ശാസ്ത്രത്തില്‍ തത്പരരായവര്‍ 'ആളുകളെ കുറിച്ചല്ല പകരം ആശയങ്ങളെ കുറിച്ചു വേണം ചര്‍ച്ച ചെയ്യാന്‍' എന്നു പറഞ്ഞത് മേരി ക്യൂറിയാണ്. മേരിയെ നമുക്ക് പലവിധത്തില്‍ വായിക്കാം. ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ അമ്മ എന്ന് സ്ഥാനപ്പേരായി (അച്ഛന്‍ ഐന്‍സ്റ്റൈനാണ്). ലാഭേച്ചകളൊന്നുമില്ലാതെ അറിവിന്റെ പിന്നാലെ മാത്രം നടന്ന മനുഷ്യനായി. സര്‍ ചക്രവര്‍ത്തിമാരുടെ ഭരണത്തിന്‍ കീഴില്‍ അസ്ഥിത്വം ചോദ്യം ചെയ്യപ്പെട്ടു കിടന്ന പോളണ്ടില്‍ ജനിച്ച്, പോസിറ്റിവിസ്റ്റുകളില്‍ ഒരാളായി ജീവിച്ച്, 'പൊളീനിയം' എന്ന് ലോകം ഒരിക്കലും മറക്കാത്ത ഒരു പേര് പോളണ്ടിനു വേണ്ടി സമര്‍പ്പിച്ച വ്യക്തിയായി. അങ്ങനെ പലതായി വായിക്കാം. 
 
എന്നാല്‍, അവരുടെ 150-ാം ജന്മ വാര്‍ഷികത്തില്‍ ഒരു സ്ത്രീ എന്ന നിലയില്‍, ശാസ്ത്ര ചരിത്രത്തില്‍ മുമ്പും പിമ്പും കാണാത്തവിധം പുതിയ മാനങ്ങള്‍ തീര്‍ത്ത ശാസ്ത്രജ്ഞ എന്ന നിയലില്‍ അവര്‍ കടന്നുപോയ അനുഭവങ്ങളെ അതിനെയൊക്കെ അവര്‍ മറികടന്ന രീതികളെ മാത്രമാണിവിടെ പറഞ്ഞുപോകാന്‍ ശ്രമിക്കുന്നത്. റഷ്യന്‍ ഭരണത്തിന്‍ കീഴിലായിരുന്ന പോളണ്ടില്‍ പെണ്‍കുട്ടികള്‍ക്ക് അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരമുണ്ടായിരുന്നില്ല. അതുകൊണ്ട് സ്വര്‍ണ്ണ മെഡലോടെ സ്‌കൂള്‍ പാസ്സായി മേരിക്കും സഹോദരി ബ്രോണിയക്കും പഠിക്കാന്‍ പാരീസിലേക്ക് പോകുക എന്ന ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. 
 
അതിനുപക്ഷേ ചെലവ് അവര്‍ക്ക് താങ്ങാനാവുന്നതിനുമപ്പുറത്തായിരുന്നു. കാരണങ്ങള്‍ നിരത്തി പഠിത്തം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. മേരിയും സഹോദരിയും തമ്മില്‍ ഒരു ധാരണയിലെത്തി. മെഡിസിന്‍ പഠിച്ച് ഡോക്ടറാകാന്‍ ആഗ്രഹിക്കുന്ന ബ്രോണിയ ആദ്യം പാരീസിലേക്ക് പോകുക. അവര്‍ക്കാവശ്യമായ പണത്തിനുവേണ്ടി മേരി സമ്പന്ന കുടുംബങ്ങളില്‍ പോയി താമസിച്ച് അവിടുത്തെ കുട്ടികളെ പഠിപ്പിക്കുന്ന ഗൃഹാദ്ധ്യാപികയാവുക. ഈ കഥ ഇന്നും പ്രതിസന്ധികളില്‍ കുരുങ്ങി നില്‍ക്കുന്ന പലര്‍ക്കും പാഠമാണ്.
Marie Curie
Marie Curie in one of her mobile X-ray units in October 1917. Credit: Eve Curie
 
ബ്രോണിയയുടെ പഠനകാലത്ത് ജോലിയോടൊപ്പം സാധ്യമായ വായനയും സ്വയം പഠനവും മേരി മുന്നോട്ട് കൊണ്ടുപോയി. ഇങ്ങനെ കണക്കും ഭൗതിക ശാസ്ത്രവും കുറെയധികം അവര്‍ പഠിച്ചെടുത്തു. ഇത് പാരീസിലെത്തിയപ്പോള്‍ അവരെ തീര്‍ച്ചയായും സഹായിച്ചിരിക്കാം. സോര്‍ബേണ്‍ എന്ന പാരീസ് സര്‍വ്വകലാശാലയില്‍ മേരി ജനിച്ച വര്‍ഷമാണ് (1867) ആദ്യമായി ഒരു സ്ത്രീ പഠിക്കുന്നത്. 1981 ല്‍ 9,000 പുരുഷന്മാരും 210 സ്ത്രീകളും എന്നതായിരുന്നു കണക്ക്. ശാസ്ത്രത്തിലും ഗണിതത്തിലുമായി പഠിക്കുന്ന 1,825 പേരില്‍ രണ്ടേ രണ്ട് സ്ത്രീകളെ ഉണ്ടായിരുന്നുള്ളൂ. അതിലൊരാളായാണ് മേരി പ്രവേശനം നേടുന്നത്.
 
മേരി, പിയറിയെ വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് വിവാഹ വസ്ത്രം വാഗ്ദാനം ചെയ്തയാളോട് 'ഇരുണ്ട നിറത്തിലുള്ള ഒരു വസ്ത്രം തന്നാല്‍ എനിക്കത് പിന്നീട് ലാബിലുപയോഗിക്കാം'എന്നായിരുന്നു മേരി പറഞ്ഞത്. 1897 ല്‍ മേരി ആദ്യത്തെ കുട്ടിയെ പ്രസവിച്ചു. ഏതാണ്ട് മൂന്നു കഴിയുമ്പഴേക്ക് മേരി പി.എച്ച്.ഡിക്കു വേണ്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. നമുക്കിപ്പഴും സ്ത്രീകള്‍ ജോലിക്കിറങ്ങാതിരിക്കാന്‍ നല്ലൊരു കാരണമാണ് കുട്ടികള്‍. ഹെന്റി ബെക്വറലിന്റെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനം നടത്താനായിരുന്നു മേരിയുടെ തീരുമാനം. 
 
Marie Curie
Marie Curie with daughter Irène Joliot-Curie
ഇത് പൊളീനിയത്തിന്റെയും റേഡിയത്തിന്റെയും കണ്ടുപിടിത്തത്തിലെത്തുന്നതുവരെ പലപ്പോഴും സ്ഥലസൗകര്യം ഒരു പ്രശ്‌നമായി. പിയറി ക്യൂറി ജോലി ചെയ്യുന്ന സ്ഥാപനമായിരുന്നിട്ടും അദ്ദേഹത്തിന്റെ നേരിട്ടുള്ള ഇടപെടലുണ്ടായിരുന്നിട്ടും പഴയ ഉപകരണങ്ങള്‍ വെക്കുന്ന മുറിയും ചോര്‍ന്നൊലിക്കുന്ന ഷെഡ്ഡുകളുമൊക്കെയാണ് മേരിക്ക് അനുവദിച്ച് കിട്ടിയത്. പാതിവഴിയില മേരിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി പിയറി തന്റെ പരീക്ഷണങ്ങള്‍ വിട്ട് മേരിക്കൊപ്പം ചേര്‍ന്നു. 
 
എന്നാല്‍, 1903 ലെ ഭൗതിക ശാസ്ത്ര നൊബേല്‍ സമ്മാനത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടത് രണ്ടു പേരാണ്-പിയറിയും, ഹെന്റി ബെക്വറലും. പിയറിക്ക് 'ഇത് മേരിയുടെ പരീക്ഷണമാണ്, അവര്‍ക്ക് അവാര്‍ഡില്ലെങ്കില്‍ തനിക്കും വേണ്ടന്ന് 'വാശി പിടിക്കേണ്ടി വന്നു മേരിയെക്കൂടി നൊബേലിന് പരിഗണിക്കാന്‍. (പിയറിയെപ്പോലെ ധാരാളം ഭര്‍ത്താക്കന്മാര്‍ പിന്നീടുണ്ടായില്ല, ഭൗതിക ശാസ്ത്രത്തില്‍ മേരിയടക്കം രണ്ട് സ്ത്രീകള്‍ക്ക് മാത്രമാണ് നൊബേല്‍ കിട്ടിയത്). 
 
നൊബേലിനു മുമ്പെ ഫ്രഞ്ച് അക്കാദമി മേരിക്ക് പ്രി ഗാഡര്‍ സമ്മാനം പ്രഖ്യാപിച്ചു. ഈ വിവരം അറിയിച്ചുകൊണ്ടവര്‍ പിയറിക്കാണ് കത്തയച്ചത്. 'ഞങ്ങളുടെ അഭിനന്ദനങ്ങള്‍ താങ്കളുടെ ഭാര്യയെ അറിയിക്കുക'. ആദ്യമായിട്ടായിരുന്നു ഫ്രഞ്ച് അക്കാദമി ഒരു സ്ത്രീയെ ആദരിക്കുന്നത്!. 1906 ല്‍ പിയറിയുടെ മരണാനന്തരം സോര്‍ബേണ്‍ മേരിക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ചു. എന്നാല്‍, തനിക്ക് അധ്വാനിച്ച് തന്റെ കുടുംബം പോറ്റാനാകും എന്നായിരുന്നു അവരുടെ മറുപടി. ഒടുവില്‍ 1906 മെയ് 13 ന് സോര്‍ബേണിലെ ഫിസിക്‌സ് സ്‌കൂളിലെ ആദ്യത്തെ പ്രൊഫസറായി അവരെ നിയമിച്ചു. 
 
പിന്നെയും രണ്ട് വര്‍ഷം കഴിഞ്ഞ് 1908 ലാണ് അവര്‍ക്ക് ഫുള്‍ പ്രൊഫസര്‍ പദവി നല്‍കുന്നത്. പിയറിയുടെ മരണശേഷം മേരി ഒറ്റയ്ക്ക് പരീക്ഷണങ്ങള്‍ മുന്നോട്ടു കൊണ്ടുപോയി. പുരുഷമേധാവിത്വം നിറഞ്ഞു നിന്ന ശാസ്ത്ര ലോകത്തിന്റെ ഏറെ ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരം നല്‍കി. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് റേഡിയത്തിന്റെ അറ്റോമിക് ഭാരം കുറേകൂടി കൃത്യമായി 226 എന്ന് കണക്കാക്കിയത്. 
 
പുറം രാജ്യങ്ങള്‍, സ്വീഡന്‍, നെതര്‍ലെന്റ്‌സ് പോലെ പലരും തങ്ങളുടെ അക്കാദമികളില്‍ മേരിയെ മെമ്പറാക്കയിട്ടും ഫ്രഞ്ച് അക്കാദമി അവരെ പരിഗണിച്ചില്ല. ഒടുവില്‍ 1910 ല്‍ ഒഴിവു വന്ന സീറ്റിലേക്ക് മത്സരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു സ്ത്രീ ആയതിന്റെ പേരില്‍ മാത്രം അവരുടെ സ്ഥാനാര്‍ത്ഥിത്വത്തെ പലരും പരസ്യമായി എതിര്‍ത്തു. എന്നിട്ടും 28 പേര്‍ അവര്‍ക്ക് വോട്ട് ചെയ്തു, അവര്‍ തോല്‍ക്കുകയും ചെയ്തു. 
 
1911 നബംവര്‍ 7 ന് സ്വീഡിഷ് അക്കാദമിയുടെ രസതന്ത്രത്തിനുള്ള നൊബേലിനു വേണ്ടി നടന്ന വോട്ടിങ്ങിനു മുന്നോടിയായി ഏറെ ചര്‍ച്ചകള്‍ നടന്നു. ഒരാള്‍ക്ക് 2 നൊബേലുകള്‍ കൊടുക്കാമോ? അതും വ്യത്യസ്ത വിഷയങ്ങളില്‍ എന്നിങ്ങനെ പല ചോദ്യങ്ങള്‍ക്ക് 'പ്രവൃത്തിയാണ് പ്രധാനം' എന്നു ഉത്തരം പറയാന്‍ അക്കാദമിയില്‍ ആളുണ്ടായിരുന്നു. 1911 ല്‍ മേരി രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടി. രണ്ട് വ്യത്യസ്ത വിഷയങ്ങളില്‍ നൊബേല്‍ നേടിയ മറ്റാരും ഇതുവരെ ഉണ്ടായിട്ടില്ല.
 
1909 ല്‍ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂറ്റില്‍ നിന്ന് ഡോ. റോക്‌സ് മേരിയെ കാണാനെത്തുന്നതോടെ ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങള്‍ കടന്ന് ആരോഗ്യ രംഗത്തേക്ക് അവരുടെ പ്രവര്‍ത്തന മേഖല വ്യാപിച്ചു. ആധുനിക ശാസ്ത്ര ലോകത്ത് അടിസ്ഥാന ശാസ്ത്രമേഖലകളിലിങ്ങനെ പടര്‍ന്നു കിടക്കുന്ന മറ്റൊരാളെ നമുക്ക് കാണാനാകുമോ? റേഡിയം ഇന്‍സ്റ്റിസ്റ്റൂറ്റിന്റെ നിര്‍മ്മാണത്തിലും രണ്ടാം ലോക മഹായുദ്ധ കാലത്തെ മൊബൈല്‍ എക്‌സറേ യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിലും മേരി എന്ന ശാസ്ത്രജ്ഞയുടെ മികവും നേതൃപാടവവും നമുക്ക് കാണാം. 
 
200 ഓളം മൊബൈല്‍ എക്‌സറേ യൂണിറ്റ് മേരി സംഘടിപ്പിച്ചു. അതിനുവേണ്ട വാഹനങ്ങള്‍ ഡ്രൈവര്‍മാര്‍, യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വിദഗ്ദ്ധര്‍ ഇതൊക്കെ 'യുദ്ധകാലാടിസ്ഥാനത്തില്‍'ഉണ്ടാക്കിയെടുക്കാന്‍ മേരി എന്നെ ഒരൊറ്റ വ്യക്തിക്കായി. ആദ്യത്തെ മൊബൈല്‍ യൂണിറ്റിന്റെ ഡ്രൈവര്‍ മേരി തന്നെയായിരുന്നു എന്നതില്‍ അത്ഭുതമൊന്നുമില്ലല്ലോ!
 
1934 ല്‍ മരണപ്പെട്ട മേരിയെ 1995 ല്‍ പാരീസിലെ പ്രമുഖര്‍ ഉറങ്ങുന്ന പാന്‍ന്തേണിലേക്ക് മാറ്റി. ഇവിടെ ഖബറടക്കം ചെയ്യപ്പെടുന്ന ആദ്യത്തെ സ്ത്രീയാണ് മേരി. മേരിയുടെ ഓര്‍മയില്‍ ക്യൂറിയം എന്നൊരു മൂലകവുമുണ്ട്. എന്നാല്‍ നമ്മുടെ പാഠപുസ്തകങ്ങള്‍ക്ക് മേരി എത്ര പരിചിതയാണ്?. ഇന്ന് നവംബര്‍ 7, 2017-ല്‍ മാഡം ക്യൂറിയുടെ പേരില്‍ അഞ്ചാമത് 'ഇന്റര്‍നാഷണല്‍ ഡേ ഓഫ് മെഡിക്കല്‍ ഫിസിക്‌സ്' ആചരിക്കുമ്പോള്‍ അവരുടെ പേരില്‍ എത്ര ശാസ്ത്ര ക്ലബ്ബുകള്‍ ഉണ്ട്?.

Writer Is : Muhsina kaithakode, M .Sc  Physics, B. Ed from Jamia Millia Islamia, new Delhi