മേഗന്‍ മാര്‍ക്കിളിന്റെയും ഹാരി രാജകുമാരന്റെയും മകന്‍ ആര്‍ച്ചിയെ പുതപ്പിച്ചിരിക്കുന്ന ഷോളാണ് ഇപ്പോള്‍ ചര്‍ച്ച. തൂവെള്ള നിറത്തിലുള്ള ഷോളിന്റെ അരികില്‍ മഞ്ഞ നിറത്തിലുള്ള ലെയ്സുകള്‍ തുന്നിച്ചേര്‍ത്തിരുന്നു. എന്നാല്‍ ആ ഷോളിന് ഇന്ത്യയുമായൊരു ബന്ധമുണ്ട്. രാജസ്ഥാനിലെ ജയ്പൂരിലുള്ള ബാഗരു എന്ന ചെറിയ തുന്നല്‍ ഗ്രാമത്തിലെ അരുണ റിഗര്‍ എന്ന 50 വയസുകാരിയാണ് ഈ ഷോള്‍ തുന്നിയത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

48 മണിക്കൂര്‍ എടുത്താണ് ഇവര്‍ ഈ റോയല്‍ ഷോള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഷോള്‍ തുന്നിയ അരുണയ്‌ക്കോ മറ്റു തൊഴിലാളികള്‍ക്കോ മേഗന്‍ മാര്‍ക്കിളിനെക്കുറിച്ചും രാജകുടുംബത്തെക്കുറിച്ചും കാര്യമായ ധാരണയൊന്നുമില്ല. മേഗനെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. എന്നാല്‍ തങ്ങള്‍ തുന്നിത്തീര്‍ത്ത ആ ഷോളിന് രണ്ടാഴ്ച മുഴുവന്‍ ജോലി ചെയ്താല്‍ പോലും കിട്ടാത്ത പ്രതിഫലമാണ് കിട്ടിയതെന്ന് ഇവര്‍ പറയുന്നു. ഇത് എങ്ങനെ സംഭവിച്ചു എന്ന് അമ്പരക്കുകയാണ് ഇവര്‍.

ഓരോ ദിവസവും ജീവിതച്ചെലവുകള്‍ കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുകയാണെന്നും തങ്ങളുടെ തൊഴിലിന് കാര്യമായ പ്രതിഫലം ലഭിക്കുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. രാജകുടുംബത്തെക്കുറിച്ചും മേഗനെക്കുറിച്ചും അറിഞ്ഞതോടെ തൊഴിലാളികള്‍ ഏറെ സന്തുഷ്ടരായി. ഇത്രയും പ്രധാനപ്പെട്ടയാള്‍ക്കാണ് തങ്ങള്‍ ഷോള്‍ നിര്‍മിച്ചതെന്ന് അറിഞ്ഞതില്‍ വളരെയെറെ സന്തോഷമുണ്ടെന്ന് ഇവര്‍ പറയുന്നു. മാത്രമല്ല,  ഇത് തങ്ങള്‍ക്ക് കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കാന്‍ ഇടയാക്കുമെന്നാണ് ഇവരുടെ വിശ്വാസം.

Content Highlights: Meghan Markle's organic shawl for baby Archie is made in Indian