വിവാഹദിനത്തെ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാക്കി മാറ്റാനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. ഉത്തരേന്ത്യന്‍ ശൈലിയിലുള്ള പരമ്പരാഗത വിവാഹങ്ങള്‍ക്ക് പൂക്കള്‍ കൊണ്ടലങ്കരിച്ച പന്തല്‍(ഫൂലന്‍ കാ ഛാദാര്‍) ഒഴിവാക്കാന്‍ കഴിയാത്ത ഘടകമാണ്. വധുവിനെ വിവാഹവേദിയിലേക്ക് ആനയിച്ചുകൊണ്ടുവരുന്നതാണ് ഇത്. ഈ പൂ പന്തല്‍ ഒഴിവാക്കി പകരം തകർപ്പൻ നൃത്തച്ചുവടുകളുമായി വിവാഹവേദിയിലേക്ക് എത്തുന്ന ഗുരുഗ്രാം സ്വദേശിയായ സബാ കപൂര്‍ എന്ന യുവതിയുടെ വീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. 

ബാര്‍ ബാര്‍ ദേഖോ എന്ന സിനിമയിലെ 'സൗ ആസ്മാന്‍' എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെച്ചാണ് വധു വിവാഹവേദിയിലേക്ക് എത്തിയത്. 

വധു കടന്നുവരുന്ന വഴിക്ക് ഇരുവശത്തുമായി കാത്ത് നില്‍ക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഈ വരിയില്‍നിന്ന് വധുവിനൊപ്പം ചെറുസംഘങ്ങള്‍ നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. അവസാനമാണ് ഈ വീഡിയോയിലെ സര്‍പ്രൈസ് ഉള്ളത്. വരന്റെ മുന്നില്‍ മുട്ട് കുത്തിനിന്ന് തന്റെ കൈവശം കരുതിയിരുന്ന മോതിരം കൈകളിലെടുത്ത് വരനോട് വിവാഹ അഭ്യര്‍ഥന നടത്തുന്നതോടെ വീഡിയോ അവസാനിക്കുന്നു. വളരെ സന്തോഷത്തോടെ പ്രസന്നവദനയായി നൃത്തം ചെയ്യുന്ന വധുവിനെ സോഷ്യല്‍ മീഡിയ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. 

രണ്ട് ലക്ഷത്തില്‍ അധികമാളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

Content highlights: mass entry of bride to wedding venue, dance with friend, Grugram bride with surprise entry