ബോളിവു‍ഡ് താരവും സൂപ്പർ മോഡലുമയ മിലിന്ദ് സോമന്റെ പത്നി അങ്കിത കോൻവാർ സമൂഹമാധ്യമത്തിൽ സജീവമാണ്. പുരോ​ഗമനപരമായ ആശയങ്ങൾ പങ്കുവെക്കുന്നതിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് അങ്കിത. ഇപ്പോഴിതാ തനിക്ക് പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ടെന്ന് കമന്റ് ചെയ്തവർക്ക് അങ്കിത നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. 

താൻ നേരിട്ട ട്രോമയാണ് തന്നെ പാകതയുള്ളവൾ ആക്കിയതെന്നു പറയുകയാണ് അങ്കിത. തന്നെ ഇന്നത്തെ നിലയിലേക്കെത്തിച്ച ഓരോ കാരണങ്ങളും അങ്കിത എടുത്തു പറയുന്നുണ്ട്. കുട്ടിക്കാലത്ത് ഉപദ്രവിക്കപ്പെട്ടതും ഹോസ്റ്റലുകളിൽ വളർന്നതും വിദേശ രാജ്യങ്ങളിൽ തനിച്ചു ജീവിച്ചതുമൊക്കെ തന്നെ കരുത്തയാക്കിയെന്നു പറയുകയാണ് അങ്കിത. 

ഏറ്റവുമധികം വിശ്വസിച്ചവരിൽ നിന്നുണ്ടായ വഞ്ചനയും സഹോദരനെ നഷ്ടപ്പെട്ടതും കാമുകന്റെ മരണവും അച്ഛന്റെ വിയോ​ഗവും തന്നെ ഇന്നത്തെ താനാക്കി. രൂപത്തിൻമേൽ കേട്ട വിളികളും സ്നേഹിച്ചയാൾക്കൊപ്പം നിന്നതിന്റെ പേരിലുള്ള മുൻവിധികളും അക്കൂട്ടത്തിൽ അങ്കിത പറയുന്നു. തന്നെ ശുഭാപ്തി വിശ്വാസിയായി കാണുന്നതിനു പിന്നിലെ കാരണങ്ങളെല്ലാം ഇവയാണെന്നും അവനവനെ സ്നേഹിക്കൂ എന്നും പറയുകയാണ് അങ്കിത. 

2018ലാണ് മിലിന്ദ് സോമനും അങ്കിതയും വിവാഹിതരാകുന്നത്. വിവാഹിതരാകുന്ന സമയത്ത് അങ്കിതയ്ക്ക് ഇരുപത്തിയാറും മിലിന്ദിന് അമ്പത്തിരണ്ടുമായിരുന്നു പ്രായം. പ്രായവ്യത്യാസം മൂലം ഇരുവരും ഏറെ വിമർശനങ്ങളും കേട്ടിരുന്നു. കാമുകന്റെ മരണത്തിനു പിന്നാലെയുള്ള വിഷാദത്തിൽ നിന്ന് കരകടന്നത് മിലിന്ദിനെ കണ്ടതോടെയാണെന്ന് അങ്കിത പറഞ്ഞിരുന്നു. 

Content Highlights: Milind Soman’s wife Ankita Konwar inspiring Instagram Post