ന്ത്യയിലാദ്യമായി സ്ത്രീകള്‍ക്ക് പഞ്ചായത്ത് സമിതിയില്‍ സീറ്റ് സംവരണം ചെയ്യപ്പെടുന്നത് കേരളത്തിലാണ്. 1957-ല്‍ അധികാരത്തിലേറിയ ഇ.എം.എസ് സര്‍ക്കാരിന്റെ ഭരണകാലത്ത്. പക്ഷേ 1959-ല്‍ ഇ.എം.എസ് സര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് പിരിച്ചുവിട്ടതോടെ ഈ നിയമം ഇല്ലാതായി. തുടര്‍ന്ന് വന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണകാലത്ത് നടപ്പിലാക്കിയ പഞ്ചായത്തീരാജില്‍ ഒരു പഞ്ചായത്തില്‍ നിന്നും ഒരു സ്ത്രീയെ നാമനിര്‍ദേശം ചെയ്യുന്ന കേന്ദ്രമാതൃക അവംലംബിച്ചു. പ്രാദേശിക ഭരണരംഗത്ത് സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുന്നത് 1990കളിലാണ്. പക്ഷേ അമ്പതുശതമാനം വനിതാസംവരണം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതി സ്വന്തമാക്കാന്‍ കേരളത്തിന് സാധിച്ചില്ല. 2006ല്‍ ബീഹാറാണ് ആദ്യമായി അമ്പത് ശതമാനം വനിതാ സംവരണം തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പ്രാവര്‍ത്തികമാക്കിയത്. തുടര്‍ന്ന് കേരളമുള്‍പ്പടെ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, ഒഡിഷ, രാജസ്ഥാന്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ 2009ല്‍ അമ്പത് ശതമാനം വനിതാ സംവരണ നിയമം പാസാക്കി. 

പക്ഷേ പ്രതീക്ഷിച്ചതിനേക്കാള്‍ വലുതായിരുന്നു 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സംഭവിച്ചത്. അമ്പത് ശതമാനം സംവരണം എന്നതില്‍ കവിഞ്ഞ് വനിതാ പ്രാതിനിധ്യം ഉയര്‍ന്നു. ഇത്തവണയും മറിച്ചായിരുന്നില്ല സ്ഥിതി. വനിതാസംവരണത്തിനും പുറമേ പല ജനറല്‍ സീറ്റുകളിലും സ്ത്രീകള്‍ മത്സരിച്ചു. സംസ്ഥാനത്താകെ 75,549 പേര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയപ്പോള്‍ അവരില്‍ 38,268 പേരും സ്ത്രീകളായിരുന്നു. രാഷ്ട്രീയം കുടുംബകാര്യമായ പ്രമുഖനേതാക്കളുടെ മക്കള്‍ക്കൊപ്പം വീട്ടമ്മമാരും സിനിമാതാരങ്ങളും ഗായികമാരും കോളേജ് വിദ്യാര്‍ത്ഥിനികളുമുള്‍പ്പടെ സ്ത്രീരത്‌നങ്ങള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങി, അധികാരം പങ്കിട്ടു. ആറു കോര്‍പ്പറേഷനില്‍ മൂന്നിലും ഏഴുജില്ലാപഞ്ചായത്തുകളിലും അവര്‍ അധികാരത്തിലേറി. 

2010-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളിലായിരുന്നു വനിതസംവരണമെങ്കില്‍ ഇത്തവണ, ആദ്യമായി കോര്‍പറേഷനായ കണ്ണൂരിന് പുറമേ, തൃശൂര്‍, കൊച്ചി കോര്‍പറേഷനുകളിലാണ് സംവരണത്തിലൂടെ വനിതകള്‍ സാരഥികളായെത്തിയത്. കൊച്ചിയില്‍ സൗമിനി ജെയ്‌നും തൃശ്ശൂരില്‍ അജിത ജയരാജനും കണ്ണൂരില്‍ ഇ.പി.ലതയും നഗരത്തിന്റെ വികസനസ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു. മേയര്‍മാരുടെ വികസന സ്വപ്‌നങ്ങളിലൂടെ

കൊച്ചി പഴയ കൊച്ചിയല്ല, ഇനി സ്മാര്‍ട്ട് കൊച്ചി

SOUMINI

കൊച്ചിയെ സ്മാര്‍ട്ട് സിറ്റിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് കൊച്ചിയുടെ 'സ്മാര്‍ട്ട്' മേയര്‍ സൗമിനി ജെയ്ന്‍ അധികാരത്തിലേറിയത്. കാര്യക്ഷമതയുള്ളതും സുതാര്യവും അഴിമതിരഹിതവുമായ ഭരണം കാഴ്ച വക്കുമെന്നും സൗമിനി കൊച്ചിക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ വെള്ളക്കെട്ട് തടയാന്‍ സമഗ്രമായ ഡ്രെയിനേജ് മാസ്റ്റര്‍ പ്ലാന്‍, നഗരത്തില്‍ വീടില്ലാത്തവര്‍ക്കെല്ലാം വീട്, അഴിമതി തടയാന്‍ ഭരണതലത്തില്‍ കര്‍ശന നടപടി, കൊച്ചിയിലെ റോഡുകള്‍ നന്നാക്കുന്നതിനായി അടിയന്തിരമായി ഇടപെടും കൊച്ചിയിലെ കൊതുകുശല്യത്തിന് വിദഗ്ധരുടെ അഭിപ്രായം തേടി നടപടിയെടുക്കും തുടങ്ങി നിരവധി പദ്ധതികള്‍ കൊച്ചിക്കായി സൗമിനി തയ്യാറാക്കി കഴിഞ്ഞു. കൊച്ചി പഴയ കൊച്ചിയല്ലെന്ന് പൊതുജനം പറയുന്ന കാലം വിദൂരമല്ലെന്ന് പ്രതീക്ഷിക്കാം. 

സൗമ്യം മധുരം... 

പേരുപോലെ തന്നെയാണ് മേയറും. നെറ്റിയില്‍ കറുത്ത വട്ടപ്പൊട്ടും വിടര്‍ന്ന ചിരിയുമായി പൊതുജനങ്ങള്‍ക്കിടയിലേക്കിറങ്ങുന്ന സൗമിനി. വെറുതെയാണോ മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു പോലും മേയറെ കണ്ടാല്‍ കൊള്ളാം എന്നു പറഞ്ഞുപോയത് !

പഞ്ചാബി ഹൗസിലെ മേയര്‍

കോളിങ് ബെല്‍ അടിച്ച് 'മൈനാഗ' ത്തിന്റെ പൂമുഖവാതില്‍ക്കല്‍ കാത്തുനില്‍ക്കുമ്പോള്‍ മനസ്സില്‍ ഓര്‍ത്തത് ഒരു 'പഞ്ചാബി ഹൗസാ' യിരുന്നു. തലപ്പാവും താടിയുമൊക്കെയുള്ള ഒരു മനുഷ്യന്‍ വാതില്‍ തുറന്ന് മുന്നില്‍ പ്രത്യക്ഷപ്പെടും. ഹിന്ദിയില്‍ മൊഴിഞ്ഞ് അദ്ദേഹം ഞങ്ങളെ അകത്തേക്ക് ക്ഷണിക്കും...ചിന്തകള്‍ അങ്ങനെ മിസൈല്‍ വിട്ടതുപോലെ പോകുമ്പോള്‍ അതാ വാതില്‍ തുറന്ന് ഖേര്‍ സിങ്ങും ഭാര്യ സൗമിനിയും...പാന്റ്‌സും നീല ഷര്‍ട്ടും ധരിച്ച് സുസ്‌മേരവദനനായി മുന്നില്‍ നില്‍ക്കുന്ന ഖേര്‍സിങ്ങിനെ കണ്ടപ്പോള്‍ ഒരു സംശയം...ഇങ്ങനെയും ഒരു സിങ് ഉണ്ടാകുമോ...മനസ്സിലെ ചോദ്യം മാനത്തുകണ്ടതുപോലെ സൗമിനി ഞങ്ങളെ നോക്കി ചിരിച്ചു. പിന്നെ ആ കഥ പറഞ്ഞു... വൈക്കത്തുകാരനായ സിറിയന്‍ കത്തോലിക്കന്‍ ജെയിന്‍ ഖേര്‍സിങ്ങിന് ആ പേരു കിട്ടിയ കഥ...മതത്തിന്റെ അതിര്‍ത്തികള്‍ മറികടന്ന പ്രണയകാലത്തിനൊടുവില്‍ ജെയിനും സൗമിനിയും ഒന്നിച്ച കഥ...ഒടുവില്‍ സൗമിനി ജെയിന്‍ എന്ന കലാകാരി കൊച്ചിയുടെ മേയറായ കഥ. 

soumini 2


മേയര്‍ സൗമിനി ജെയിന്‍ കുടുംബത്തിനൊപ്പം. ഫോട്ടോ. സിദ്ദിക്കുല്‍ അക്ബര്‍


കറിയാച്ചന്‍ എന്ന ഖേര്‍സിങ്

എണ്ണച്ചായത്തിലും അക്രിലിക്കിലും വരച്ച പെയിന്റിങ്ങുകള്‍ അലങ്കരിച്ച സ്വീകരണമുറിയിലെ സോഫയിലിരിക്കുമ്പോള്‍ സൗമിനിയുടെ മുഖം നിറയെ പുഞ്ചിരിയായിരുന്നു. ഫ്‌ളാഷ് ബാക്കില്‍ പ്രണയകഥയിലേക്ക് ജെയിന്‍ സഞ്ചാരം തുടങ്ങുമ്പോള്‍ സൗമിനിയുടെ പുഞ്ചിരിയുടെ തിളക്കം കൂടിക്കൊണ്ടിരുന്നു. ''വൈക്കത്തിനടുത്ത് കാരിത്താനത്താണ് എന്റെ വീട്. അപ്പന്‍ കറിയാച്ചന്‍ എസ്.ബി.ടി.യില്‍ ഉദ്യോഗസ്ഥനായിരുന്നു. എന്നാല്‍ ബാങ്കില്‍ ഉദ്യോഗം കിട്ടിയതോടെ അപ്പന് കറിയാച്ചന്‍ എന്ന പേര് പോരെന്നൊരു തോന്നല്‍. അപ്പന്‍ ജനിച്ചത് ചിങ്ങമാസത്തിലായിരുന്നു. കറിയാച്ചന്‍ എന്ന പേരിന്റെ ആദ്യഭാഗവും ചിങ്ങമാസവും ചേര്‍ത്ത് പേര് പരിഷ്‌കരിക്കാമെന്ന നിര്‍േദശവുമായി കുടുംബക്കാരനായ ഒരു ബിഷപ്പാണ് അപ്പനെ സഹായിക്കാനെത്തിയത്. കറിചിങ്ങ് എന്ന പേരാണ് ബിഷപ്പ് അപ്പന് ഇട്ടുകൊടുത്തത്. കറിചിങ്ങ് കുറച്ചുകൂടി പരിഷ്‌കരിച്ച് ഖേര്‍സിങ് എന്നാക്കി മാറ്റാന്‍ അപ്പന്‍ സ്വയം തീരുമാനമെടുത്തു. ഗസറ്റില്‍ പരസ്യം കൊടുത്ത് അപ്പന്‍ പേരുമാറ്റി. അങ്ങനെ ഖേര്‍സിങ്ങിന്റെ മകനായ ഞാന്‍ ജെയിന്‍ ഖേര്‍സിങ്ങായി...'' ജെയിന്‍ പേരിന്റെ കഥ പറയുമ്പോള്‍ അടുത്തിരുന്ന മകന്‍ വരുണ്‍ നിറഞ്ഞ ചിരിയിലായിരുന്നു. 

ഖേര്‍സിങ് എന്ന പേരുവന്നതോടെ ഉണ്ടായ പുകിലുകളൊന്നും നിസ്സാരമായിരുന്നില്ലെന്നും ജെയിന്‍ ഓര്‍ക്കുന്നു.'' തേവര കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിക്കുന്നത്. അതോടെ സിഖുകാര്‍ക്കെല്ലാം പ്രശ്‌നമാകുമെന്നുപറഞ്ഞ് പലരും എന്നോട് ഒളിവില്‍പോകാന്‍ പറഞ്ഞു. ബാങ്കില്‍ ജോലി കിട്ടിയപ്പോള്‍ ഞാന്‍ ഓഡിറ്റിങ്ങിന് ചെല്ലുമെന്നറിയുമ്പോള്‍ മാനേജര്‍മാര്‍ ഹിന്ദി പഠിക്കാന്‍ തുടങ്ങിയതും രസകരമായ ഓര്‍മയാണ്...'' ജെയിന്‍ ജീവിതകഥ തുടരുമ്പോള്‍ മകള്‍ പത്മിനിയുടെ ചിരി പൊട്ടിച്ചിരിയായി

soumini

ജെയിന്‍ പേരിന്റെ കഥ പറഞ്ഞ് നിര്‍ത്തിയിടത്തുനിന്ന് സൗമിനിയാണ് പ്രണയത്തിന്റെ എപ്പിസോഡ് തുടങ്ങിയത്. ''ഞാന്‍ പഠിച്ച തേവര എസ്.എച്ച്. കോളേജില്‍ തന്നെയാണ് ജെയിനും പഠിച്ചത്. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ അടുപ്പത്തിലാകുന്നത് ജെയിന്‍ എന്റെ വീടിനടുത്ത് ബാറ്ററി ബിസ്സിനസ് സ്ഥാപനം തുടങ്ങിയപ്പോഴായിരുന്നു. ഞാന്‍ ഡിഗ്രി രണ്ടാം വര്‍ഷത്തിലെത്തിയപ്പോഴായിരുന്നു വിവാഹം. കുഞ്ഞു പിറന്നതോടെ പഠനം താത്കാലികമായി മുടങ്ങി. പിന്നെ വീട്ടിലിരുന്ന് പഠിച്ചാണ് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. കേരള സര്‍വകലാശാലയില്‍ നിന്ന് എം.എ. എടുത്തതും വീട്ടിലിരുന്ന് പഠിച്ചാണ്....'' സൗമിനി പ്രണയകഥ പറയുമ്പോള്‍ അടുത്തിരുന്ന മകള്‍ പത്മിനിയുടെ കമന്റെത്തി...''അപ്പോ ഞാന്‍ ജനിച്ചതോടെയാണ് അമ്മക്ക് ഡിഗ്രിയും പി.ജി.യും ഒക്കെ കിട്ടിയതല്ലേ..'' 

സ്വപ്‌നം പോലൊരു ചിത്രം

soumini 1

മേയറുടെ വീട്ടിലെത്തുമ്പോള്‍ ആരുടെ കണ്ണുകളും ആദ്യമെത്തുന്നത് ആ രവിവര്‍മ ചിത്രത്തിലേക്കാണ്. സ്വീകരണമുറിയില്‍ ഈ ചിത്രത്തിനുപുറമേ മനോഹരമായ മറ്റുകുറേ പെയിന്റിങ്ങുകളുമുണ്ട്. എല്ലാം മേയര്‍ തന്നെ വരച്ചതാണെന്നറിയുമ്പോള്‍ വല്ലാത്തൊരു കൗതുകം തോന്നും. '' കുട്ടിക്കാലത്തുതന്നെ വരയ്ക്കാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം നല്‍കിയിരുന്ന കുടുംബത്തിന് കുട്ടികള്‍ കലയിലേക്ക് തിരിഞ്ഞാല്‍ പഠനം നഷ്ടമാകുമെന്ന ആശങ്കയായിരുന്നു. ഇതിനിടയിലും ഞാന്‍ സമയം കണ്ടെത്തി വരയ്ക്കുമായിരുന്നു. കല്യാണം കഴിഞ്ഞ് വീട്ടമ്മയായി മാറിയ സമയത്താണ് കലയോടുള്ള ഇഷ്ടം പ്രകടിപ്പിക്കാന്‍ ഏറെ സമയം കിട്ടിയത്. ഓയില്‍ കളറില്‍ ചിത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത് അങ്ങനെയാണ്. അതുകഴിഞ്ഞ് അക്രിലിക് പെയിന്റിങ്ങും പഠിച്ചു. കലാജീവിതം വളരെ രസമാണ്... ഒരു സ്വപ്നം പോലെ മനോഹരം..''സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ സൗമിനിയുടെ കണ്ണുകള്‍ രവിവര്‍മ ചിത്രത്തിനുനേരെ നീണ്ടു. 

മിസ് യു...കപ്പ ബിരിയാണി 

soumini

മേയറുടെ തിരക്കിലേക്ക് അമ്മ മാറുമ്പോള്‍ മക്കള്‍ക്ക് എന്തുതോന്നുന്നു...ചോദ്യം തീരുംമുമ്പേ ഉത്തരവുമായെത്തിയത് മകള്‍ പത്മിനിയാണ്. '' അമ്മയുടെ പാചകം ബഹുകേമമാണ്. കൗണ്‍സിലറായ സമയത്തും വീട്ടിലെ പാചകത്തില്‍ അമ്മ ഒരുപാട് ശ്രദ്ധിച്ചിരുന്നു. ഇനി മേയറാകുമ്പോള്‍ തിരക്കുകൂടുമെന്ന് ഉറപ്പാണ്. അപ്പോ പഴയതുപോലെ എപ്പോഴും അമ്മ ഭക്ഷണം ഉണ്ടാക്കിത്തരണമെന്ന് വാശി പിടിക്കാനാകില്ലല്ലോ..അമ്മയുടെ കപ്പ ബിരിയാണി തകര്‍പ്പനാണ്. അത് മിസ് ആകുമോയെന്നാണ് എന്റെ പേടി...'' പത്മിനിയുടെ ആശങ്കക്ക് പിന്തുണ പ്രഖ്യാപിച്ച് ജെയിനും മകളുടെ കൂടെക്കൂടി. '' നാടന്‍ ഭക്ഷണം ഉണ്ടാക്കുന്നതില്‍ ഇവള്‍ക്ക് ഭയങ്കര കൈപ്പുണ്യമാണ്. കഞ്ഞിയും പയറുമൊക്കെ എത്ര സ്വാദിഷ്ടമായിട്ടാണ് ഇവള്‍ ഉണ്ടാക്കുന്നതെന്നോ...'' അച്ഛനും മക്കളും അങ്ങേയറ്റം ആശങ്കയിലായതോടെ സൗമിനി വീണ്ടും രംഗത്തെത്തി...'' എത്ര തിരക്കുണ്ടായിട്ടും നിങ്ങളുടെ ഭക്ഷണ കാര്യമൊന്നും ഞാന്‍ ഇതുവരെ മുടക്കീട്ടില്ലല്ലോ...എന്തായാലും ആരും പട്ടിണിയൊന്നും കിടക്കേണ്ടിവരില്ല...'' മേയര്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയതോടെ എല്ലാവരും നിറഞ്ഞ ചിരിയിലായി. 

വീടിന്റെ ടെറസ്സിലെ പച്ചക്കറി കൃഷി നോക്കി നടക്കുന്നതിനിടയിലാണ് മേയറോട് ആ ചോദ്യം ചോദിച്ചത്. സ്വയം എങ്ങനെ മാര്‍ക്കിടുന്നു...ഉത്തരം ഉടനെത്തി. ''വീട്ടില്‍ എനിക്ക് 100ല്‍ 35 മാര്‍ക്ക് കിട്ടും. സമൂഹത്തില്‍ 65 ശതമാനം മാര്‍ക്കും...പക്ഷേ ഏതുരംഗത്തായാലും അവിടെ നൂറുശതമാനം ആത്മാര്‍ത്ഥമായിട്ടാണ് ഞാന്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ഇനിയും അങ്ങനെതന്നെയാകണമെന്നാണ് ആഗ്രഹം...'' സംസാരത്തിനിടയിലും മേയര്‍ താഴെ വീണുകിടന്ന രണ്ടുമൂന്നു പയര്‍വള്ളികള്‍ മുകളിലേക്ക് പടര്‍ത്താന്‍ മറന്നില്ല. 

കോണ്‍ഗ്രസ് എ വിഭാഗത്തില്‍പ്പെട്ട സൗമിനി ജെയിന്‍(43) സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ എളംകുളം ഡിവിഷനില്‍ നിന്ന് 94 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ രവിപുരം വാര്‍ഡില്‍ നിന്ന് വിജയിച്ച ഇവര്‍ കോര്‍പ്പറേഷനില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ആയിരുന്നു. മഹാരാജാസില്‍ നിന്നാണ് ബിരുദം നേടിയത്. പ്രൈവറ്റായി സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും സൗമിനി നേടിയിട്ടുണ്ട്. അവാര്‍ഡ് എന്ന എന്‍.ജി.ഒയുടെ സെക്രട്ടറിയായിരിക്കെയാണ് സൗമിനി രാഷ്ട്രീയത്തിലേക്കെത്തുന്നത്. അമേരിക്കയില്‍ നടന്ന മൂന്ന് മാസത്തെ ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പരിപാടിയില്‍ പങ്കെടുക്കാനും സൗമിനിക്ക്  കഴിഞ്ഞിട്ടുണ്ട്. പാട്ടിലും അഭിനയത്തിലും മികവ് തെളിയിച്ചിട്ടുണ്ട്.


തൃശ്ശൂരിന്റെ വളര്‍ത്തുമകള്‍

ajitha 34

വാര്‍ദ്ധക്യ കാല പെന്‍ഷന് വേണ്ടിയുള്ള അപേക്ഷയിലാണ് സത്യപ്രതിജ്ഞക്കു ശേഷം തൃശൂര്‍ മേയര്‍ അജിതാ ജയരാജ് ആദ്യം ഒപ്പുവച്ചത്. വികസനമാണ് തന്റെ അടിസ്ഥാന ലക്ഷ്യമെന്നും എല്ലായിടത്തും വെള്ളവും വെളിച്ചവും എത്തിക്കാനായിരിക്കും തന്റെ ആദ്യത്തെ ശ്രമമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് മേയറുടെ കസേരയില്‍ അജിയ ഇരുന്നത്. ഒപ്പം തൃശൂരിന്റെ മാലിന്യ നിര്‍മാര്‍ജനത്തെ കുറിച്ചും ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കേണ്ടതിനെ കുറിച്ചും അവര്‍ വാചാലയായി. കൊക്കാല ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അജിത ജയരാജന്‍ തൃശൂര്‍ കോര്‍പറേഷന്റെ ആറാമത്തെ മേയറാണ്. 

മേയര്‍ക്കു തൃശ്ശൂര്‍ പെറ്റമ്മയല്ലെങ്കിലും പോറ്റമ്മയാണ്. പതിനെട്ടാം വയസ്സില്‍ നഴ്‌സിങ് പഠനത്തിനു വന്നതു മുതല്‍ മേയര്‍ കസേരയിലെത്തുന്നതുവരെയുള്ള നഗര ഓര്‍മ്മകള്‍ ഇവരിലുണ്ട്. 'നഗരം ഒരുപാടു മാറിപ്പോയി. ഇനിയും ഒരുപാടു മാറാനുണ്ട് '.... മാറ്റങ്ങള്‍ക്കു കയ്യൊപ്പു ചാര്‍ത്തേണ്ട കസേരയിലിരുന്ന് മേയര്‍ അജിത ജയരാജന്‍ പറയുന്നു.

1971-72 കാലത്താണ് അജിത ആദ്യം തൃശ്ശൂരില്‍ കാലുകുത്തുന്നത് ഗവണ്‍മെന്റ് നഴിസിങ് സ്‌കൂളിലേക്കുള്ള ഇന്റര്‍വ്യൂവിനായി. ടൗണ്‍ഹാളിലായിരുന്നു തൃശ്ശൂരുമായി പൊക്കിള്‍കൊടി ബന്ധം സ്ഥാപിച്ച ആ ഇന്റര്‍വ്യു. അന്നത്തെ തൃശ്ശൂരില്‍നിന്നും ഇന്നത്തെ തൃശ്ശൂരിലേക്കുള്ള അകലം ചോദിച്ചപ്പോള്‍ അളക്കാനാവില്ലെന്ന തോതിലൊരു ശബ്ദമായിരുന്നു ഉത്തരം. നടപ്പാതകളെല്ലാം പൊട്ടിപ്പൊളിഞ്ഞു, റോഡരികിലൂടെ നടക്കാന്‍ സാധിക്കാതിരുന്ന അന്നത്തെ നഗരം മനസ്സിലുണ്ട്.

ajitha

നഗരമിനിയും ഏറെ മാറാനുണ്ട്. പാതിവഴിയില്‍ നിലച്ച ജങ്ഷന്‍ വികസനംകൊണ്ടു ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ഉടനെ മാറ്റേണ്ടതാണ്. റോഡിനു വീതികൂടിയെങ്കിലും നടക്കാനിടമില്ലാത്ത അവസ്ഥ മാറ്റണം .ഇത്തരം കാര്യങ്ങളില്‍ കൗണ്‍സിലില്‍ ആലോചിച്ച് വേണ്ടതു ചെയ്യും അവര്‍ കൂട്ടിച്ചേര്‍ത്തു.വടക്കുംനാഥനും അതിനോടനുബന്ധിച്ച റൗണ്ടും പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതാകണം എന്നുതന്നെയാണ് മേയറുടെ അഭിപ്രായം. ഇതെല്ലാം മാറിയാല്‍ തൃശ്ശൂരിന്റെ മുഖംതന്നെ മാറിപ്പോകില്ലെ എന്നു ഇവര്‍ ചോദിക്കുന്നു. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇവയുടെ വിപണനസാധ്യതകള്‍ പരിശോധിക്കും. പലയിടത്തും ഇപ്പോള്‍തന്നെ ജൈവപച്ചക്കറി ചന്തകള്‍ നടക്കുന്നുണ്ട്. ഇവ ശക്തിപ്പെടുത്തുന്നതിനായി കോര്‍പ്പറേഷനു ചെയ്യാവുന്നതെല്ലാം ചെയ്യും.

തൃശ്ശൂരിലെ കണ്ണീരിനോടൊപ്പമായിരുന്നു മേയര്‍ ഇതുവരെ. ഇതിന്റെ വിശാലമായ ഭൂമിക കിട്ടിയതിന്റെ ഉത്തരവാദിത്വമായിരുന്നു ആ മുഖത്ത്. 7172 കാലയളവില്‍ തുടങ്ങിയ പഠനം കഴിഞ്ഞപ്പോഴും തൃശ്ശൂര്‍ കൈവിടാന്‍ മടിച്ചു. 75ല്‍ ജില്ലാ ആസ്പത്രിയിലെ സ്റ്റാഫ് നഴ്‌സായി തിരികെ ഈ മടിത്തട്ടില്‍തന്നെ എത്തി.  ജോലിയില്‍നിന്നും വിരമിച്ചശേഷവും കണ്ണീരിന്റെ സാന്ത്വനമാകാനുള്ള  ശ്രമം തുടര്‍ന്നു. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ന്നായിരുന്നു ഇത്. മേയറായി ചാര്‍ജ്ജെടുത്ത് അടുത്ത ദിവസം  അന്വേഷിച്ചതും ഇവര്‍ക്കെന്തു കൂടുതല്‍ നല്‍കാനാകും എന്നായിരുന്നു.

ആഹ്ലാദലഹരിയില്‍നിന്നിറങ്ങി ഉത്തരവാദിത്വത്തിന്റെ തീക്ഷ്ണതയിലേക്ക് നടന്നുതുടങ്ങിയ മേയറെയാണ് തൊട്ടുപിറ്റേന്ന് മുതല്‍ തൃശൂര്‍ക്കാര്‍ കണ്ടത്. ആര്‍പ്പും ആരവങ്ങളുമില്ല. പകരം ഉദ്യോഗസ്ഥരുമായുള്ള ചെറു ചര്‍ച്ചകള്‍. മേയറെ കാണാനെത്തുന്നവരുടെ വാക്കുകള്‍. സഹപ്രവര്‍ത്തകരുമായുള്ള കൂടിയാലോചനകള്‍..... ഇങ്ങനെ പുതിയ മേയറും സംഘവും മാറ്റങ്ങളിലേക്ക് നടന്നുകയറാന്‍ തുടങ്ങുകയാണ്.

കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയര്‍

latha

ണ്ണൂര്‍ ചൊവ്വയിലെ മയൂരത്തിലേക്ക് നിലക്കാത്ത ഫോണ്‍ കോളുകളാണ് . ഫോണെടുത്താല്‍ ആദ്യ ചോദ്യം നമ്മുടെ ലത മേയറായി അല്ലേ....എന്നാണ്. ആള്‍ക്കാരുടെ ഈ ചോദ്യത്തിന് കാരണവുമുണ്ട്. ഇങ്ങനെയൊരു ജനവിധി ആരും പ്രതീക്ഷിച്ച് കാണില്ല പ്രത്യേകിച്ച് ലത പോലും. അഭിനന്ദനപ്രവാഹവുമായി സഹപ്രവര്‍ത്തകരും ബന്ധുക്കളും വീട്ടിലെത്തുന്നു. സ്വന്തം മൊബൈലിലേക്കും നിരന്തരമായി ഫോണ്‍ കോളുകള്‍. ചാനലുകാരും പത്രക്കാരും അഭിമുഖത്തിനെത്തുന്നു. ഫോട്ടോ എടുക്കുന്നു. വികസനനയത്തെ കുറിച്ച് ചോദിക്കുന്നു. എല്ലാവരും ആകാംക്ഷയോടെയാണ് ആദ്യ കോര്‍പ്പറേഷന്‍ ഭരണത്തെ ഉറ്റുനോക്കുന്നത്. അത്രയധികം നാടകീയമായിരുന്നു കണ്ണൂര്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പും . നാടകാന്തം ഇ.പി.ലതയെന്ന 44-കാരി കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയര്‍ പദത്തിലെത്തി.
     
ജീവിതത്തില്‍ പഠിച്ച 'ടൈം മാനേജ്‌മെന്റ്' കോര്‍പ്പറേഷന്‍ ഭരണത്തിലും പയറ്റാനൊരുങ്ങുകയാണിവര്‍. ചെറുപ്പം തൊട്ടേ ഡയറി എഴുത്ത് ശീലമാക്കിയ ലതയ്ക്ക് സമയത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്.  ജീവിതവിജയത്തില്‍ അതിന്റെ വിലയറിയുന്നതുകൊാണ് ഇഷ്ടവിഷയമായ മാനേജ്‌മെന്റില്‍ ബിരുദാനന്ദര ബിരുദം നേടിയതും. തുടര്‍ന്ന് ബംഗ്‌ളൂരുവിലെയും ഹൈദരാബാദിലെയും കമ്പനിയില്‍ മാനേജരായി ജോലിയില്‍ പ്രവേശിച്ചതും . കൃത്യമായ സമയവിനിയോഗമാണ് നല്ല ജോലി സ്വായത്തമാക്കാന്‍ കഴിഞ്ഞതിന് പിന്നിലെന്ന് ലത പറയുന്നു. ജോലിയിലെ ഈ പരിചയസമ്പത്ത് ഭരണത്തെ പ്രൊഫഷണല്‍ ടച്ചോടെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് മേയര്‍.

e.p latha


   ചുവപ്പുനാടയില്‍ കുരുങ്ങി തീരുമാനങ്ങള്‍ വൈകരുത്..കൃത്യ സമയത്ത് തന്നെ പദ്ധതികള്‍ നടപ്പിലാക്കലാണ് ആവശ്യം. രാഷ്ട്രീയം പ്രശ്‌നമാക്കുന്നില്ല.. എല്ലാവരെയും യോജിപ്പിച്ച് നിര്‍ത്താന്‍ വികസനരാഷ്ട്രീയത്തിനാകും.  കണ്ണൂരിനെ അശാന്തിയുടെ നാടാക്കി ചിത്രീകരിക്കരുത്.. ഇവിടെ വികസനമാണ് ആവശ്യം. അതിന് രാഷ്ട്രീയം നോക്കാതെയുള്ള പിന്തുണയാണാവശ്യം. ലത പറയുന്നു. 
      
ചൊവ്വ ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സിയും, ചിന്മയ മിഷന്‍ കോളേജില്‍ നിന്ന് പ്രീഡിഗ്രിയും പാസായി. പിന്നെ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ഹയര്‍ ഡിപ്ലോമയും മണിപ്പാല്‍ സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ.യും കരസ്ഥമാക്കി. എസ്.എന്‍.കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയം പഠനത്തിലായിരുന്നു ശ്രദ്ധ. വീറുറ്റ സമരങ്ങള്‍ നടന്നെങ്കിലും അതിലൊന്നും പ്രത്യക്ഷമായി പങ്കെടുത്തിരുന്നില്ല. നന്നായി പഠിക്കുക, മികച്ച ജോലി നേടുക ഇതൊക്കെയായിരുന്നു അന്നത്തെ എസ്.എഫ്.ഐ.ക്കാരിയുടെ സ്വപ്‌നം.
     
lathaമയൂരത്തിലെ ഭാഗ്യതാരകം

കറകളഞ്ഞ കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമാണ് ലത. വിപ്ലവസ്വപ്‌നം നെഞ്ചേറ്റിയ മയൂരത്തിലെ ഭാഗ്യതാരകമാണിപ്പോളിവര്‍ . പ്രഥമമേയറെന്ന സ്വപ്നതുല്ല്യമായ നേട്ടത്തിന് പിന്നില്‍ താങ്ങായി നിന്ന എല്ലാവര്‍ക്കും നന്ദി പറയുകയാണ് കുടുംബാംഗങ്ങള്‍. പത്ത് വര്‍ഷം മുമ്പ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം വന്നപ്പോള്‍ ജോലിയാണ് വലുതെന്ന് പറഞ്ഞ് മാറിനിന്ന ലത ഇപ്പോള്‍ ഏറ്റെടുത്തത് ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെടാവുന്ന ദൗത്യമാണ് .ഇതിനുമുമ്പ് കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍, ബാലസഭ കോ-ഓര്‍ഡിനേറ്റര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സി.പി.എം. ചൊവ്വ ബ്രാഞ്ചംഗവും ബാലസംഘം ഏരിയ കമ്മിറ്റി രക്ഷാധികാരിയുമാണ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച സുകുമാരന്‍ നായരും മാധവിയുമാണ് മാതാപിതാക്കള്‍. പി.ബാബുരാജ്, പി.സുമ എന്നിവരാണ് സഹോദരങ്ങള്‍
 
 സസ്‌പെന്‍സ് നിറഞ്ഞ തിരഞ്ഞെടുപ്പങ്കം   

കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറായത് സസ്‌പെന്‍സ് നിറഞ്ഞ തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവിലാണ്. ഭാഗ്യത്തിന്റെ പിന്തുണ കൂടിയു് ഈ സ്വപ്നപദവിക്ക് പിന്നില്‍. ആദ്യത്തെ പരീക്ഷണം യു.ഡി.എഫ്. കഴിഞ്ഞ 25 വര്‍ഷക്കാലമായി ജയിച്ചുവരുന്ന ഒരു പ്രദേശത്ത് മത്സരത്തിനിറങ്ങി. മേലെചൊവ്വ ഡിവിഷനില്‍. അതും കന്നിയങ്കം . എന്നാല്‍ യു.ഡി.എഫി.ലെ പടലപ്പിണക്കങ്ങളും പൊതുരംഗത്തെ ലതയുടെ ഇടപെടലുകളും വോട്ടായി മാറിയപ്പോള്‍ 25 വോട്ടിന്റെ ഭുരിപക്ഷത്തിന് ജയിച്ചു. എല്‍.ഡി.എഫ്. മേയര്‍ സ്ഥാനാര്‍ഥിയായി ഉയത്തിക്കാട്ടിയ ടി.വിമലകുമാരി പരാജയപ്പെട്ടപ്പോള്‍ ലതയ്ക്ക് നറുക്കുവീണു. മേയര്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഒരിക്കലും അധികാര മോഹങ്ങള്‍ തന്നെ കീഴ്‌പ്പെടുത്തിയിട്ടില്ല. പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുക എന്നതാണ് എന്റെ കടമ- ലത പറയുന്നു.

മേയര്‍ തിരഞ്ഞെടുപ്പ് ദിനം ആകാംക്ഷ നിറഞ്ഞതായിരുന്നു. ഒന്നും പ്രതീക്ഷിക്കാതെയാണ് അന്നേദിനം തിരഞ്ഞെടുപ്പ് ഹാളിലേക്ക് പോയത്. തിരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമായിരുന്ന പി.കെ.രാഗേഷിന്റെ വോട്ട് എനിക്കാണെന്നറിഞ്ഞപ്പോള്‍ ആര്‍പ്പുവിളിയുമായി എല്ലാവരും അരികിലെത്തി. എല്ലാവരോടും എന്ത് പറയണമെന്നറിയാത്ത അവസ്ഥയായിരുന്നു അപ്പോള്‍. എന്നേക്കാളേറെ സന്തോഷിക്കുന്ന പ്രവര്‍ത്തകര്‍ക്കു മുന്നില്‍ സത്യപ്രതിജ്ഞ ചൊല്ലുമ്പോള്‍ കണ്ണൂരിനായി കഴിയുന്നതെല്ലാം ചെയ്യുമെന്ന ദൃഢനിശ്ചയം മാത്രമായിരുന്നു മനസ്സില്‍. ഹരിതകണ്ണൂരായിരിക്കും മുഖ്യലക്ഷ്യം, ഒപ്പം റോഡ് വികനസനം, മാലിന്യ നിര്‍മാര്‍ജനം തെരുവുനായശല്യം നിയന്ത്രിക്കുക എന്നിവക്കുള്ള പദ്ധതികളും നടപ്പിലാക്കണം.

തയ്യാറാക്കിയത് : സിറാജ് കാസിം,കെ.കെ.ശ്രീരാജ്, വി.പി.രാഗേഷ്‌,രമ്യ കെ.എച്ച്