ML vasanthakumariപാട്ടുപെട്ടി കർണാടക സംഗീതം ഒഴുക്കുന്ന വീട്ടിൽ നിന്നു തുടങ്ങുന്ന പാട്ടോർമകൾ ഡി.കെ. പട്ടമ്മാൾജയന്തിക്ക്‌ ഞാൻ പങ്കുവച്ചിരുന്നു. ടേപ്പ് റെക്കോഡർ പൊഴിക്കുന്ന സംഗീതത്തിനൊപ്പം കാസെറ്റ്‌ കവറുകളിലെ ചിരിച്ച മുഖങ്ങൾ ഞങ്ങളുടെ പാട്ടിന്റെ കൂട്ടുകാരുമായി. എം.എസ്. സുബ്ബലക്ഷ്മിക്കും ഡി.കെ. പട്ടമ്മാളിനുമൊപ്പം കർണാടക സംഗീത ലോകത്ത് തിളങ്ങിനിന്ന എം.എൽ. വസന്തകുമാരിയും എം.എൽ.വി. സംഗീതവും എന്റെ വീട്ടിലും നിറഞ്ഞുനിന്നിരുന്നു.

പാട്ടുപെട്ടിയിലൂടെ കൂട്ടുകൂടാൻ നിർഭാഗ്യവശാൽ എനിക്ക്‌ സാധിക്കാനാവാതെ പോയ ഒരേ ഒരു സംഗീതജ്ഞ ടി. ബൃന്ദ ആണ്. ഏതൊരു സംഗീത വിദ്യാർഥിയും തന്റെ കലയുടെ ചരിത്രം അന്വേഷിക്കുമ്പോൾ ടി. ബൃന്ദയുടെ സംഗീതം എന്ന വൈശിഷ്ട്യം തെളിഞ്ഞുവരും. ടി. ബൃന്ദയെ പോലൊരു അസാമാന്യ സംഗീതജ്ഞയുടെ സംഗീതത്തെ മനസ്സിലാക്കാൻ അവരുടെ സംഗീതത്തെ അന്വേഷിച്ചു പോവണം. അന്വേഷിച്ചു പോകുന്ന മാർഗവും അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെയാകണം ടി. ബൃന്ദയുടെ സംഗീതം, കാസെറ്റിലെ ചിരിച്ച കവർച്ചിത്രം എന്ന നിലയ്ക്ക് പോപ്പുലർ കർണാടക സംഗീതത്തിനൊപ്പം എനിക്ക് ലഭിക്കാതെ പോയതും.

ടി. ബൃന്ദ, ഡി.കെ. പട്ടമ്മാൾ, എം.എസ്. സുബ്ബലക്ഷ്മി എന്നിവർക്കൊപ്പം എം.എൽ. വസന്തകുമാരിയും ചേരുന്ന നാൽവർ സംഗീതജ്ഞരെ, കഴിഞ്ഞ നൂറ്റാണ്ടിനെ ഏറ്റവും സ്വാധീനിച്ച ക്ലാസിക്കൽ ഗായികമാർ എന്ന് ചരിത്രം അടയാളപ്പെടുത്തുന്നു. ടി. ബൃന്ദയുടെ സംഗീതത്തിലെ ആകർഷകത്വം, പട്ടമ്മാൾ സംഗീതത്തിലെ ലയം, വിദ്വത് എം.എസ്. സുബ്ബലക്ഷ്മി സംഗീതത്തിലെ ശബ്ദനിയന്ത്രണം, മെലഡി തുടങ്ങിയ പല ഘടകങ്ങളും ചേരുന്ന അസാധാരണ ശൈലി യാണ് എം.എൽ.വി. നിർമിച്ചത്. ജി.എൻ. ബാലസുബ്രഹ്മണ്യം എന്ന സമാനതകളില്ലാത്ത മഹാ സംഗീതജ്ഞന്റെ പ്രഥമ ശിഷ്യയായ എം.എൽ.വി.യുടെ ശൈലിയിൽ ജി.എൻ.ബി. സംഗീതത്തിന്റെ സാദൃശ്യം സ്വാഭാവികമായും ഉണ്ടായിരുന്നു. അതുവരെ ആരും കേൾക്കാത്ത, ഇന്നൊവേറ്റീവ് എന്നു വിളിക്കാവുന്ന ആധുനികമായ ശൈലി സൃഷ്ടിച്ച ജി.എൻ.ബി.യുടെ സംഗീതത്തിലെ ആധുനികത എം.എൽ.വി.യുടെ സംഗീതത്തിലും കലർന്നിട്ടുണ്ട്.

ജി.എൻ.ബി. മാറ്റി നിർത്തിയിരുന്ന പാരമ്പര്യ ഘടകങ്ങൾ, എന്നാൽ എം.എൽ.വി.യുടെ ശൈലിയിൽ ചേർന്നിട്ടുണ്ടുതാനും. ഇന്നൊവേഷനും സമ്പ്രദായവും കൃത്യമായ അനുപാതത്തിൽ കൂട്ടിച്ചേർത്ത എം.എൽ.വി. സംഗീതം വേറിട്ടുനിൽക്കുന്നു. വേഗമുള്ള ബൃഗ നിറഞ്ഞ ജി.എൻ.ബി.യുടെ സംഗീതത്തിൽ ഗമകങ്ങൾക്ക് പ്രാധാന്യം ഇല്ല. എം.എൽ.വി.യുടെ സംഗീതത്തിൽ വേഗവും ചെത്തിമിനുക്കി അളവിനുണ്ടാക്കിയ ബൃഗകളും മറ്റും ജി.എൻ.ബി. ശൈലിയായി കടന്നുവരുമ്പോൾത്തന്നെ ഗമകങ്ങൾ അതിന്റെ എല്ലാ ഭംഗിയോടും കൂടി എത്തിനോക്കുന്നുണ്ട്. ഇന്ന് ഇന്നൊവേഷൻ എന്നത് സാധാരണമായി മാറിയ ഒരു പദമാണ്. ക്രിയേറ്റിവിറ്റിയും ഇന്നൊവേഷനും ഒക്കെ മുൻ തലമുറയിലെ സംഗീതജ്ഞർ ഇന്നത്തേതിലുമേറെ പരീക്ഷിച്ചിട്ടുണ്ട്.

എം.എൽ.വി.യുടെ ഓരോ കച്ചേരിയിലും നൂതനം എന്നു വിളിക്കാവുന്ന എന്തെങ്കിലുമൊന്ന് തീപ്പൊരി പോലെ തിളങ്ങി. എം.എൽ.വി.യുടെ പാട്ടിലെ ചൊടി വരണം എന്ന് എന്റെ ഗുരു ഞങ്ങൾ പെൺകുട്ടികളോട് ആവർത്തിച്ചു. നിദാനമായ ആലാപനവും ചുറുചുറുക്കും ഇടകലർന്നു വരുന്ന എം.എൽ.വി.യുടെ ശൈലി അനുകരിക്കൽ ക്ലേശകരമാണ്.

കർണാടക സംഗീതത്തിൽ ആൺ ഗായകർ മേൽക്കൈ നേടിയിരുന്ന വിഭാഗമാണ് ‘രാഗം, താനം, പല്ലവി’. കാഞ്ചിപുരം ധനകോടി അമ്മാൾ എന്ന ഗായികയാണ് ആദ്യമായി ‘രാഗം, താനം, പല്ലവി’ ആലാപനം ധൈര്യമായി പരീക്ഷിക്കുന്നതും അതിൽ വിജയിക്കുന്നതും. ഡി.കെ. പട്ടമ്മാൾ ‘പല്ലവി പട്ടമ്മാൾ’ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടു. എം.എൽ. വസന്തകുമാരിയും ‘പല്ലവി സ്പെഷ്യലിസ്റ്റ്’ എന്ന് അതിവേഗം അംഗീകരിക്കപ്പെട്ടു. പ്രയോഗങ്ങളിലെ ടെക്നിക്കിനൊപ്പം അസാമാന്യ ബുദ്ധിപാടവവും താളബോധവുമുള്ള ഗായകർക്ക് മാത്രമേ പല്ലവി മികച്ച രീതിയിൽ അവതരിപ്പിക്കാനാകൂ.
കൃത്യമായ തയ്യാറെടുപ്പു നടത്തിയാണ് ഗായകരൊക്കെത്തന്നെയും പല്ലവി അവതരിപ്പിക്കുക. സങ്കീർണമായ താളങ്ങളിലുള്ള പല്ലവികൾ തങ്ങളുടെ വിദ്വത് വെളിവാക്കുന്നതിന്റെ അടിസ്ഥാനം ആകുന്നുവെന്നതിൽ സംഗീതജ്ഞർ ജാഗരൂകരാണ്. എം.എൽ.വി. പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ വീട്ടിൽ വച്ച് നടത്തുകയും മറ്റുമില്ല. കച്ചേരി സ്ഥലത്തേക്ക് പോകുമ്പോൾ കാറിൽ ഇരുന്ന്‌ അനായാസേന പല്ലവി ‘സെറ്റ്’ ചെയ്യുമായിരുന്നു എന്ന് പ്രധാന ശിഷ്യ സുധ രഘുനാഥനും ദീർഘകാല വയലിൻ സഹചാരി കന്യാകുമാരിയും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
താളക്കണക്കുകളിൽ അതിനിപുണയായിരുന്ന എം.എൽ.വി.യെ പക്കമേളക്കാർ ഭയപ്പെട്ടിരുന്നുവെന്നും വായിച്ചറിയാൻ ഇടയായിട്ടുണ്ട്. ‘രാഗം, താനം, പല്ലവി’യെ കുറിച്ച് നിരവധി ‘ലെക്ചർ ഡെമോൺസ്‌ട്രേഷനു’കൾ എം.എൽ.വി. നിർവഹിച്ചിട്ടുണ്ട്.

എം.എൽ.വി.യുടെ കച്ചേരി കേൾക്കാൻ എം.എസ്. സുബ്ബലക്ഷ്മി മദ്രാസ് മ്യൂസിക് അക്കാദമിയിലെ മുൻ നിരയിൽ പലതവണ ഇടംപിടിച്ചു.

ഉസ്താദ് ബഡേ ഗുലാം അലി ഖാനുമായുള്ള സൗഹൃദത്തോടൊപ്പം ജി.എൻ. ബാലസുബ്രഹ്മണ്യം ഹിന്ദുസ്ഥാനി സംഗീതത്തിൽ പ്രാവീണ്യം നേടിയിരുന്നു. ആ വൈദഗ്ദ്ധ്യത്തിന്റെ അംശങ്ങൾ എം.എൽ.വി.യും സ്വീകരിച്ചിരുന്നു. പുരന്ദരദാസരുടെ കൃതികൾ പ്രചരിപ്പിക്കുന്നതിൽ മുഖ്യ സ്ഥാനം വഹിക്കുന്നതും എൽ.എൽ.വി. തന്നെ. ‘ബാരോ കൃഷ്ണയ്യ’യും ‘ഇന്നുഡയ ബാരദേ’യും നമ്മൾ ആദ്യം കേട്ടത് എം.എൽ.വി.യുടെ ശബ്ദത്തിലാകണം. 1940 കളിൽ തുടങ്ങി, 1970 വരെ മുന്നൂറോളം സിനിമകളിൽ എം.എൽ.വി. പാടിയിട്ടുണ്ട്. ‘ആഹഹാ വാഴ്വിലെ എന്നാനന്ദം’, ‘എല്ലാം ഇമ്പമയം’, ‘വാഴ്‌ക വാഴ്‌കവേ’ തുടങ്ങിയ എത്രയോ സൂപ്പർ ഹിറ്റ് സിനിമാ ഗാനങ്ങൾ.

ഇന്ന് എം.എൽ. വസന്തകുമാരിയുടെ തൊണ്ണൂറാം പിറന്നാൾ ആണ്. ‘എം.എൽ.വി.-90’ എന്നു പേരിട്ട ആഘോഷ പരിപാടികൾ തമിഴ്‌നാട്ടിൽ ആരംഭിച്ചു കഴിഞ്ഞു. എം.എൽ.വി.യുടെ ശിഷ്യരും ആരാധകരും രസികരുമൊക്കെ മുന്നിട്ടിറങ്ങിയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. എം.എൽ.വി.യുടെ ശിഷ്യരിൽ തികഞ്ഞ എം.എൽ.വി. ‘ബാണി’ ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്നൊരു വലിയ സംശയം ഈ ചെറിയ കലാകാരിയായ എനിക്കുണ്ട്.

എം.എൽ.വി. മരിക്കുന്നത് 62-ാം വയസ്സിലാണ്. സംഗീതജീവിതത്തിൽ അത് ചെറുപ്പമാണ്. ആയുസ്സ് ലഭിച്ചിരുന്നുവെങ്കിൽ ആ സംഗീതം ആസ്വാദകർക്ക് ഇനിയും എത്ര വർഷങ്ങൾ കേൾക്കാൻ സാധിക്കുമായിരുന്നു. കേൾവി ഒരു അനുഭൂതിയാണ്.
സംഗീത വിദ്യാർഥിക്ക്‌ കേൾവിജ്ഞാനം അത്യാവശ്യമായ ഒരു സംഗതി തന്നെ. കേൾവിയുടെ അനുഭൂതിയിലും മീതെ സാങ്കേതികത്വത്തിലും മറ്റും വിദ്യാർഥിക്ക് ശ്രദ്ധിക്കണമല്ലോ. വെറും കേൾവിക്കാരന് ഇത്തരം ഒരു ബാധ്യതയും പാലിക്കേണ്ടതില്ല. കേൾവിയുടേത് മറ്റൊരു ലോകമാണ്. പലയാവർത്തി കേട്ട്, കേൾവിക്കാരൻ ഉള്ളിൽ പാർപ്പിക്കുന്ന ഒരു സംഗീതമുണ്ട്.

എം.എൽ.വി. ഇന്നുണ്ടായിരുന്നുവെങ്കിൽ കേൾവിക്കാരന്റെ ഉള്ളിലുറച്ച സംഗീതവും പുറംലോകത്തെ സംഗീതവും ഒരുപോലെ പ്രകാശമാനമാകുമായിരുന്നുവല്ലോ.