നിറത്തിന്റെ പേരിൽ നേരിട്ട വിവേചനങ്ങളെക്കുറിച്ച് സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധിപേർ തുറന്നു പറയുന്നുണ്ട്. ഇരുണ്ടനിറമായതുകൊണ്ട് നിരവധി അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് ബോളിവുഡ്താരം ചിത്രാംഗദ സിംഗ് അടുത്തിടെയാണ് പറഞ്ഞത്. ഇപ്പോഴിതാ ബോളിവുഡ് താരം നീന ഗുപ്തയുടെ മകളും ഡിസൈനറും നടിയുമായ മസാബ ഗുപ്തയും സമാന അനുഭവം പങ്കുവെക്കുകയാണ്. സ്കൂൾ കാലത്താണ് അതിന്റെ ഏറ്റവും കഠിനമുഖം തിരിച്ചറിഞ്ഞതെന്നും മസാബ പറയുന്നു.
നീന ഗുപ്തയ്ക്ക് മുൻകാമുകനും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരവുമായ വിവിയൻ റിച്ചാർഡ്സിൽ ഉണ്ടായ മകളാണ് മസാബ. എന്തിനെക്കുറിച്ചു സംസാരിക്കുമ്പോഴും തന്റെ ഇരുണ്ട നിറത്തെക്കുറിച്ച് പറയുന്ന ഒരു സുഹൃത്തുണ്ടായിരുന്നുവെന്ന് മസാബ പറയുന്നു. എന്ത് വസ്ത്രം ധരിക്കണമെന്നോ ഏതു വിഷയം പഠിക്കണമെന്നോ ഏതു കായികവിനോദത്തിൽ പങ്കെടുക്കണമെന്നോ ഒക്കെ ചോദിച്ചാൽ നിറത്തെക്കുറിച്ച് തുടങ്ങിയാവും സുഹൃത്തിന്റെ മറുപടി എന്ന് മസാബ പറയുന്നു.
ഇവയേക്കാളെല്ലാമുപരി അച്ഛന്റെയും അമ്മയുടെയും ബന്ധത്തെച്ചൊല്ലിയും വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നുവെന്നും മസാബ പറയുന്നു. പ്രണയത്തിലായിരുന്ന തന്റെ മാതാപിതാക്കൾ വിവാഹിതരാകാതിരുന്നതും അതിൽ പിറന്ന മകളായതിനാൽ അവരുടെ ബന്ധത്തെ ചോദ്യം ചെയ്തുമായിരുന്നു വിമർശനങ്ങൾ എന്ന് മസാബ. കുട്ടിക്കാലത്ത് അച്ഛനില്ലാത്തവൾ എന്ന പദം ധാരാളം കേട്ടിട്ടുണ്ട്. അന്നൊന്നും അവർ പറയുന്നത് എന്താണെന്ന് മനസ്സിലായിരുന്നില്ല. അമ്മയോട് അതേക്കുറിച്ചു ചോദിച്ചപ്പോൾ ഒരു പുസ്തകത്തിലൂടെ അതേക്കുറിച്ചു പറഞ്ഞു തരികയും ഇനിയും ഇവ നേരിടാൻ തയ്യാറാകണമെന്നും പറഞ്ഞു.
അടുത്തിടെ അമേരിക്കയിൽ കറുത്ത വർഗക്കാരിയും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസ് വൈസ് പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ടതിനു പിന്നാലെയും മസാബ സമാനമായ കുറിപ്പ് പങ്കുവച്ചിരുന്നു. താൻ പകുതി കരീബിയനും പകുതി ഇന്ത്യനുമാണെന്ന് കുട്ടിക്കാലത്തേ മനസ്സിലാക്കിയിരുന്നു. തന്നെപ്പോലെ താൻ മാത്രമേ ഉള്ളുവെന്നാണ് കരുതിയിരുന്നത്. പിന്നീട് യാത്രകൾ ചെയ്തു തുടങ്ങിയതോടെ അന്റിഗ്വായിലും മറ്റും പോയപ്പോഴാണ് തന്നെപ്പോലുള്ള ധാരാളം പേരെ കണ്ടത്. ഒരിക്കലും കണ്ടെത്താൻ കഴിയാതിരുന്ന കണ്ണാടിയിൽ നോക്കുന്നതു പോലെയായിരുന്നു അത് - മസാബ കുറിച്ചു.
Content Highlights: Masaba Gupta on facing racism