മുന്‍പ്രഥമ വനിത മിഷേല്‍ ഒബാമ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ചെയ്യുന്ന കാര്യങ്ങള്‍ എപ്പോഴും ലോകശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ ലോസാഞ്ചലസ് സ്വദേശിനിയായ ഒരു കൊച്ചുമിടുക്കിക്ക് അഭിനന്ദനമറിയിച്ച് മിഷേല്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. കലിയ ലവ് ജോണ്‍സ് എന്ന പതിനാലുകാരിയാണ് ആ മിടുക്കി.

ഒരു ഷോര്‍ട്ട് ഫിലിം നിര്‍മിച്ചാണ് കലിയ മിഷേല്‍ ഒബാമയുടെ മനസ്സില്‍ ഇടം നേടിയത്. കലിയ സ്വന്തമായി കഥയെഴുതി സംവിധാനം ചെയ്തു നിര്‍മ്മിച്ച അനിമേഷന്‍ ഷോര്‍ട്ട് ഫിലിമായ 'ദ പവര്‍ ഓഫ് ഹോപ് ഫിലി'മിനെ അഭിനന്ദിച്ചാണ് മിഷേല്‍ രംഗത്തെത്തിയത്.  

ആര്‍ക്കിടെക്റ്റ് ആവാനുള്ള ആഗ്രഹവുമായി ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റ കഥയാണ് ദ പവര്‍ ഓഫ് ഹോപ് ഫിലിം.  വലിയ പ്രതിസന്ധികള്‍ ഉണ്ടായിട്ടും അവയെല്ലാം തരണം ചെയ്ത് തന്റെ സ്വപ്നം നേടിയെടുക്കുകയാണ് കലിയയുടെ കഥയിലെ പെണ്‍കുട്ടി. വളരെ വലിയൊരു സന്ദേശമാണ് കലിയ തന്റെ ഷോര്‍ട്ട് ഫിലിമിലൂടെ കാട്ടിത്തരുന്നതെന്ന് മിഷേല്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിക്കുന്നു.

'കഠിന പ്രയത്‌നത്തിലൂടെയാണ് കലിയ ഷോര്‍ട്ട് ഫിലിം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. ഇതിനായി മാത്രം ചിത്രരചന പഠിക്കുകയും സിനിമകള്‍ ധാരാളം കണ്ട് അറിവ് ശേഖരിക്കുകയും ചെയ്തു. തന്റെ കൈയിലെ ചെറിയ സമ്പാദ്യങ്ങള്‍ കൂട്ടിവച്ച് പണമുണ്ടാക്കുകയും ചെയ്തു. പ്രതീക്ഷ കൈവിടാതെ സ്വന്തം കഴിവുകളില്‍ വിശ്വസിച്ച് മുന്നേറിയാല്‍ എത്ര വലിയ കാര്യങ്ങളും സാധിച്ചെടുക്കാമെന്ന് ലോകമെങ്ങുമുള്ള പെണ്‍കുട്ടികള്‍ക്ക് കാണിച്ചു തന്നിരിക്കുകയാണ് അവള്‍.'  മിഷേല്‍ കുറിക്കുന്നു. 

'എന്തെങ്കിലും ലക്ഷ്യം നേടിയെടുക്കണം എന്ന് ആഗ്രഹിക്കുമ്പോള്‍ തനിക്ക് അതിനുള്ള പ്രായമായിട്ടില്ല എന്നോ അല്ലെങ്കില്‍ പ്രായം കഴിഞ്ഞു പോയി എന്നോ കരുതുന്നവരാണ് നമ്മളില്‍ ഏറെപ്പേരും. എന്നാല്‍ ഈ സംശയത്തിന് ചെവികൊടുക്കാതെയാണ് കലിയ മുന്നേറിയത്. അവളുടെ സ്വപ്‌നങ്ങള്‍ക്കായി അവള്‍ എന്നും പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. വരുന്ന കാലങ്ങളില്‍ കലിയയുടെ നേട്ടങ്ങള്‍ കാണാന്‍ ഞാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. ' മിഷേല്‍ പറയുന്നു.

Content Highlights: Michelle Obama praise Teenage Filmmaker with Passion for Storytelling