ഫ്ഗാനിലെ താലിബാന്‍ കൊലവിളിയില്‍ ഏറെ ആശങ്കപ്പെടുകയും ഇരുളിലേക്ക് തള്ളിവിടപ്പെടുകയും ചെയ്യുന്നവര്‍ സ്ത്രീകളാണ്. പുരുഷന്മാരുടെ യുദ്ധക്കൊതിയുടെ ഇരകള്‍ എന്നും സ്ത്രീകളും കുട്ടികളും തന്നെയാവുമ്പോള്‍ അഫ്ഗാനില്‍ നിന്ന് നിലവിളികള്‍ മാത്രമല്ല പ്രതിഷേധത്തിന്റെ സ്വരവും ഉയരുന്നുണ്ട്, അതും സ്ത്രീകളുടേത്. പക്ഷേ എത്രകാലമെന്ന് അറിയില്ലെങ്കിലും ഞങ്ങളെ മായിച്ചു കളയാനാവില്ല എന്നവര്‍ പ്രഖ്യാപിക്കുന്നുണ്ട്. അത്തരത്തിലൊരു പ്രതിഷേധമാണ് സ്ട്രീറ്റ് ആര്‍ട്ടിസ്റ്റും അഫ്ഗാനിലെ ആദ്യ വനിതാ ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റുമായ ഷംസിയ ഹസ്സനിയുടേത്.

അഫ്ഗാനിസ്ഥാനില്‍ നിരവധി മനുഷ്യാവകാശപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഷംസിയ തന്റെ ചിത്രങ്ങളിലൂടെ അവിടുത്തെ ജനങ്ങളുടെ ജീവിതത്തെ പറ്റിയും ദുരിതങ്ങളെ പറ്റിയുമെല്ലാം ലോകത്തെ അറിയിക്കാന്‍ ശ്രമിച്ചിരുന്നു. ഇന്ത്യ, ഇറാന്‍, ജര്‍മനി, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലെല്ലാം ധാരാളം ചിത്രപ്രദര്‍ശനങ്ങളും ഷംസിയ നടത്തിയിരുന്നു. 2014 ല്‍ ലോകത്തില്‍ നൂറ് ഗ്ലോബല്‍ തിങ്കേഴ്‌സില്‍ ഇടംപിടിച്ച വ്യക്തി കൂടിയാണ് ഈ യുവതി. 

1988 ല്‍ ഇറാനിലെ തെഹറാനിലാണ് ഷംസിയ ജനിച്ചത്. അവിടെ യുദ്ധം പൊട്ടിപുറപ്പെട്ടകാലത്ത്  ഷംസിയയുടെ കുടുംബം  അഫ്ഗാനിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു.  ചെറുപ്പത്തില്‍ തന്നെ വരയ്ക്കാന്‍ ഇഷ്ടമായിരുന്നെങ്കിലും പഠിക്കാന്‍ ഷംസിയക്ക് അനുമതി ഉണ്ടായിരുന്നില്ല. അക്കാലത്ത് ചിത്രകല പഠിക്കാനുള്ള അനുവാദം അഫ്ഗാനിസ്ഥാനില്‍ ഇല്ലായിരുന്നു. പിന്നീട്  2005 ല്‍ കാബുള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തന്നെ അവള്‍ ട്രഡീഷണല്‍ ആര്‍ട്ട് വിഷയത്തില്‍ പഠനം പൂര്‍ത്തിയാക്കി. കാബുള്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു ഷംസിയ. 

ഇനി അഫ്ഗാനില്‍ തനിക്കു പ്രിയപ്പെട്ട ചിത്രകല ഉണ്ടാവില്ല എന്ന് ഷംസിയക്ക് അറിയാം. അതാവാം അവള്‍ താലിബാന്‍ തീവ്രവാദികള്‍ക്ക് മുമ്പില്‍ അപ്പൂപ്പന്‍താടി നീട്ടി കരയുന്ന പെണ്‍കുട്ടിയുടെ ചിത്രം വരച്ചത്. പൊട്ടിത്തകര്‍ന്ന പിയാനോ നെഞ്ചോടു ചേര്‍ക്കുന്ന ചിത്രം വരച്ചത്... തന്റെ ചിത്രങ്ങളിലൂടെ അഫ്ഗാന്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ പറ്റി അവള്‍ പലതവണ ലോകത്തോട് പറഞ്ഞിരുന്നു. 'ദുസ്വപ്നം' എന്നാണ് താലിബാന്‍ തന്റെ നാട് പിടിച്ചെടുത്തതിനെ പറ്റി ഷംസിയ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നത്. 

Content highlights: Meet Afghanistan’s first female graffiti artist Shamsia Hassani