തിവുപോലെ സ്കൂളിൽ എത്തിയതായിരുന്നു ആ പെൺകുട്ടി. എന്നാൽ വസ്ത്രധാരണം അതിരുകടന്നുവെന്നു പറഞ്ഞ് സ്കൂൾ അധികൃതർ അവളെ വീട്ടിലേക്ക് തിരിച്ചയച്ചു. കാനഡയിൽ നിന്നുള്ള ഒരു പതിനേഴുകാരിയെയാണ് അനുചിതമായ വസ്ത്രം ധരിച്ചുവെന്ന് ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ തിരിച്ചയച്ചത്. സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ അച്ഛൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് സം​ഗതി വൈറലായത്. ‌‌

കൗമാരക്കാരിയുടെ അച്ഛനായ ക്രിസ്റ്റഫർ വിൽസൺ ആണ് സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്. നോർകാം സീനിയർ സെക്കൻഡറി സ്കൂളിൽ പതിവുപോലെ എത്തിയ തന്റെ മകളെ അടിവസ്ത്രത്തിന് സമാനമായ വസ്ത്രം ധരിച്ചുവെന്ന് പറഞ്ഞ് അധികൃതർ തിരിച്ചയച്ചുവെന്നാണ് അച്ഛന്റെ പരാതി. മകൾ അന്നേദിവസം ധരിച്ച വസ്ത്രത്തിന്റെ ചിത്രം സഹിതമാണ് അച്ഛൻ കുറിച്ചത്. 

നീണ്ട സ്ലീവുള്ള ജംപറും അതിനു മുകളിൽ മുട്ടൊപ്പം ഇറക്കമുള്ള ലേസ് വസ്ത്രവുമാണ് പെൺകുട്ടി ധരിച്ചിരുന്നത്. ഈ വസ്ത്രം പുരുഷ അധ്യാപകരെയും വിദ്യാർഥികളെയും അസ്വസ്ഥതപ്പെടുത്തുമെന്നാണ് പെൺകുട്ടിയുടെ അധ്യാപിക പറഞ്ഞത്. തുടർന്ന് ക്ലാസിൽ നിന്ന് പുറത്താക്കുകയും പ്രിൻസിപ്പലിന്റെ അടുക്കലേക്ക് അയക്കുകയും ചെയ്തു. പ്രിൻസിപ്പലും അധ്യാപികയോട് അനുകൂലിച്ച് വസ്ത്രം അനുചിതമെന്ന് പറഞ്ഞു. അധ്യാപനത്തെയോ പഠനത്തെയോ അസ്വസ്ഥമാക്കുന്ന വസ്ത്രം സ്കൂൾ ഡ്രസ് കോഡ് അനുസരിച്ച് നിരോധിക്കപ്പെട്ടതാണെന്നാണ് പ്രിൻസിപ്പൽ വിശദീകരിച്ചത്. 

ഇതോടെയാണ് വിഷയത്തിൽ ഇടപെടാൻ പെൺകുട്ടിയുടെ ക്രിസ്റ്റഫർ വിൽസൺ തീരുമാനിക്കുന്നത്. തന്റെ മകൾക്ക് സംഭവിച്ചതുപോലൊരു അനുഭവം മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന് പറഞ്ഞ് നീണ്ട കുറിപ്പ് പങ്കുവെക്കുകയും ചെയ്തു. താൻ അസ്വസ്ഥനാണെന്നും വേദനിപ്പിക്കപ്പെട്ടുവെന്നും വ്യവസസ്ഥയിൽ നിരാശനായെന്നും അദ്ദേഹം കുറിച്ചു. 2021 ലും ഇതുപോലുള്ള കാര്യങ്ങൾ സംഭവിക്കുന്നു എന്നതാണ് ഏറ്റവുമധികം അസ്വസ്ഥനാക്കുന്നതെന്നും അദ്ദേഹം കുറിച്ചു. എന്നാൽ വൈകാതെ പ്രിൻസിപ്പലും സ്കൂൾ അധികൃതരും വിഷയം രമ്യമായി പരിഹരിക്കുകയുണ്ടായെന്നും ക്രിസ്റ്റഫർ പറഞ്ഞു. 

ആരോപണങ്ങളെ ​ഗൗരവകരമായി കണക്കിലെടുക്കുന്നുവെന്നും സംഭവം നിരീക്ഷിച്ചു വരികയാണെന്നുമാണ് സ്കൂൾ അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്. 

Content Highlights: Minor girl wears 'lingerie outfit' to school in Canada, sent back home