സൈരന്ധ്രിക്കാടുകളെ വെട്ടിമുറിച്ച് കുന്തിപ്പുഴയെ രണ്ടായി പകുത്ത് വികസനം സാധ്യമാക്കാന്‍ ഭരണകൂടം പദ്ധതിയിട്ട നാളുകള്‍. പരിസ്ഥിതിപ്രവര്‍ത്തകര്‍ സൈലന്റ് വാലിക്കുവേണ്ടി ശബ്ദമുയര്‍ത്തി. ആ പ്രകൃതിസ്‌നേഹികളുടെ കൂട്ടത്തില്‍ കവയിത്രി സുഗതകുമാരിയുമുണ്ടായിരുന്നു. പ്രക്ഷോഭങ്ങള്‍ക്കിടെ അട്ടപ്പാടിയിലെ ബൊമ്മിയാംപടി ഊരിലെത്തിയ സുഗതകുമാരിയെ വരവേറ്റത് വരണ്ട പൊടിക്കാറ്റും കൊടുംവേനലുമായിരുന്നു. വനംകൊള്ള, കൈയേറ്റം. മലയിറങ്ങിയ മരങ്ങള്‍ക്കൊപ്പം മരിച്ചടിഞ്ഞ കാട്ടുചോലകള്‍. 

''മരങ്ങള്‍ നടണം, കാട് വളര്‍ത്തണം.'' അതിനോടകം ഊരുകാര്‍ക്ക് അമ്മയായി മാറിയ മലയാളത്തിന്റെ പ്രിയകവയിത്രി പറഞ്ഞു. 'ഒപ്പം ഞാനുണ്ട്.' ഒരാള്‍ മുന്നോട്ടുവന്നു. അത് മരുതിയായിരുന്നു. മരുതിക്കുപിന്നിലായി ഊരുവാസികള്‍ ഓരോരുത്തരായി അണിനിരന്നു. തൈകളും വിത്തുകളുമായി മരുതിയും കൂട്ടുകാരും മല കയറിയിറങ്ങി. മനുഷ്യനോട് പിണങ്ങിയ മണ്ണില്‍ നാമ്പിടാന്‍ മടിച്ച മുകുളങ്ങള്‍ക്കുമീതേ അവര്‍ ഭവാനിപ്പുഴയുടെ തെളിനീര് തൂകി. പിണക്കം മറന്ന് ചെടികള്‍ ഉണര്‍ന്നു, വളര്‍ന്നു. കൃഷ്ണവനം പിറന്നത് അങ്ങനെയാണ്. 

മൂന്നരപ്പതിറ്റാണ്ടിനിപ്പുറം, ഊരിന് കാവലായ മലദൈവത്തെപ്പോലെ മൗലിയില്‍ മരങ്ങളണിഞ്ഞ മഹാവനം. അതിന്റെ ഇരുണ്ട വന്യതയില്‍ പാര്‍ക്കാനെത്തിയ കാട്ടാനകളും മാനുകളും പുലികളും പറവകളും ഉരഗങ്ങളും. ഊരിലെ തന്റെ കൂരയ്ക്കുമുന്നിലിരുന്ന് മരുതി കാടിനെ നോക്കി. ''അന്തകാട് അവരുടെത്, അവര്‍ക്ക് വീട് കെടച്ചതേ തന്തോയം.'' കാട്ടുമൃഗങ്ങള്‍ക്ക് വീടൊരുക്കിയ സന്തോഷം മരുതിയുടെ മുഖത്തും വാക്കുകളിലും നിറഞ്ഞു.
  
കാട് അവരുടെ വീട്

ബൊമ്മിയാംപടിയില്‍ മുപ്പതിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ചാണകം മെഴുകി വെടിപ്പാക്കിയ മുറ്റം. ഈറ്റയിലും സിമന്റ് കട്ടയിലും പടുത്തുയര്‍ത്തിയ വീടുകള്‍. അതിലൊന്ന് മരുതിയുടെതാണ്. രണ്ടുമുറികളും അടുക്കളയും. മേല്‍ക്കൂരയിലെ ഓടുകള്‍ വിണ്ടടര്‍ന്നിട്ടുണ്ട്. മുറിയിലൊരുകോണില്‍ വച്ച ടി.വി.യാണ് ഏക ആഡംബരം. അതിന് മുകളിലായി നിവര്‍ത്തിവച്ച കുട. മഴ പെയ്താല്‍ ടി.വി. നനയാതിരിക്കാനാണ്. വീട്ടില്‍ മരുതിക്ക് കൂട്ടിന് മകളും മകളുടെ മകളുമുണ്ട്. പിന്നെ ആടും പശുവും പൂച്ചയും കോഴികളും. തൊഴുത്ത് പണിയാനും മഴയില്‍ചോരുന്ന കൂര പുതുക്കിപ്പണിയാനും അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ് മരുതി. 

കാടെവിടെ മക്കളേ

ധാന്യഗുഡ്ഢ അഥവാ ധാന്യക്കുന്ന് എന്നാണ് കൃഷ്ണവനം ഉള്‍പ്പെടുന്ന മല അറിയപ്പെട്ടിരുന്നത്. അവിടം കൈയേറ്റത്താല്‍ വരണ്ടുണങ്ങി മൊട്ടക്കുന്നായി മാറുകയായിരുന്നു. ''ഞാനൊക്കെ കുട്ടിയായിരുന്നപ്പോള്‍ കണ്ണെത്താ ദൂരത്തോളം കാടായിരുന്നു. ആള്‍പ്പാര്‍പ്പുള്ളിടത്തേക്കൊന്നും കാട്ടുമൃഗങ്ങള്‍ ഇറങ്ങിവരില്ല. അവര്‍ക്ക് താമസിക്കാന്‍ കാടുണ്ടല്ലോ. പിന്നെപ്പിന്നെ മുതലാളിമാര്‍ വന്ന് മരങ്ങള്‍ വെട്ടാന്‍ തുടങ്ങി. വെട്ടിവെട്ടി കാട് തെളിഞ്ഞു. വല്യവല്യ ആളുകള് ഊരിലെ കുടിലുകളില്‍ കയറി രസീതും രേഖകളുമൊക്കെ തീയിട്ട് നശിപ്പിച്ച് സ്ഥലം അവരുടെതാക്കും. കാട്ടിലെന്ത് നിയമം. അതുകൊണ്ടല്ലേ ഇവിടെ മൊട്ടക്കുന്നുകള്‍ ഉണ്ടായത്. മരങ്ങളും ഇല്ലാതായ കാലത്ത് മാടുകളെയുംകൊണ്ട് ഞങ്ങളീ ഊര് വിട്ട് പോയിട്ടുണ്ട്. പൈക്കള്‍ക്ക് തീറ്റയും വെള്ളവും കൊടുക്കണ്ടേ. വരള്‍ച്ചയൊക്കെ മനുഷ്യരുണ്ടാക്കുന്നതാണ്. മഴയും തണുപ്പുമൊക്കെ കാട് തരുന്നതും. അമ്മ വന്ന് നമുക്കീ കുന്നില്‍ കാട് നടാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചെന്ന് കൈപിടിച്ച് ഞാനും കൂടാം എന്നുപറഞ്ഞു. പ്ലാവും മാവും പൂവരശും നീര്‍മരുതും...കിട്ടിയ തൈകളെല്ലാം മലയിലെത്തിച്ചു. കാട് വളര്‍ന്നു. കാട്ടുമൃഗങ്ങള്‍ വന്നു.''

അമ്മ മാഞ്ഞു
 
''പരാതികള്‍ അമ്മയോടായിരുന്നു പറയുന്നത്. ഇനി ആരോടാണ് പറയേണ്ടതെന്ന് അറിയില്ല. എഴുത്തും വായനയുമൊന്നും അറിയില്ല. അമ്മ എഴുതിയ കവിതകളൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ, മനസ്സിലാവില്ല. അന്ന് രാത്രി സ്വപ്‌നത്തില്‍ വന്നിട്ട് പടിക്കല്‍നിന്ന് അമ്മ മരുതിയേ എന്ന് വിളിച്ചു. എന്താ അമ്മാ എന്ന് ഞാന്‍ ചോദിച്ചു. ഒന്നുമില്ല എന്ന് പറഞ്ഞിട്ട് അമ്മ മാഞ്ഞുപോയി. പിറ്റേദിവസം അറിഞ്ഞു അമ്മ മരിച്ചെന്ന്. മരിക്കുംമുമ്പ് എന്നെ ഓര്‍ത്തുകാണും. ഓര്‍ക്കുമ്പോ സങ്കടം വരും. പക്ഷേ, കാട്ടിലേക്ക് നോക്കുമ്പോ അവിടെ അമ്മയുള്ളതുപോലെ തോന്നും.'' മരുതി സുഗതകുമാരിയെ ഓര്‍ത്തു...

മുറ്റത്തെ മാന്‍കൂട്ടം
 
മരുതി കഥകളോരോന്നായി ഓര്‍ത്തെടുക്കുന്നതിനിടെ ഊരിലെ മുതിരത്തോട്ടത്തില്‍ ഒരനക്കം. പുള്ളിമാന്‍കൂട്ടമാണ്. ''അവിരിടയ്ക്കിടെ കാടിറങ്ങി വരും. ആനകളും വരും. ഒരു രാത്രി അടുക്കളവാതില് തുറന്നുനോക്കുമ്പോള്‍ ഒരു വലിയ നിഴല്‍ അനങ്ങുന്നു. ഒറ്റയാനാണ്. ഞാന്‍ ഒച്ചവയ്ക്കാതെ നിന്ന് കണ്ടു. വീടിനടുത്തേക്ക് കയറാന്‍ കാലെടുത്ത് വച്ചതും മണ്‍തിട്ടയിടിഞ്ഞു. പിന്നെയത് മെല്ലെ തിരികെ കാടുകയറി. മനുഷ്യരെപ്പോലെയല്ല മൃഗങ്ങള്‍. നമ്മള്‍ ഉപദ്രവിച്ചാലേ അവര് നമ്മളെ തിരിച്ച് വേദനിപ്പിക്കൂ. ഇവിടെനിന്ന് നോക്കിയാല്‍ കാട്ടില്‍ കാട്ടുപോത്തുകള്‍ കൂട്ടത്തോടെ മേഞ്ഞുനടക്കുന്നത് കാണാം. കാട്ടില് ഞങ്ങള്‍ നട്ട പ്ലാവും നെല്ലിയും പുളിയുമൊക്കെയുണ്ട്. അതൊക്കെ കുരങ്ങനും മാനും മയിലും മുയലുമൊക്കെ തിന്നോട്ടെ.'' മരുതി മനസ്സുനിറഞ്ഞ് ചിരിക്കുന്നു.

അന്നത്തെ കാലം
 
''ഊരില് പണ്ട് കൃഷിയുണ്ടായിരുന്നു. പയറ്, തക്കാളി, പച്ചമുളക്, വഴുതനങ്ങ. എല്ലാം വിളയുന്ന മണ്ണാണ്. പക്ഷേ, കൃഷി ചെയ്യാനുള്ള മണ്ണൊക്കെ മുതലാളിമാരുടെതാണ്. പിന്നെ ബാക്കിയുള്ളത് കാടല്ലേ. അന്നൊക്കെ കാട് തരുന്നതെന്തും തിന്നും. കാട്ടുപഴങ്ങളും ചാമയും ചോളവും റാഗിയുമൊക്കെ തിന്നാണ് വിശപ്പ് മാറ്റിയിരുന്നത്. ഇപ്പോള്‍ ഭക്ഷണമൊക്കെ മാറി. അതു കാരണമാണ് രോഗങ്ങള്‍ വരുന്നത്. പട്ടണത്തില്‍ നിറയെ ആസ്പത്രികളല്ലേ. പട്ടണത്തില്‍ പോയാല്‍ ശ്വാസംമുട്ടും തലകറങ്ങും വിയര്‍ക്കും. ബസ്സിലും ട്രെയിനിലും ബോട്ടിലുമൊക്കെ കയറിയിട്ടുണ്ട്. പക്ഷേ, വിമാനത്തില്‍ കയറിയിട്ടില്ല. വിമാനത്തിലും കയറണം...'' മരുതി ആഗ്രഹം മറച്ചുവയ്ക്കുന്നില്ല.

കാട്ടുപച്ചയുടെ കാവലാള്‍
 
കൃഷ്ണവനത്തിലേക്കുള്ള വഴി കയറവേ ഒരു വരണ്ട മണ്‍പാതയില്‍ മരുതിയുടെ കണ്ണുകളുടക്കി. ''മലവെള്ളം ഒഴുകുന്ന ചാലായിരുന്നു. സ്ഥലം കൈയേറിയവര്‍ ചോല നികത്തി. അന്ന് പരാതിപ്പെട്ടപ്പോള്‍ കഞ്ഞിക്ക് വകയില്ലാത്തവര് എന്തിനാ പൈസക്കാരുമായി പ്രശ്‌നത്തിന് പോകുന്നതെന്ന് പോലീസ്‌കാര് ചോദിച്ചിട്ടുണ്ട്. മുതലാളിമാര് വന്ന് മരം വെട്ടിയാല്‍ എതിര്‍ക്കാന്‍ പറ്റില്ലല്ലോ. അവര് ചന്ദനമരങ്ങളൊക്കെ വെട്ടിക്കൊണ്ടുപോകും. ഊരിലുള്ളവര് വിറകുപെറുക്കാന്‍ കാട്ടില്‍ പോകും. അക്കൂട്ടത്തില്‍ ചന്ദനക്കമ്പുകള്‍ ഉണ്ടോ എന്ന് നോക്കാന്‍ ഉദ്യോഗസ്ഥര്‍ ഊരിലെ വീടുകളില്‍ കയറും. ഊരിലുള്ളവര്‍ക്ക് കാടിനെ നശിപ്പിച്ച് കിട്ടുന്നതൊന്നും വേണ്ടെന്ന് ഞങ്ങള്‍ പറയും. ഇപ്പോള്‍ ഫോറസ്റ്റുകാരാണ് കാടിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. പുറത്തുനിന്നാരും അതുകൊണ്ട് കാട്കൈയേറാന്‍ വരില്ല.''
കാട്ടിലേക്കുള്ള വഴിയാകെ പൂത്തുനില്‍ക്കുന്നുണ്ട് പലതരം മരങ്ങള്‍. മരുതി അവരോടൊക്കെയും സംസാരിച്ചു. മാനുകളെപ്പോലെ മുയലുകളെപ്പോലെ ഒറ്റയാന്റെ തുമ്പിക്കൈപ്പോലെ മരത്തിന്റെ നിഴലുകള്‍ വഴിയിലുടനീളം മരുതിക്കൊപ്പം നടന്നു. 

കാട്ടുനാരകത്തിന്റെ ചോട്ടില്‍നിന്നൊരു പെണ്‍കുട്ടി മരുതിയെ നോക്കി കൈവീശി. ചില്ലകുലുക്കി പാഞ്ഞുപോയൊരു അണ്ണാറക്കണ്ണന്‍ തട്ടിയിട്ട മഞ്ഞനാരങ്ങ അവള്‍ മരുതിക്ക് കൈമാറി. 'പേരക്കുട്ടിയാണ്' മരുതി കൊച്ചുമകളെ പരിചയപ്പെടുത്തി. ഹരിതയെന്നാണ് ആ അഞ്ചാംക്ലാസുകാരിയുടെ പേര്. കാട്ടുപച്ചയുടെ കാവലാളായ മുത്തശ്ശിയുടെ പേരക്കുട്ടിക്ക് അതിനെക്കാള്‍ നല്ലപേര് മറ്റെന്താണ്?

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Maruthi, Environmental  activist from tribal community Kerala