മൂന്ന് പെൺകുട്ടികൾ, മൂവരും സംരംഭക മോഹം മനസ്സിൽ സൂക്ഷിച്ചവർ. കൊറോണക്കാലം അവർക്കൊരു വഴിത്തിരിവായി. പറഞ്ഞുവരുന്നത് മൂന്ന് കോളേജ് വിദ്യാർഥിനികളുടെ സംരംഭക യാത്രയെക്കുറിച്ചാണ്. ഇരുപത്തിരണ്ടുകാരായ ഫർഹത്ത് ഫസലും ഫാത്തിമ ഫിദയും ഫാത്തിമ റഷയുമാണവർ. മെറാക്കി എന്ന തങ്ങളുടെ സ്വപ്ന സംരംഭത്തേക്കുറിച്ച് മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് കോഴിക്കോട് സ്വദേശികളായ മൂവരും.

ആരംഭമിങ്ങനെ

മൂന്നുപേര്‍ക്കും പണ്ടുമുതലേ ബിസിനസിനോട് താൽപര്യമുണ്ടായിരുന്നു. അങ്ങനെയിരിക്കെ കഴിഞ്ഞ വര്‍ഷത്തെ അടച്ചിടല്‍ സമയത്ത് തങ്ങളുടെ തല്‍പ്പരമേഖലയില്‍ ചുവടുറപ്പിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങി. ഇന്‍സ്റ്റഗ്രാമില്‍ മെറാക്കി എന്ന പേരില്‍ ഒരു ഷോപ്പിംഗ് ആന്‍ഡ് റീട്ടെയില്‍ പേജ് തുടങ്ങുകയും ചെയ്തു. 

meraki
ഫാത്തിമ റഷ, ഫര്‍ഹത്ത് ഫസല്‍, ഫാത്തിമ ഫിദ

കൊച്ചു കുട്ടികള്‍ക്കായുള്ള  ഉടുപ്പുകള്‍  വില്‍ക്കാനായിരുന്നു ഉദ്ദേശമെങ്കിലും പിന്‍വാങ്ങാന്‍ കൂട്ടാക്കാതെ മുന്നേറിക്കൊണ്ടിരുന്ന കൊറോണ ഇവരുടെ ബിസിനസ് പ്ലാനുകള്‍ മാറ്റി മറിച്ചു. മെറാക്കി യഥാര്‍ത്ഥത്തില്‍ വളരാന്‍ തുടങ്ങിയത് അതിനു ശേഷമാണ്.

ദ് കൊറോണ ഇംപാക്റ്റ് 

കൊറോണയുടെ രണ്ടാം തരംഗം കേരളത്തില്‍ കത്തി നില്‍ക്കുന്ന സമയം. സംസ്ഥാനത്ത് മാസ്‌ക്ക്, പി.പി.ഇ. കിറ്റ് മുതലായ അവശ്യ സുരക്ഷ വസ്തുക്കള്‍ക്ക് ദൗര്‍ലഭ്യം നേരിട്ടതും ഇതേ സമയത്താണ്. അങ്ങനെയിരിക്കെ ഒരിക്കല്‍ ആശുപത്രിയില്‍ വെച്ച് ഫര്‍ഹത്തിന് ഒരു മാസ്‌ക് വാങ്ങേണ്ടി വന്നു. മൂന്നു മുതല്‍ അഞ്ചു വരെ വിലനിരക്കുള്ള മാസ്‌ക് ഇരട്ടി വില കൊടുത്ത് വാങ്ങേണ്ടി വന്ന അവസ്ഥ ഫര്‍ഹത്തിനെ ഇരുത്തി ചിന്തിപ്പിച്ചു. മെറാക്കിയിലൂടെ  മിതമായ വിലയ്ക്ക് മാസ്കുകള്‍ വില്‍ക്കാനുള്ള ആശയത്തില്‍ എത്തിച്ചേര്‍ന്നത് അങ്ങനെയാണെന്ന് ഫര്‍ഹത്ത് അഭിമാനത്തോടെ പറയുന്നു.

ഫര്‍ഹത്തിന്റെ വാപ്പ ലത്തീഫും ഭര്‍ത്താവ് ഫസല്‍ നിസാറും നാളുകളായി വസ്ത്രങ്ങളുടെ ഹോള്‍സെയില്‍ വ്യാപാരം നടത്തുന്ന ആളുകളാണ്. കൊറോണ വ്യാപാര മേഖലയില്‍ ഉണ്ടാക്കിയ ആഘാതത്തില്‍ അവരും മാസ്‌ക്കുകളുടെ മൊത്തക്കച്ചവടത്തിലേക്ക് തിരിഞ്ഞു. അങ്ങനെ മെറാക്കിയ്ക്ക്  കൂടുതല്‍ കരുത്തായി. മെറാക്കിയുടെ പ്രവര്‍ത്തനങ്ങളിലെല്ലാം ലത്തീഫിന്റേയും നിസാറിന്റേയും സഹകരണമുണ്ട്.

ഇതാണ് മെറാക്കി 

ഗുണമേന്മയുള്ള മാസ്‌കുകള്‍ കുറഞ്ഞ നിരക്കില്‍ ആളുകള്‍ക്ക് ലഭ്യമാക്കുക എന്നതിലാണ് മെറാക്കി ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. മാസ്‌ക്കുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയെങ്കിലും പി.പി.ഇ. കിറ്റ്, സാനിറ്റൈസര്‍ മുതലായവയും വിതരണം ചെയ്യുന്നുണ്ട്. എന്‍ 95, സര്‍ജിക്കല്‍, തുണി അങ്ങനെ പലയിനം മാസ്‌ക്കുകള്‍ മെറാക്കിയുടെ വിപണിയിലുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by M.E.R.A.K.I (@m.e.r.a.k.ii_)

പുറത്തെ കടകളില്‍ നിന്നും വാങ്ങുന്ന മാസ്‌ക്കുകളേക്കാള്‍ കുറഞ്ഞ വിലയും നല്ല നിലവാരവും മെറാക്കിയില്‍ നിന്നു വാങ്ങിയ മാസ്‌ക്കുകള്‍ക്ക് ഉണ്ടെന്നാണ് സ്ഥിരം കസ്റ്റമറായ ദേവികയുടെ അഭിപ്രായം. ആദ്യം വാങ്ങിയവര്‍ തന്നെ തുടര്‍ച്ചായി വീണ്ടും വാങ്ങുന്നത് തികഞ്ഞ ആത്മസംതൃപ്തിയും മുന്‍പോട്ട് പോകാനുള്ള പ്രചോദനവും നല്‍കുന്നുണ്ടെന്ന് ഫര്‍ഹത്ത് അഭിപ്രായപ്പെടുന്നു.

Content Highlights: Story of Meraki Kozhikode