ഒരു കാലത്ത് കടുത്ത പ്രതിസന്ധികളിലൂടെ കടന്ന് പോകുകയും പിന്നീട് ആത്മവിശ്വാസത്തോടെ ജീവിതം തിരികെ പിടിക്കുകയും ചെയ്ത നിരവധി ആളുകളുടെ അനുഭവങ്ങള്‍ പങ്കിടുന്നതാണ് ഫെയ്‌സ്ബുക്കിലെ ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പേജ്. 20-ാം വയസ്സില്‍ വിവാഹിതയാകുകയും നാലു വര്‍ഷത്തിനുശേഷം ഭര്‍ത്താവ് മരിച്ച് ഒറ്റപ്പെട്ടുപോകുകയും ചെയ്ത യുവതി തന്റെ ജീവിതാനുഭവം വിവരിക്കുകയാണ് ഹ്യൂമന്‍സ് ഓഫ് ബോംബേ എന്ന പേജില്‍. 

20-ാം വയസ്സിലായിരുന്നു യുവതിയുടെ വിവാഹം. നാലു വര്‍ഷത്തിനുശേഷം ഭര്‍ത്താവ് ഒരു അപകടത്തില്‍ മരണപ്പെട്ടു. തുടര്‍ന്ന് ജീവിതത്തില്‍ പകച്ചുനിന്നുപോയതായി അവര്‍ പറഞ്ഞു.

ഒരു യാഥാസ്ഥിതിക കുടുംബത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കണമെന്ന് വിശ്വസിക്കുന്ന ഒരു കുടുംബമായിരുന്നില്ല അത്. മറിച്ച് അവര്‍ കുടുംബം നോക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണെന്ന് കരുതുന്നവരായിരുന്നു. അതിനാല്‍ എനിക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഒരിക്കലും കഴിഞ്ഞില്ല.

ഭര്‍ത്താവിന്റെ മരണശേഷം സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയപ്പോള്‍ പാചകം ചെയ്യുക, വൃത്തിയാക്കുക തുടങ്ങിയ ജോലികളാണ് കാത്തിരുന്നത്. ഇതുകൊണ്ട് ഒന്നും ഒരുകാര്യവുമില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. കൂടാതെ, നീയൊരു സ്ത്രീയാണ്, വീട് വിട്ടുപോകാന്‍ പാടില്ല തുടങ്ങി നിയന്ത്രണങ്ങള്‍ കൂടി വന്നപ്പോള്‍ അതൊക്കെ വിട്ടെറിഞ്ഞുപോകാന്‍ തോന്നി.

അവിചാരിതമായാണ് ഒരു ചടങ്ങില്‍വെച്ച് മെഹന്തി ഇടാനുള്ള കഴിവ് മനസ്സിലാക്കിയത്. നിങ്ങള്‍ക്കൊരു കഴിവുണ്ടെന്ന് ആളുകള്‍ പറഞ്ഞു. അങ്ങിനെ എന്റെ കഴിവ് തിരിച്ചറിഞ്ഞ ഞാന്‍ മൈസൂരുവില്‍ എത്തി ജീവിതം കരുപ്പിടിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, എന്റെ തീരുമാനം മാതാപിതാക്കള്‍ക്ക് സമ്മതമായിരുന്നില്ല. ഞാനുമായുള്ള ബന്ധം അവര്‍ അവസാനിപ്പിച്ചു. ഒറ്റക്കായതുപോലെ തോന്നിയെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന തോന്നില്‍ എന്നിലുണ്ടായി. 15,000 രൂപ ഞാന്‍ കൈയില്‍ കരുതി വെച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ വീട് വിട്ടു. 

മെഹന്ദി ആര്‍ട്ടിസ്റ്റായി ഞാന്‍ എന്റെ കരിയറിന് തുടക്കമിട്ടു. നന്നായി ജോലി ചെയ്തു. കോണിന് 15 രൂപയും ജോലിക്ക് 1000 രൂപയും ഫീസായി വാങ്ങി. അഞ്ചു വര്‍ഷത്തോളം ഈ രംഗത്ത് തുടര്‍ന്നു. അതിനുശേഷം ബ്യൂട്ടീഷനായിജോലി ചെയ്ത് തുടങ്ങി. എന്നാല്‍, എന്റെ ചെലവുകള്‍ മാത്രം നടക്കുന്നതിനുള്ള വരുമാനമാണ് അതില്‍ നിന്ന് കിട്ടിയിരുന്നത്. 

സ്വതന്ത്രമായി ഒരു ബ്യൂട്ടീഷന്‍ സ്ഥാപനം തുടങ്ങാന്‍ ഞാന്‍പദ്ധതിയിട്ടു. എന്നാല്‍, മുറികള്‍ വാടകയ്ക്ക് എടുക്കാനുള്ള സമ്പാദ്യം എന്റെ കൈയില്‍ ഉണ്ടായിരുന്നില്ല. ജോലി സന്നദ്ധത അറിയിച്ച് പോര്‍ട്ടലുകളില്‍ ഞാന്‍ എന്റെ പേര് നല്‍കി തുടങ്ങി. ഇതിനിടെ സ്വന്തം വീട്ടിലേക്കുള്ള സന്ദര്‍ശനം ചുരുങ്ങിയതോടെ മാതാപിതാക്കള്‍ അനുരഞ്ജനത്തിന് ശ്രമിച്ചു. ഇതിനിടെ കോവിഡ് 19 മഹാമാരി വ്യാപിച്ചത് ഇരുട്ടടിയായി. വരുമാനം ചുരുങ്ങി. 

അപ്പോഴേക്കും 32 വയസ്സായിരുന്നു. എന്തുകൊണ്ട് വീണ്ടും വിവാഹം കഴിച്ചുകൂടാ എന്ന ചോദ്യം ചുറ്റിലും ഉയര്‍ന്നു. എന്റെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമായാണ് വിവാഹത്തെ അവര്‍ കണ്ടത്. പക്ഷേ, എന്നെ സംരക്ഷിക്കാന്‍ മറ്റൊരാളെ ആശ്രയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. സ്വന്തം കാലില്‍ തന്നെ നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. 

അങ്ങനെയിരിക്കെ, പുതിയ ജോലികള്‍ക്കായി അന്വേഷിക്കുന്നതിനിടെയാണ് പെയിങ് ഗസ്റ്റായി നില്‍ക്കുന്ന വീടിനടുത്ത് ഫ്‌ളിപ്കാര്‍ട്ട് ഡെലിവറി ഏജന്റ് സാധനങ്ങള്‍ കൊണ്ടുവന്ന് കൊടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഈ ജോലി ഒരു സ്ത്രീ ചെയ്യുന്നത് ഞാന്‍ അതുവരെയും കണ്ടിട്ടുണ്ടായിരുന്നില്ല. അതിനെപ്പറ്റി ഞാന്‍ അന്വേഷിച്ചു.സ്ത്രീകള്‍ക്ക് ഡെലിവറി ഏജന്റായി ജോലി കിട്ടുമോ എന്ന എന്റെ ചോദ്യത്തിന് കിട്ടുമെന്ന മറുപടി ലഭിച്ചു. അങ്ങിനെ ആ ജോലിക്ക് വേണ്ടി അപേക്ഷിക്കുകയും കിട്ടുകയും ചെയ്തു. 

വളരെ അധികം ശ്രദ്ധയോടെയും അതേസമയം, ചുറുചുറുക്കോടെയും ഞാന്‍ ജോലി ചെയ്തു. ആദ്യമൊക്കെ എന്നെ കണ്ട് ആളുകള്‍ അമ്പരന്നു. ഒട്ടേറെപ്പേര്‍ അഭിനന്ദിച്ചു. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ആദ്യത്തെ ശമ്പളം ലഭിച്ചപ്പോള്‍ എന്റെ ആത്മവിശ്വാസം ഏറി. ഈ ജോലിക്ക് ശേഷം വൈകുന്നേരങ്ങളില്‍ ബ്യൂട്ടീഷന്‍ ജോലിയും ചെയ്തു. അങ്ങിനെ രണ്ടുവര്‍ഷം കൊണ്ട് ഒന്നരലക്ഷം രൂപ സമ്പാദിക്കാന്‍ കഴിഞ്ഞു. ഒരു ദിവസം സ്വന്തമായി ബ്യൂട്ടീപാര്‍ലര്‍ തുടങ്ങാന്‍ കഴിയുമെന്നാണ് സ്വപ്‌നം കാണുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് യാതൊരുവിധത്തിലും ചിന്തിക്കാതിരുന്ന എന്റെ മാതാപിതാക്കള്‍ സ്ത്രീകള്‍ക്ക് എന്തും ചെയ്യാന്‍ പറ്റും എന്ന നിലയിലേക്ക് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. അതാണ് എന്റെ ഏറ്റവും വലിയ വിജയം-യുവതി പറഞ്ഞു.

ഒട്ടേറെപ്പേർ യുവതി അഭിനന്ദിച്ച് കമന്റുകൾ ചെയ്തു. വിവാഹമല്ല ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമെന്നും സ്വന്തം കാലിൽ നിൽക്കാൻ കഴിയുക എന്നതാണെന്നും പ്രചോദനകരമാണ് യുവതിയുടെ ജീവിതമെന്നും കമന്റുകൾ ചെയ്തു. 

Content highlights: married at 20, widowed at 24, the young woman told the story of regaining life