടെ ഉത്തരവാദിത്വം നമ്മളുടേതു കൂടിയല്ലേയെന്നാണ് എറീക്കയുടെ ചോദ്യം.

മോഡലിങ് എന്ന തുടക്കം

സുഹൃത്തുക്കളോടൊപ്പവും അല്ലാതെയും ചെറിയ രീതിയിൽ ഫോട്ടോ ഷൂട്ടുകളൊക്കെ കോളേജ് സമയത്തുതന്നെ ചെയ്തിരുന്നു. എന്നാൽ, അതുപോലെ എളുപ്പമല്ല സൗന്ദര്യ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പ്. ‘ഫാഷന്റെ ലോകം എന്നും വല്ലാതെ മോഹിപ്പിച്ചിരുന്നു. ചെറിയൊരു അവസരം പോലും നഷ്ടപ്പെടുത്താതെ എല്ലാത്തിനും പങ്കെടുക്കും. അങ്ങനെയാണ് ചെന്നൈയിൽ നടന്ന ഗിന്നസ് റെക്കോഡ്‌ നേടിയ ഫാഷൻ ഷോയുടെ ഭാഗമായത്’- എറീക്ക പറയുന്നു. 

ഏറ്റവുമധികം ഡിസൈനർമാർ പങ്കെടുത്ത വലിയ ഫാഷൻ ഷോയിൽ 200 മോഡലുകളിലൊരാളായിരുന്നു എറീക്ക‌. 27 മണിക്കൂർ തുടർച്ചയായുള്ള ഫാഷൻ ഷോയിൽ 50 ഫാഷൻ ഔട്ട്ഫിറ്റുകളാണ് എറീക്ക അണിഞ്ഞത്. മോഡലിങ്‌ കൂടാതെ ആങ്കറിങ്ങും എറീക്കയ്ക്ക് പ്രിയപ്പെട്ടതാണ്. മോഡലിങ്ങും ഫാഷൻ ഷോകളും മോഹിപ്പിക്കുമ്പോഴും സ്ഥിര വരുമാനമുള്ള ജോലി കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് അവൾ പറയുന്നു. അച്ഛനും അമ്മയും എല്ലാത്തിനുമൊപ്പമുണ്ട്. തേവര സേക്രഡ് ഹാർട്ട് കോളേജിൽനിന്ന്‌ ബി.കോം പൂർത്തിയാക്കിയ എറീക്ക വിദേശത്തേക്ക് പഠിക്കാൻ പോകുന്നതിന്റെ തയ്യാറെടുപ്പിലാണ്. 

പഠനത്തോടൊപ്പം ജോലിയും ചെയ്യണം. എത്രയും വേഗം കുടുംബത്തിനു തണലാകണം. ഇതൊക്കെയാണ് സ്വപ്‌നങ്ങൾ. മോഡലിങും റാംപ് ഷോകളുമെല്ലാം ഇതിനൊപ്പം കൊണ്ടുപോകണമെന്നാണ് ആഗ്രഹം. പനമ്പിള്ളി നഗറിൽ സുനിൽ മനയ്ക്കലിന്റെയും സോണിയ ടോമിയുടെയും മകളാണ്. സഹോദരി: സെറീക്ക.

Content Highlights: model Erica Tomy sharing experience