രുപത്തിയൊന്നു വർഷങ്ങൾക്കിപ്പുറമാണ് വീണ്ടും ഇന്ത്യൻ മണ്ണിലേക്ക് വിശ്വസുന്ദരി പട്ടം എത്തുന്നത്. പഞ്ചാബ് സുന്ദരി ഹർനാസ് സന്ധു എന്ന ഇരുപത്തിയൊന്നുകാരിയാണ് ലാറാ ദത്തയ്ക്കു ശേഷം മിസ് യൂണിവേഴ്സ് ആയ ഇന്ത്യക്കാരി. തന്റെ നേട്ടം ആഘോഷമാക്കുന്ന തിരക്കിലാണ് ഹർനാസ് ഇപ്പോൾ. അതിനിടെ വിശ്വസുന്ദരിപ്പട്ടം കിട്ടിയത് ഹർനാസിന്റെ മുഖം സുന്ദരമായതുകൊണ്ട് മാത്രമാണെന്ന് വിമർശിക്കുന്നവരുണ്ട്. അവർക്ക് കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഹർനാസ്. 

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹർനാസ് ഈ വിമർശനത്തിന് മറുപടി നൽകുന്നത്. സുന്ദരമായ മുഖമുണ്ടായതു കൊണ്ടു മാത്രമാണ് ഹർനാസിന് കിരീടം ലഭിച്ചത് എന്നായിരുന്നു വിമർശനം. എന്നാൽ ഈ നേട്ടത്തിനു പുറകിൽ താൻ എത്രമാത്രം പ്രയത്നിച്ചിട്ടുണ്ടെന്ന് തനിക്കേ അറിയൂ. വാദപ്രതിവാദങ്ങളിൽ മുഴുകുന്നതിന് പകരം തന്റെ കഴിവെന്താണെന്ന് അവരെ ബോധ്യപ്പെടുത്താൻ കഠിനമായി പരിശ്രമിക്കാനാണ് തീരുമാനം- ഹർനാസ് പറയുന്നു. 

ഇത്തരം സ്റ്റീരിയോടൈപ്പുകളെ തകർക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ഹർനാസ് പറഞ്ഞു. ഒരു ഒളിമ്പിക് വിജയം പോലെ തന്നെയാണ് ഇതും. രാജ്യത്തെ പ്രതിനിധീകരിക്കുന്ന കായിക വ്യക്തിയെ പ്രശംസിക്കുന്ന നമുക്ക് എന്തുകൊണ്ട് ഒരു സൗന്ദര്യമത്സര വിജയിയെ പ്രശംസിക്കാൻ കഴിയുന്നില്ല?-​ ഹർനാസ് ചോദിക്കുന്നു.

അഭിനയം പാഷനാണെങ്കിലും സ്റ്റീരിയോടൈപ്പുകളെയും സ്റ്റി​ഗ്മകളെയും തകർക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനേ തനിക്ക് താൽപര്യമുള്ളു എന്നും ഹർനാസ് പറയുന്നു. ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്കിഷ്ടം. സാധാരണ നടിയാവാനല്ല, ജനങ്ങളെ സ്വാധീനിക്കുന്ന അഭിനേത്രിയാവുക എന്നതാണ് മനസ്സിലുള്ളത്- ഹർനാസ് പറയുന്നു. 

വിശ്വസുന്ദരി പട്ടം നേടുന്നതിന് മുമ്പ് നിരവധി സൗന്ദര്യ മത്സരവേദികളില്‍ ഹർനാസ് ഭാ​ഗമായിരുന്നു. 2019ൽ ഫെമിനാ മിസ് ഇന്ത്യാ പഞ്ചാബ് കിരീടം ഹർനാസ് നേടി. 2019ലെ ഫെമിനാ മിസ് ഇന്ത്യയിൽ അവസാന 12 പേരിൽ ഒരാളായി ഇടം നേടുകയും ചെയ്തിരുന്നു ഹർനാസ്. 

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് തനിക്ക് അവസരം ലഭിക്കുന്ന വേദികളെല്ലാം സംസാരിക്കുന്നയാളാണ് ഹര്‍നാസ്‌. പ്രിയങ്കാ ചോപ്രയാണ് തന്റെ പ്രചോദനം എന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്. ഫാഷനും മോഡലിങ്ങും കൂടാതെ യോ​ഗ, നൃത്തം, പാചകം, ചെസ്, കുതിര സവാരി തുടങ്ങിയവയാണ് ഹർനാസിന്റെ വിനോദങ്ങൾ. 

ആ​ഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുകൾ പങ്കുവെക്കാറുള്ളയാളാണ് ഹർനാസ്. പബ്ലിക് അഡ്മിനിസ്ട്രേഷൻ‌ മാസ്റ്റേഴ്സ് ഡി​ഗ്രി ചെയ്യുകയാണ് ഹർനാസ് ഇപ്പോൾ. 

1994 ൽ സുസ്മിത സെൻ ആണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി മിസ് യൂണിവേഴ്‌സ് പട്ടം നേടിയത്. രണ്ടായിരത്തിൽ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഹർനാസ് ആണ് വീണ്ടും ഇന്ത്യക്കായി കിരീടം നേടുന്നത്. 

Content Highlights: miss universe harnaaz sandhu,  beauty pageant, harnaaz sandhu latest news