ലോകസുന്ദരിപ്പട്ടം നേടിയ ഡോക്ടർ സുന്ദരി. 2017ൽ ഹരിയാണയിൽ നിന്നുള്ള മാനുഷി ഛില്ലർ എന്ന മെഡിസിൻ വിദ്യാർഥി മിസ് വേൾഡ് പട്ടം നേടിയപ്പോൾ മിക്കവരും വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. സൗന്ദര്യവേദിയിൽ നിന്ന് ഒടുവിൽ സിനിമാ ലോകത്തും തുടക്കം കുറിച്ച മാനുഷി ഇപ്പോൾ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. നവംബർ എന്ന മാസം തനിക്ക് പ്രിയപ്പെട്ടതാവുന്നത് എങ്ങനെയെന്ന് കുറിച്ചിരിക്കുകയാണ് മാനുഷി. 

ലോകസുന്ദരി കിരീടം നേടിയ ചിത്രവും പുതിയ സിനിമ പൃഥ്വിരാജിൽ നിന്നുള്ള ചിത്രവും ചേർത്തുവച്ചാണ് മാനുഷി കുറിക്കുന്നത്. രണ്ടും നടന്നത് ഓരോ നവംബറിലാണെന്ന് പറയുകയാണ് മാനുഷി. 

2017 നവംബറിലായിരുന്നു മാനുഷിക്ക് മിസ് വേൾ‍ഡ് പട്ടം നേടിയത്. ആദ്യചിത്രം പൃഥ്വിരാജിന്റെ ട്രെയിലർ പുറത്തിറങ്ങിയത് ഈ നവംബർ പതിനഞ്ചിനും. അതുകൊണ്ടുതന്നെ നവംബർ എക്കാലവും സ്പെഷലായിരിക്കുമെന്ന് കുറിക്കുകയാണ് മാനുഷി. അക്ഷയ് കുമാർ നായകനായെത്തുന്ന പൃഥ്വിരാജ് മാനുഷിയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രവുമാണ്.

ഒരേസമയം താൻ വികാരാധീനയും ആഹ്ലാദഭരിതയും ആവേശഭരിതയും ആവുന്നതിനൊപ്പം ജിജ്ഞാസയും നെർവസുമാവുന്നു എന്ന് മാനുഷി കുറിക്കുന്നു. മുന്നിൽ വരാനിരിക്കുന്ന കാര്യങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുകയാണെന്നും മാനുഷി കുറിച്ചു.

2017ൽ മാനുഷിയുടെ നേട്ടത്തോടെ പതിനേഴുവര്‍ഷത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് വീണ്ടും ‌ലോകസുന്ദരിപ്പട്ടം ലഭിക്കുന്നത്. ചൈനയിലെ സാന്യയില്‍ നടന്ന മത്സരത്തില്‍ 108 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയായിരുന്നു മാനുഷി കിരീടം ചൂടിയത്. കിരീടം നേടുമ്പോൾ ഹരിയാണയിലെ ഭഗത് ഫൂല്‍ സിങ് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയായിരുന്നു മാനുഷി. 

ലോകസുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. റീത്താ ഫാരിയ, ഐശ്വര്യാ റായി, ഡയാന ഹെയ്ഡന്‍, യുക്താമുഖി, പ്രിയങ്കാ ചോപ്ര എന്നിവരാണ് ഇതിനുമുമ്പ് സൗന്ദര്യത്തിനുള്ള ലോകകിരീടം ഇന്ത്യയിലെത്തിച്ചവര്‍.

Content Highlights: miss world To prithviraj, manushi chhillar instagram post, manushi chhillar journey