മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പത്നി മിഷേൽ ഒബാമ പൊതുജീവിതത്തിൽ നിന്ന് വിരമിക്കാൻ പദ്ധതിയിടുന്നു. ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മിഷേൽ ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണക്കാലത്ത് സമയം ചെലവഴിക്കാൻ താൻ തുന്നൽ പഠിച്ചെന്നും ഇപ്പോൾ അതിൽ വിദ​ഗ്ധയായിയെന്നും മിഷേൽ പറയുന്നു. 

സ്ലീവുകളും കോളറും തുന്നുന്നതെങ്ങനെയെന്ന് പഠിക്കുകയാണ് ഇപ്പോഴെന്ന് മിഷേൽ പറയുന്നു.   തന്റെ ഭർത്താവിന് വേണ്ടി പുതിയ സ്വെറ്റർ തുന്നുകയാണ് മിഷേൽ ഇപ്പോൾ. 

തനിക്കും തന്റെ ഭർത്താവിനും നഷ്ടപ്പെട്ട നല്ല ചില മുഹൂർത്തങ്ങൾ കോവിഡ് കാലം തിരിച്ചുനൽകിയെന്ന് മിഷേൽ പറയുന്നു. മക്കളായ 22 കാരി മലിയയും 19 കാരിയായ സാഷയും കോളേജിൽ നിന്നും വീട്ടിലെത്തി മിഷേലിനും ഒബാമയ്ക്കും ഒപ്പം ക്വാറന്റീനിൽ കഴിയുകയായിരുന്നു.  

ഇപ്പോൾ മക്കൾ രണ്ടുപേരും പ്രായപൂർത്തിയായിരിക്കുന്നു. അവരോടൊപ്പം ചേർന്നുള്ള ഇടപഴകലുകൾ അവരുടെ പ്രായത്തിലുള്ളവരുടെ ചിന്തകൾ എന്തൊക്കെയെന്ന് അറിയാൻ സഹായിക്കുന്നുണ്ട്. ഞാൻ എന്റെ മക്കളോട് പറയാറുണ്ട്, ഞാൻ റിട്ടയർമെന്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.- മിഷേൽ പറയുന്നു. ജോർജ് ഫ്ളോയിഡിന്റെ കൊലപാതകവും കോവിഡ് ലോക്ഡൗണും വർക്ക്ഔട്ട് മുടങ്ങിയതുമൊക്കെ തനിക്ക് ചെറിയ തോതിൽ വിഷാദത്തിന് ഇടയാക്കിയെന്ന് മിഷേൽ ഓർക്കുന്നു. പ്രഥമ വനിതയായ സമയത്ത് മിഷേൽ ചെയ്തിരുന്ന വർക്ക്ഔട്ടുകൾ വെെറലായിരുന്നു. കോവിഡ് ലോക്ഡൗൺ കാലത്ത് നീന്തലിലായിരുന്നു 57 കാരിയായ മിഷേൽ കൂടുതൽ ശ്രദ്ധിച്ചിരുന്നത്. 

മിഷേലിന്റെ പുതിയ നെറ്റ്ഫ്ളിക്സ് ചിൽഡ്രൻസ് ഷോ വാഫിൾസ് പ്ലസ് മോച്ചി ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു. 

Content Highlights: Michelle Obama is Considering Retiring From Public Life, Women