ഹാരി രാജകുമാരന്റെയും മേഗന്‍ മെര്‍ക്കലിന്റെയും വിവാഹ വാര്‍ത്ത പുറത്തുവന്നത് മുതല്‍ മേഗന് പിറകെയാണ് മാധ്യമങ്ങള്‍. 2016 ജൂലൈയില്‍ ഹാരിയും മേഗനും കണ്ടുമുട്ടിയതുമുതല്‍ ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തങ്ങളുടെ ബന്ധം മാധ്യമങ്ങളെ അറിയിച്ച ഹാരി മേഗന്റെ സ്വകാര്യജീവിതത്തിലേക്ക് ക്യാമറ തുറന്നുവച്ച് അവളെ ശല്യപ്പെടുത്തരുതെന്നും അന്നേ അവരോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ മേഗന്റെ പൂര്‍വകാലം ചികഞ്ഞ് വാര്‍ത്തകള്‍ ഒന്നൊന്നായി പുറത്തുവിടുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍. 

ഹൗവീ മണ്ടേല്‍ അവതരിപ്പിച്ചിരുന്ന ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന പരിപാടിയില്‍ സ്യൂട്ട്‌കേസ് ഗേളായിരുന്ന മേഗന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഏറ്റവും പുതിയ ചര്‍ച്ചാവിഷയം. ഹാരി രാജകുമാരനെ കണ്ടുമുട്ടുന്നതിനും പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഡീല്‍ ഓര്‍ നോ ഡീല്‍ പരിപാടിയില്‍ സ്യൂട്ട്‌കേസ് ഗേളായി മേഗന്‍ എത്തിയത്. ഒരു സ്യൂട്ട്‌കേസ് ഗേളില്‍ നിന്നും രാജകുമാരന്റെ ഭാര്യ പദവിയിലേക്കുള്ള വളര്‍ച്ച തന്നെയാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. 2006 മുതല്‍ 2007 വരെ പ്രക്ഷേപണം ചെയ്തിരുന്ന ഷോയില്‍ 26 സ്യൂട്ട്‌കേസ് ഗേളുകളില്‍ ഒരാളായിരുന്നു മേഗന്‍. 

മികച്ച റോളുകള്‍ക്കായി ഓഡീഷനുകള്‍ നടത്തിയിരുന്ന അക്കാലത്ത് ജീവിതമാര്‍ഗമെന്ന നിലയിലാണ് സ്യൂട്ടകേസ് ഗേളാകാന്‍ തയ്യാറായതെന്ന് ഒരു അഭിമുഖത്തില്‍ മേഗന്‍ പറഞ്ഞിരുന്നു. ഹൈഹീല്‍സും കുട്ടിയുടുപ്പുമണിഞ്ഞ് സ്യൂട്ടകേസുമായി ചിരിച്ചു നില്‍ക്കുന്ന പരിപാടിയെ കുറിച്ച് അത്രനല്ലതൊന്നുമായിരുന്നില്ല മേഗന് പങ്കുവെക്കാനുളളത് എങ്കിലും പഠനാനുഭവം തന്നെയായിരുന്നു എന്ന് മേഗന്‍ ഓര്‍ക്കുന്നു. 

megan
Image:NBC

 

മേഗന്‍ സുന്ദരിയും സ്മാര്‍ട്ടും ടാലന്റഡും ആണ്. ഒരു രാജകുമാരിയാകാന്‍ വേണ്ട എല്ലാ യോഗ്യതകളും അവള്‍ക്കുണ്ട്. ഡീല്‍ ഓര്‍ നോ ഡീലില്‍ മേഗനൊപ്പം സ്യൂട്ട്‌കേസ് ഗേളായി നിന്നിരുന്ന ഓബ്രീ ലെമണ്‍ എന്ന യുവതി മേഗന് ആശംസകള്‍ നേരുന്നു. 

ഹാരി രാജകുമാരന്റെയും അമേരിക്കന്‍ നടി മേഗന്‍ മെര്‍ക്കലിന്റെയും വിവാഹം അടുത്ത വര്‍ഷം ആദ്യം ഉണ്ടാവുമെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. വിവാഹശേഷം കെന്‍സിങ്ടണ്‍ കൊട്ടാരത്തിലെ നോട്ടിങ്ഹാം കോട്ടേജിലാവും ദമ്പതികള്‍ താമസിക്കുക. ഇവിടെയാണ് വില്യം രാജകുമാരനും കുടുംബവും താമസിക്കുന്നത്. വിവാഹദിനത്തില്‍ മേഗനെ അണിയിക്കാന്‍ ഹാരി തയ്യാറാക്കുന്ന മോതിരത്തിന്റെ പ്രത്യേകതയും വിവാഹവാര്‍ത്തയ്ക്കൊപ്പം ചര്‍ച്ചയായിക്കഴിഞ്ഞു. അമ്മ ഡയാനാ രാജകുമാരിയുടെ ശേഖരത്തിലുണ്ടായിരുന്ന വജ്രങ്ങളാല്‍ അലങ്കരിച്ച മോതിരമാവും ഹാരി മേഗനെ അണിയിക്കുക.

Content Highlights: Prince Harry, Meghan Markle, Suitcase Girl