രുപത്തിയൊന്ന് വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ മണ്ണിലേക്ക് വിശ്വസുന്ദരിപ്പട്ടം എത്തിച്ചതിന്റെ ആവേശത്തിലാണ് പഞ്ചാബി സുന്ദരി ഹർനാസ് സന്ധു. നേട്ടം ആഘോഷമാക്കുന്നതിനിടയിൽ വിശ്വസുന്ദരി വേദിയിൽ വച്ച് സ്റ്റീവ് ഹാർവി ഹർനാസിനോട് ചോദിച്ച ചോദ്യം വിവാദമാവുകയും ചെയ്തിരുന്നു. ഹർനാസിനെക്കൊണ്ട് സ്റ്റീവ് ഹാർവി മിമിക്രി ചെയ്യിച്ചതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. എന്നാൽ ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹർനാസ്

വേദിയിൽ മത്സരാർഥികളോട് അവരുടെ നേട്ടങ്ങളെക്കുറിച്ച് ചോദിക്കുകയായിരുന്നു സ്റ്റീവ് ഹാർവി. എന്നാൽ ഹർനാസിനോട് ചോദിച്ച ചോദ്യമാണ് വിമർശനങ്ങളിലേക്ക് വഴിവെച്ചത്. താങ്കൾ മൃ​ഗങ്ങളെ അനുകരിക്കുമെന്നു കേട്ടു, അതൊന്നു ചെയ്താലോ എന്നായിരുന്നു ഹാർവി ഹർനാസിനോട് ചോദിച്ചത്. 

ഒരു വേൾഡ് സ്റ്റേജിൽ വച്ച് ഇതു ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞ ഹർനാസ് തനിക്കിത് ചെയ്യാതെ വേറെ വഴിയില്ലെന്നും പറഞ്ഞാണ് പൂച്ചയുടെ ശബ്ദം അനുകരിച്ചത്. തുടർന്ന് സ്റ്റീവ് മറ്റു മത്സരാർഥികളിലേക്ക് നീങ്ങി ചോദ്യം ആരംഭിക്കുന്നതും വീഡിയോയിൽ കാണാം.

എന്നാൽ മറ്റു മത്സരാർഥികളോട് അവരുടെ നേട്ടങ്ങളെക്കുറിച്ച് ചോദിച്ച ഹാർവി എന്തുകൊണ്ടാണ് ഹർനാസ് സന്ധുവിനോട് മൃ‍​ഗങ്ങളെപ്പോലെ അനുകരിക്കാൻ പറഞ്ഞതെന്നു മനസ്സിലാവുന്നില്ല എന്നു പറഞ്ഞാണ് വിമർശനങ്ങൾ ഉയർന്നത്. ആരാണ് ഹർനാസിനോട് ഈ ചോദ്യം ചോദിക്കാൻ ആവശ്യപ്പെട്ടതെന്നും വിശ്വസുന്ദരി മത്സരത്തിൽ ചോദിക്കേണ്ട ചോദ്യമായിരുന്നോ അതെന്നും മാസ്റ്റേഴ്സ് ഡി​ഗ്രി ചെയ്തുകൊണ്ടിരിക്കുന്ന അഭിനേത്രിയും മോഡലുമായ ഒരു സ്ത്രീയോട് മറ്റൊരു ചോദ്യവും ചോദിക്കാനില്ലേ  എന്നുമൊക്കെ വിമർശനങ്ങൾ ഉയർന്നു.

ഇപ്പോഴിതാ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹർനാസ്. സൗന്ദര്യമത്സര വേദിയിൽ ആ ചോദ്യം അനുചിതമാണെന്ന് കരുതുന്നത് എന്തിനാണെന്ന് ഹർനാസ് ചോദിക്കുന്നു. എല്ലാം തികഞ്ഞതാണ് സൗന്ദര്യ മത്സരവേദികൾ എന്നു കരുതരുത്. തന്റെ പ്രിയപ്പെട്ട വ്യക്തിത്വങ്ങളിലൊരാളായ സ്റ്റീവ് അത്തരമൊരു ചോദ്യം ചോദിച്ചതിൽ സന്തോഷമേയുള്ളു. വേദിയിൽ തനിക്ക് താനാവാൻ കഴിഞ്ഞു, തന്റെ വലിയൊരു കഴിവ് പ്രദർശിപ്പിക്കാൻ കഴിഞ്ഞു. - ഹർനാസ് പറഞ്ഞു. 

വിശ്വസുന്ദരി പട്ടം നേടുന്നതിന് മുമ്പ് നിരവധി സൗന്ദര്യ മത്സരവേദികളിലും ഹർനാസ് ഭാ​ഗമായിരുന്നു. 2019ൽ ഫെമിനാ മിസ് ഇന്ത്യാ പഞ്ചാബ് കിരീടവും ഹർനാസ് നേടിയിരുന്നു. 2019ലെ ഫെമിനാ മിസ് ഇന്ത്യയിൽ അവസാന 12 പേരിൽ ഒരാളായി ഇടം നേടുകയും ചെയ്തിരുന്നു ഹർനാസ്. 

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് തനിക്ക് അവസരം കിട്ടുന്ന വേദികളിൽ സംസാരിക്കാറുള്ളയാളുമാണ് ഹർനാസ്. പ്രിയങ്കാ ചോപ്രയാണ് തന്റെ പ്രചോദനം എന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്. ഫാഷനും മോഡലിങ്ങും കൂടാതെ യോ​ഗ, നൃത്തം, പാചകം, ചെസ്, കുതിര സവാരി തുടങ്ങിയവയാണ് ഹർനാസിന്റെ വിനോദങ്ങൾ. 

ആ​ഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുകൾ പങ്കുവെക്കാറുള്ളയാളാണ് ഹർനാസ്. പബ്ലിക് അഡ്മിനിസ്ട്രേഷൻ‌ മാസ്റ്റേഴ്സ് ഡി​ഗ്രി ചെയ്യുകയാണ് ഹർനാസ് ഇപ്പോൾ. 

1994 ൽ സുസ്മിത സെൻ ആണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി മിസ് യൂണിവേഴ്‌സ് പട്ടം നേടിയത്. രണ്ടായിരത്തിൽ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഹർനാസ് ആണ് വീണ്ടും ഇന്ത്യക്കായി കിരീടം നേടുന്നത്. പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹർനാസ് സന്ധുവിന്റെ കിരീടനേട്ടം.

Content Highlights: miss universe harnaaz sandhu, steve harvey miss universe controversy