ബെക്കിങ്ഹാം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെയധികം സ്വകാര്യത ആഗ്രഹിക്കുന്നവരാണ് ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും. ഇരുവരുടെയും മകന്‍ ആര്‍ച്ചിയുടെ ജനനവും മാമോദീസയുമൊക്കെ വളരെ രഹസ്യമായിട്ടായിരുന്നു നടത്തിയത്. മാമോദീസയുടെ ചിത്രങ്ങള്‍ ഒന്നും തന്നെ പുറത്തു വിട്ടിരുന്നുമില്ല. ഇപ്പോള്‍ ആര്‍ച്ചിയുടെ മാമോദീസ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് മേഗന്‍.  

ഹാരി രാജകുമാരന്റെ 35-ാം പിറന്നാള്‍ ദിനത്തിലാണ് ആര്‍ച്ചിയുടെ അത്ഭുതപ്പെടുത്തുന്ന പിതാവ് എന്ന കുറിപ്പോടെ മേഗന്‍ മൂന്നുപേരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചത്. എന്റെ പ്രചോദനം, ആര്‍ച്ചിയുടെ ആത്ഭുതപ്പെടുത്തുന്ന പിതാവ്, ഓരോ ദിവസവും അത്രയധികം ആഴത്തിലാണ് നീ എനിക്ക് കരുതലേകുന്നത് എന്നായിരുന്നു മേഗന്‍ ചിത്രത്തിനൊപ്പം കുറിച്ചത്. 
 
ഇതിനൊപ്പം ഹാരിയുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ ചേര്‍ത്ത് ഒറ്റ ഫ്രെയ്മിലാക്കിയാണ് മേഗന്‍ ചിത്രം പങ്കുവച്ചത്. ജൂലൈ ആറിനു നടന്ന ആര്‍ച്ചിയുടെ മാമോദീസയ്ക്ക് മൂവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രവും ഡയാന രാജകുമാരി ഹാരി രാജകുമാരനെ എടുത്തു കൊണ്ട് നില്‍ക്കുന്ന ചിത്രവും ഇതില്‍ ഉണ്ടായിരുന്നു. മേഗന്റെ ട്വീറ്റിന് പത്തുമിനിറ്റിനുള്ളില്‍ അരലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചു. നിരവധിയാളുകളാണ് മേഗന്‍ പങ്കുവച്ച ചിത്രത്തിനു താഴെ ആശംസകളുമായി എത്തിയത്.

Content Highlights: Meghan Markle shares unseen picture of Archie's christening