സ്‌റ്റെഫാനി മില്ലിംഗര്‍ എന്ന് ഇരുപത്തെട്ടുകാരിക്ക് താന്‍ എല്ലാ ദിവസവും ചായ കൂട്ടുന്ന രീതി ബോറടിച്ചു തുടങ്ങി. പിന്നെയൊന്നും ആലോചിച്ചില്ല കൈകള്‍ തറയില്‍ കുത്തി കാലുകള്‍ വളച്ച് ചായ എടുത്തു. ഞെട്ടേണ്ട, ലോകറെക്കോര്‍ഡ് നേടിയ താരമാണ് ഈ സൂപ്പര്‍ ഫ്‌ളക്‌സിബിള്‍ ലേഡി. ഓസ്ട്രിയന്‍ അക്രോബാറ്റ് താരമായ സ്‌റ്റെഫാനി ഒരു ഹാന്‍ഡ്സ്റ്റാന്‍ഡിലൂടെ മിഡ് എയര്‍ സ്പ്ലിറ്റ് പൊസിഷനില്‍ കൈകള്‍ ഉപയോഗിച്ച് ബാലന്‍സ് ചെയ്ത് 52 മിനിറ്റ് നന്നാണ് ലോക റെക്കോര്‍ഡ് നേടിയത്. 

women

കാണികള്‍ക്ക് വിശ്വസിക്കാനാവാത്ത വിധം വഴങ്ങുന്ന ശരീരമാണ് സ്‌റ്റെഫാനിയുടെത്. ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഈ യുവതിക്കുള്ളത്. ഒരു സുരക്ഷാ മാര്‍ഗങ്ങളും ഇല്ലാതെ ഉയരമുള്ള റൂഫിന് മുകളിലൂടെ നടക്കുക, പാലത്തിന് താഴെ കൈയില്‍ ബാലന്‍സ് ചെയ്ത് ഊഞ്ഞാലാടുക, പര്‍വതക്കെട്ടുകളില്‍ തൂങ്ങിയിറങ്ങുക, അതും കൈകള്‍ ഉപയോഗിച്ച്... ഇതൊക്കെയാണ് സ്‌റ്റെഫാനിയുടെ ഹോബികള്‍ തന്നെ. ജര്‍മനി ഗോട്ട് ടാലന്റിന്റെ ഫൈനലിസ്റ്റ് കൂടിയാണ് സ്‌റ്റെഫാനി. 

പതിമൂന്നാം വയസ്സുമുതലാണ് ജിംനാസ്റ്റിക്ക് പരിശീലനം സ്റ്റെഫാനി ആരംഭിച്ചത്. അച്ഛനും അമ്മയും സാധാരണ ജോലിക്കാരായിരുന്നിട്ടും മകളുടെ വ്യത്യസ്തമായ ഈ ആഗ്രഹത്തിന് അവരെല്ലാ പിന്തുണയും നല്‍കി. കുതിരയുടെ പുറത്ത് ബാലന്‍സ് ചെയ്യുന്നതുമുതല്‍ ഹാന്‍ഡ് സ്റ്റാന്‍ഡ് പൊസിഷനില്‍ നീണ്ട സമയം നില്‍ക്കാന്‍ വരെ ഇക്കാലത്ത് തന്നെ സ്റ്റെഫാനിക്ക് പരിശീലനം ലഭിച്ചു. 

women

എല്ലാവരും പഠനം കഴിഞ്ഞ് പല ഭാവി പരിപാടികളും പ്ലാന്‍ ചെയ്യുമ്പോള്‍ ഫുള്‍ടൈം ജിംനാസ്റ്റിക്കിലേക്ക് തിരിയാന്‍ സ്റ്റെഫാനി തീരുമാനിക്കുകയായിരുന്നു. 

നൂറ് ശതമാനം ഏകാഗ്രതയോടെ മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നാണ് ഇതെന്ന് സ്‌റ്റെഫാനി പറയുന്നു. പരിശീലനം ഒഴിവാക്കാന്‍ പറ്റുന്ന ഒന്നല്ലെന്നും ഒരു അഭിമുഖത്തില്‍ അവര്‍. '2019 ല്‍ ഒരു ഷോക്കിടെ ബാലന്‍സ് തെറ്റി കൈയിലെ എല്ലിന് പൊട്ടല്‍ വീണിരുന്നു. അത് സുഖമായി വരാന്‍ വളരെ സമയമെടുത്തു. അത്തരം അപകടങ്ങളുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് അനുഭവം പഠിപ്പിച്ചു.' ഉറങ്ങുമ്പോള്‍ മാത്രമാണ് തന്റെ ശരീരം സാധാരണ നിലയില്‍ താന്‍ വയ്ക്കുകയെന്നും അവര്‍ തമാശ രൂപേണ പറയുന്നു.

പലരും സ്റ്റെഫാനി ചെയ്യുന്നത് അപകടകരമായ ഒന്നാണെന്നും പബ്ലിസിറ്റിക്കുവേണ്ടിയാണെന്നും വിമര്‍ശനമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇഷ്ടപ്പെടുന്നവഴിയേ പോകാന്‍ ഒരു വിമര്‍ശനവും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് സ്‌റ്റെഫാനി.

Content Highlights: Meet Stefanie Millinger who is so flexible she can pour tea with her feet