ലക്ട്രിക് വാഹനങ്ങള്‍, സോളാര്‍ പവേര്‍ഡ് വീടുകള്‍, ത്രിഫ്റ്റിങ് അഥവാ വസ്ത്രങ്ങളുടെ പുനരുപയോഗം, ഓര്‍ഗാനിക് ഫാമിങ്, തുടങ്ങി സസ്റ്റേയ്‌നബിള്‍ വിവാഹചടങ്ങുകളില്‍ വരെ എത്തി നില്‍ക്കുകയാണ് സുസ്ഥിര ജീവിതത്തിലേക്കുള്ള സമൂഹത്തിന്റെ ചുവടുവെപ്പ്. ഇതില്‍ ഗ്രീന്‍ മെന്‍സ്‌ട്രേഷന്‍ അഥവാ പ്രകൃതി സൗഹൃദമായ ആര്‍ത്തവരീതികളായിരിക്കും സുസ്ഥിര ജീവിതശൈലികളില്‍ ഏറ്റവും വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നത്.

ഇവിടെയാണ് ഇപ്പോഴും ബഹുഭൂരിപക്ഷം സ്ത്രീകളും തിരിച്ചറിയാതെ പോകുന്ന വളരെ എക്‌ണോമിക്കലും സുസ്ഥിരവുമായ മെന്‍സ്ട്രല്‍ കപ്പിന്റെയും തുണി കൊണ്ടുള്ള റീയുസബിള്‍ പാഡുകളുടെയും പ്രധാന്യവും സാധ്യതയും. ആര്‍ത്തവകാലത്തെ പൊതു പ്രശ്‌നങ്ങളായ ഈര്‍പ്പം കാരണമുള്ള അസ്വസ്ഥതകളോ, രക്തം പുറത്തേക്ക് ലീക്കാകലോ തുടങ്ങി നാപ്കിന്‍ ഉപയോഗിക്കുമ്പോഴുള്ള ഒരു പ്രശ്‌നവും ഇതുമൂലം ഉണ്ടാകുകയുമില്ല.

ഇത്തരത്തിലുള്ള മാര്‍ഗങ്ങള്‍ ഒരു എലീറ്റ് ക്ലാസിന്റെ മാത്രം രീതിയായി കാണുന്നവര്‍ കുറവല്ല. എന്നാല്‍ ഈ ധാരണ തീര്‍ത്തും തെറ്റാണ്. ശരീരത്തിന്റെ സുരക്ഷിതത്വവും ആര്‍ത്തവ സമയത്തെ പ്രത്യേക ശുചിത്വവും ഉറപ്പാക്കുന്നതിനു പുറമേ ആര്‍ത്തവമാലിന്യം കുറയ്ക്കുകയെന്ന വലിയ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

എന്താണ് മെന്‍സ്ട്രല്‍ കപ്പ്?

ശരീരത്തിനുള്ളില്‍ നിന്നും രക്തം ശേഖരിക്കുന്ന ചെറിയ കപ്പാണ് ഇത്. മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ ഉപയോഗിച്ചാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ നിര്‍മിച്ചിരിക്കുന്നത്. ശരീരത്തില്‍ ഉള്‍പ്പെടുത്താവുന്ന തരത്തിലുള്ള റബറാണ് മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍. പല ആരോഗ്യ പഠനങ്ങളും ഇതിന്റെ ഉപയോഗം അംഗീകരിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദമായ രീതികളിലേക്ക് മാറുന്ന ഒട്ടുമിക്ക സ്ത്രീകളും ഇപ്പോള്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നവരാണ്.

കഴുകി വൃത്തിയായി ഉപയോഗിച്ചാല്‍ ശരീരത്തില്‍ യാതൊരുതലത്തിലുള്ള അലര്‍ജികളും കപ്പ് ഉണ്ടാക്കില്ല. റബര്‍ ആയതിനാല്‍ തന്നെ ഇത് ഉപയോഗിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. എങ്ങനെയും വഴങ്ങുകയും വളരെ എളുപ്പത്തില്‍ യോനിയില്‍ വെയ്ക്കാന്‍ സാധിക്കുന്നതുമാണ്. ഗര്‍ഭാശയമുഖത്തിന് തൊട്ടുതാഴെയായി ഇത് ഇരിക്കുമെന്നതിനാല്‍ രക്തം കൃത്യമായി ഇതില്‍ ശേഖരിക്കും. പുറത്തേക്ക് ചോര്‍ന്നുപോകുമെന്ന ഭയവും വേണ്ട.

women

കപ്പ് ആര്‍ക്ക്,എങ്ങനെ ഉപയോഗിക്കാം?

ആര്‍ത്തവമുള്ള ഏതൊരു സ്ത്രീക്കും മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാം. എന്നാല്‍ ഓരോത്തര്‍ക്ക് യോജിച്ച സൈസ് തിരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്. എക്‌സ്ട്രാ സ്‌മോള്‍, സ്‌മോള്‍, ലാര്‍ജ് എന്നിങ്ങനെ പല സൈസുകളില്‍ കപ്പുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. 18 വയസിന് താഴെയുള്ളവര്‍, ഗര്‍ഭം ധരിച്ചവര്‍, സി-സെക്ഷന്‍ ചെയ്തവര്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കപ്പ് സൈസ് തിരഞ്ഞെടുക്കുന്നതില്‍ ഒരു ഘടകമാണ്.

ചൂട് വെള്ളത്തില്‍ ഒരു 20 മിനിറ്റെങ്കിലും കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രമേ കപ്പ് ഉപയോഗിക്കാന്‍ പാടുള്ളൂ. ആര്‍ത്തവം തുടങ്ങുന്ന ആദ്യം ദിവസമല്ലാതെ ഓരോ തവണയും തിളപ്പിച്ച വെള്ളത്തില്‍ കഴുകേണ്ടതില്ല. രക്തം കളയാന്‍ പുറത്തെടുക്കുമ്പോള്‍ സാധാരണ വെള്ളത്തില്‍ കഴുകിയാല്‍ മതിയാകും. കപ്പിനെ മടക്കി യോനിക്കകത്തേക്ക് കയറ്റി വെക്കാം, അകത്ത് കൃത്യമായി വെച്ചാല്‍ അത് ഉള്ളില്‍ ചെല്ലുമ്പോള്‍ തനിയെ തുറക്കുകയും, ശരീരത്തിനനുസരിച്ച് കപ്പ് സ്വയം ക്രമീകരിക്കുകയും ചെയ്യും. അതിനാല്‍ യോനിയുടെ വ്യാസത്തില്‍ വ്യത്യാസം വരുമെന്ന ഭയവും വേണ്ട.

പ്ലാസ്റ്റിക് പാഡുകളും മാലിന്യവും

35 കോടിയിലധികം ആര്‍ത്തവമുള്ള സ്ത്രീകള്‍ ഇന്ത്യയിലുണ്ടെന്നാണ് മെന്‍സ്ട്രല്‍ ഹൈജീന്‍ അലയന്‍സ് ഓഫ് ഇന്ത്യ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. അതില്‍ ഭൂരിഭാഗം സ്ത്രീകളും സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നവരാണ്. 'ഡൗണ്‍ ടു എര്‍ത്ത്' മാസിക നടത്തിയ പഠനപ്രകാരം ഒരു മാസം ഇന്ത്യയില്‍ 43 കോടിയിലധികം പാഡുകള്‍ ഉപേക്ഷിക്കപ്പെടുന്നുണ്ട്. ഇത് ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളേക്കാള്‍ കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇത് കുറയ്ക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ മുന്നോട്ട് വെയ്ക്കാന്‍ ഇതുവരെ ഒരു സര്‍ക്കാരിനും സാധിച്ചിട്ടില്ല. ഇന്ത്യയില്‍ ബെംഗളൂരു, പൂനെ എന്നീ രണ്ട് നഗരങ്ങളില്‍ മാത്രമാണ് മെന്‍സ്ട്രല്‍ വേസ്റ്റ് വേര്‍തിരിച്ച് കളയാനുള്ള നടപടികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നത്.

സാനിറ്ററി നാപ്കിനുകള്‍ 90 ശതമാനവും നിര്‍മിക്കുന്നത് പ്ലാസ്റ്റിക് ഉപയോഗിച്ചാണ്. അതുകൊണ്ട് തന്നെ ദീര്‍ഘകാലത്തെ കപ്പ് ഉപയോഗം പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിലും സഹായിക്കും. ഇടയ്ക്കിടയ്ക്ക് പാഡ് മേടിക്കുന്നതുപോലെ കപ്പ് മേടിക്കേണ്ട ആവശ്യം വരുന്നില്ല, ഒരു കപ്പ് 5-10 വര്‍ഷം വരെ ഉപയോഗിക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ കപ്പിലേക്കോ ക്ലോത്ത് പാഡിലേക്കോ മാറുന്നതിലൂടെ മാലിന്യം കുറയ്ക്കുക മാത്രമല്ല നമ്മള്‍ ചെയ്യുന്നത് എക്കണോമിക്ക് കണ്‍ട്രോളിങ് കൂടിയാണ്.

ഹൈമനും കന്യകാത്വവും സമൂഹത്തിന്റെ പുരാണങ്ങളും

കപ്പിലേക്ക് മാറുന്നതില്‍ നിന്നും പലരെയും പിന്തിരിപ്പിക്കുന്ന ഒരു കാര്യമാണ് ഹൈമന്‍ പൊട്ടിപോകും അല്ലെങ്കില്‍ കന്യകാത്വം നഷ്ടപ്പെടും തുടങ്ങി സമൂഹത്തില്‍ പണ്ട് മുതല്‍ക്കേ നിലനില്‍ക്കുന്ന ചില അന്ധവിശ്വാസങ്ങള്‍. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. വജൈന അടച്ച് വെച്ചിരിക്കുന്ന ഒരു സീലാണ് ഹൈമന്‍ എന്ന തെറ്റിധാരണയില്‍ നിന്നാണ് ബാക്കി അന്ധവിശ്വാസങ്ങളെല്ലാം തുടങ്ങുന്നത്. എന്നാല്‍ ഹൈമന്‍ എന്നത് ഗര്‍ഭാശയമുഖത്തെ ഭാഗികമായി മറയ്ക്കുന്ന ഒരു ചര്‍മ്മപാളി മാത്രമാണ്. അത് ഓരോ സ്ത്രീക്കും ഓരോ വലുപ്പത്തിലായിരിക്കുമെന്ന് മാത്രം. ചുരുക്കത്തില്‍ കപ്പും ഹൈമനും കന്യകാത്വവും തമ്മില്‍ യാതൊരു ബന്ധവുമില്ല.

ആശങ്കയല്ല വേണ്ടത് അവബോധം

ആര്‍ത്തവം ആശങ്കപ്പെടേണ്ട വിഷയമല്ല, പ്രകൃതിയുടെയും ശരീരത്തിന്റെ സുരക്ഷിതത്വത്തിന്റെയും ആവശ്യം കൂടിയാണ്. പലപ്പോഴും ഇത്തരം രീതികള്‍ ഉയര്‍ന്ന ജീവിത സാഹചര്യം, വൃത്തിയും ശുചിത്വവുമുള്ള വെള്ളത്തിന്റെ ലഭ്യത തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. മാറുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും പലര്‍ക്കും അവസരമുണ്ടാകില്ല. എന്നാല്‍ പ്ലാസ്റ്റിക് പാഡുകള്‍ ശരീരത്തിനും പ്രകൃതിക്കും എത്രത്തോളം ദോഷമുണ്ടാക്കുന്നുണ്ടെന്ന് പലരും അറിയുന്നില്ല. അതേസമയം സിന്ററ്റിക് പാഡുകള്‍ പോലെ കപ്പുകളും ക്ലോത്ത് പാഡുകളും എളുപ്പത്തില്‍ എല്ലായിടത്തും ലഭ്യമല്ലാത്തതും ഇത് ഉപയോഗിക്കുന്നതില്‍ നിന്നും പലരെയും പിന്തിരിപ്പുക്കുന്നുണ്ട്.

ശരീരശുചിത്വം, ആര്‍ത്തവം തുടങ്ങി പൊതുവാരോഗ്യത്തെ കുറിച്ച് ബോധവത്കരിക്കാന്‍ നിരവധി സംഘടനകളും കാമ്പേയിനുകളും ഇപ്പോള്‍ ഇന്ത്യയിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തലത്തിലോ അല്ലെങ്കില്‍ കൂടുതല്‍ സാധാരണക്കാരില്‍ എത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുവേ കുറവാണ്. ആര്‍ത്തവം തുടങ്ങുന്ന സമയം മുതല്‍ക്കേ പെണ്‍കുട്ടികള്‍ക്കും അതേപോലെ തന്നെ രക്ഷിതാക്കള്‍ക്കും ഇത്തരം ബദല്‍ രീതികളെ കുറിച്ചുള്ള അവബോധം നല്‍കേണ്ടത് ആവശ്യമാണ്. എന്നാല്‍ മാത്രമേ ആര്‍ത്തവത്തെ കുറിച്ചും പ്രകൃതി സൗഹൃദമായ രീതികളെ കുറിച്ചും സമൂഹത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന തെറ്റിധാരണകളെ നമ്മള്‍ക്ക് മറികടക്കാന്‍ സാധിക്കുകയുള്ളൂ.

Content Highlights: Menstrual cup, green menstruation eco friendly period and women health