മീരാബായി ചാനു ടോക്കിയോ ഒളിംപിക്‌സ് മത്സരവേദിയില്‍ നില്‍ക്കുമ്പോള്‍ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല താന്‍ ഇങ്ങനെയൊരു താരമായി മാറുമെന്ന്. വനിതകളുടെ 49 കിലോ വെയിറ്റ്‌ലിഫ്റ്റിങ്ങിലാണ് ചാനു രാജ്യത്തിന് വേണ്ടി വെള്ളിമെഡല്‍ നേടിയത്. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഒളിംപിക്ക് വെയിറ്റ്‌ലിഫ്റ്റിങില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ താരമാണ് മീരബായ്. വിജയം നേടിയ ശേഷം മീരാബായിയുടെ ആരാധകരാണ് രാജ്യമെങ്ങും. അത്തരത്തില്‍ ഒരു കൊച്ച് ആരാധികയുടെ വീഡിയോ ട്വിറ്ററില്‍ വൈറലാകുകയാണ് ഇപ്പോള്‍.

വെയിറ്റ് ലിഫ്റ്ററും കോമണ്‍വെല്‍ത്ത് ഗെയിസില്‍ മെഡല്‍ ജതാവുമായ സതീഷ് ശിവലിംഗമാണ് ഈ കൊച്ചുപെണ്‍കുട്ടിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ജൂനിയര്‍ മീരാബായി ചാനു, ഇതാണ് ശരിയായ പ്രചോദനം...' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചാനുവിനെ അനുകരിച്ച് തന്റെ ചെറിയ ബാര്‍ബെല്‍ അവള്‍ എടുത്തുയര്‍ത്തുന്നത് വീഡിയോയില്‍ കാണാം. ചാനുവിന്റെ മത്സരത്തിന്റെ യാഥാര്‍ത്ഥദൃശ്യം പിന്നിലെ ടിവിയില്‍ കാണാനാവും. ശേഷം മെഡലണിഞ്ഞ് കൈ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട് ഈ കൊച്ച് ആരാധിക. 

മീരാബായി ചാനുവും ഈ വീഡിയോ തന്റെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 'So cute. Just love this' എന്ന ക്യാപ്ഷനോടയാണ് ചാനു വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേര്‍ വീഡിയോക്ക് കമന്റുകളും ലൈക്കുകളുമായി എത്തിയിട്ടുണ്ട്. 

Content Highlights: Mirabai Chanu's Young Fan Imitating Her Idol After Olympics Win