ബോളിവുഡ് താരങ്ങളോളം ഫോളോവേഴ്സ് ഉള്ളയാളാണ് നടൻ ഷാഹിദ് കപൂറിന്റെ പ്രിയതമ മിറ രജ്പുത്. ട്രോളന്മാരും മിറയെ വെറുതെ വിടാറില്ല. വസ്ത്രധാരണത്തിന്റെ പേരിൽ ക്രൂരമായ ട്രോളുകൾക്ക് ഇരയാകാറുള്ള സെലിബ്രിറ്റികളിൽ ഒരാളാണ് മിറ. ഇപ്പോഴിതാ പുതിയതായി പങ്കുവെച്ച ഒരു ചിത്രത്തിന്റെ പേരിലാണ് മിറക്കെതിരെ ട്രോളുകൾ ഉയർന്നിരിക്കുന്നത്. പിന്നാലെ അതിന് തക്കതായ മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട് മിറ.

മകനൊപ്പം പങ്കുവെച്ച ചിത്രമാണ് വിമർശനങ്ങൾക്ക് കാരണമായത്. ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാൻ താൽപര്യപ്പെടാത്ത മകൻ മിറയ്ക്ക് പുറകിൽ ഒളിച്ചു നിൽക്കുന്ന ചിത്രമായിരുന്നു അത്. നാണക്കാരനായ മകനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നത് ശീലമായി എന്നു പറഞ്ഞാണ് മിറ ചിത്രം പങ്കുവെച്ചത്. എന്നാൽ പലരും ചിത്രത്തിന്റെ മനോഹാരിതയേക്കാൾ ശ്രദ്ധിച്ചത് മിറയുടെ കാലുകളെയാണ്. മിറയുടെ പാദങ്ങള്‍ ഇരുണ്ടു കാണപ്പെട്ടതിന്റെ പേരിലായിരുന്നു ട്രോളുകൾ ഉയർന്നത്. 

എന്താണ് പാദങ്ങള്‍ക്ക് പറ്റിയതെന്നും എന്തെങ്കിലും അസുഖമാണോ എന്നുമൊക്കെ ചിലർ ചോദിച്ചപ്പോൾ ചിലർ ക്രൂരമായി പരിഹസിക്കുകയാണ് ഉണ്ടായത്. പാദങ്ങൾക്കും ഫേഷ്യൽ ചെയ്യൂ എന്നും പാദങ്ങളിലും മേക്കപ്പിടൂ എന്നുമൊക്കെ കമന്റുകൾ ഉയർന്നു. ഇതോടെ ഇത്തരക്കാർക്ക് മറ്റൊരു ഫോട്ടോയിലൂടെ മറുപടിയുമായി എത്തുകയും ചെയ്തു മിറ.

എനിക്കൊപ്പം എല്ലായ്‌പ്പോഴും നിൽക്കുന്ന കൈകൾക്കും എന്നെ എപ്പോഴും പിന്തുണയ്ക്കുന്ന കാലുകൾക്കും എന്റെ വിരലുകൾക്കും ഞാൻ നന്ദി പറയുന്നു, കാരണം എനിക്ക് എപ്പോഴും അവയെ ആശ്രയിക്കാനാവും. തീർച്ചയായും അടിപതറാതെ നിർത്തുന്ന എന്റെ പാദങ്ങൾക്കും - മിറ കുറിച്ചു.

നിരവധി പേരാണ് മിറയ്ക്ക് പിന്തുണയുമായെത്തിയത്. മിറയുടെ ചിത്രത്തിന് കീഴെ വരുന്ന കമന്റുകളെ വെറും ട്രോളായല്ല മറിച്ച് ബോഡിഷെയിമിങ് ആയാണ് കാണേണ്ടത് എന്നു പറഞ്ഞാണ് പലരും പിന്തുണയ്ക്കുന്നത്. മറ്റൊരാളുടെ ശാരീരിക പ്രത്യേകതകളിന്മേൽ അവരെ അപഹസിക്കാൻ അവകാശമില്ലെന്ന് എന്നാണ് തിരിച്ചറിയുക എന്നും ചോദിക്കുന്നവരുണ്ട്. 

Content Highlights: mira rajput befitting reply to trollers, body shaming, mira rajput instagram