സൗന്ദര്യം ഉണ്ടെന്നതിന്റെ പേരില്‍ ജോലി നഷ്ടമാകുമോ? നഷ്ടമാകും എന്നാണ് റുമാനിയന്‍ മുന്‍ മോഡലും സൗന്ദര്യമത്സരങ്ങളിലെ കിരീടജേതാവുമായ ക്ലോഡിയ അര്‍ഡിലീന്‍ പറയുന്നത്.  സൗന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ ജോലിയില്‍ നിര്‍ബന്ധപൂര്‍വം പറഞ്ഞുവിട്ടുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അവര്‍.  

നിയമത്തില്‍ രണ്ട് ബിരുദവും യൂറോപ്യന്‍ എത്തിക്‌സില്‍ ബിരുദാനന്തര ബിരുദവുമുണ്ട് 27 കാരിയായ ക്ലോഡിയക്ക്. റൊമേനിയന്‍ ന്യുമോണിയ ക്ലിനിക്ക് ഹോസ്പിറ്റലില്‍ തനിക്ക് ജോലി ലഭിച്ച സന്തോഷം അറിയിച്ചുകൊണ്ട് ഒരു പോസ്റ്റും ക്ലോഡിയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

എന്നാല്‍ പോസ്റ്റിട്ടതിന് പിന്നാലെ അത് പിന്‍വലിക്കേണ്ടി വരുകയും ചെയ്തു. കാരണം വേറൊന്നുമല്ല  ക്ലോഡിയയുടെ സൗന്ദര്യം കാരണമാണ് ജോലി ലഭിച്ചതെന്നായിരുന്നു പലരുടേയും കമന്റ്. വിമര്‍ശനം രൂക്ഷമായതോടെ  ആശുപത്രി ബോര്‍ഡ് ക്ലോഡിയയോട് രാജി ആവശ്യപ്പെടുകയായിരുന്നു എന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ബോര്‍ഡിന്റെ തീരുമാനത്തിനെയും തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളെയും കുറിച്ച് ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്ലോഡിയ. 'ലഭിച്ച ജോലിക്ക് വേണ്ട എല്ലാ യോഗ്യതകളും തനിക്കുണ്ടായിരുന്നു. താനൊരു അഭിഭാഷകയാണ്. നിയമത്തില്‍ രണ്ട് ഡിഗ്രികളുണ്ട്. സ്വന്തമായി ഒരു ബിസിനസും നടത്തുന്നു. ഒരാളുടെ കഴിവും യോഗ്യതയും നിര്‍ണയിക്കുന്നതില്‍ സൗന്ദര്യത്തിന് പങ്കുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും' ക്ലോഡിയ പറയുന്നു.

ക്ലോഡിയയെ ജോലിയില്‍ നിന്നും നിര്‍ബന്ധപൂര്‍വം ഒഴിവാക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് ക്ലജ് കൗണ്‍സില്‍ പ്രസിഡന്റ് അലിന്‍ ടിസ് പ്രതികരിച്ചു. ക്ലോഡിയയുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും മോശം വാര്‍ത്തകളും ഒഴിവാക്കാനാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Model Claims She Was Forced to Resign From Her Job Because  Too Beautiful